വജ്രത്തിനുള്ളില്‍ ചലിക്കാൻ കഴിയുന്ന മറ്റൊരു വജ്രം; കണ്ടെത്തൽ അപൂർവങ്ങളിൽ അപൂർവം!

 A Diamond With a Whole Other Diamond Inside
SHARE

മനുഷ്യര്‍ വജ്രം ഖനനം ചെയ്തെടുക്കാന്‍ തുടങ്ങിയതിനു ശേഷം ചരിത്രത്തിലാദ്യമായാണ് ഒരു ഇരട്ട വജ്രം ഏതെങ്കിലും ഖനിയില്‍ നിന്ന് ലഭിക്കുന്നത്. ഒരു വജ്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നിലയിലാണ് രണ്ടാമത്തെ വജ്രത്തെ കണ്ടെത്തിയത്. മറ്റൊരു വജ്രത്തിനുള്ളിലാണെങ്കിലും സ്വതന്ത്രമായി ചലിക്കാവുന്ന അവസ്ഥയിലാണ് ഈ വജ്രം കാണപ്പെട്ടത്.റഷ്യയിലെ സൈബീരിയന്‍ മേഖലയിലുള്ള ഖനിയില്‍ നിന്നാണ് ഈ വജ്രം കണ്ടെടുത്തത്. ഏതാണ്ട് 800 ദശലക്ഷം പഴക്കം ഈ വജ്രത്തിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

മാട്രിയോഷ്ക എന്നാണ് ഈ ഇരട്ട വജ്രത്തിന് നല്‍കിയിരിക്കുന്ന പേര്. റഷ്യയുടെ ഔദ്യോഗിക ഖനന കമ്പനിയായ അല്‍റോസയുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ നിന്നാണ് ഈ വജ്രം ലഭിച്ചത്. സമാനമായ പേരുള്ള റഷ്യയുടെ പരമ്പരാഗത പാവകളില്‍ നിന്നാണ് ഈ രത്നത്തിനായുള്ള പേര് കണ്ടെത്തിയത്. 0.62 കാരറ്റ് ആണ് പുറമെയുള്ള വജ്രത്തിന്‍റെ ഭാരം. ഉള്ളില്‍ അകപ്പെട്ട ചെറിയ വജ്രത്തിന് 0.02 കാരറ്റ് ഭാരം വരുമെന്നാണു കണക്കാക്കുന്നത്. 4.8 മില്ലി മീറ്ററാണ് ഈ വജ്രത്തിന്‍റെ ഉയരം.4.9മില്ലി മീറ്റര്‍ വീസ്തൃതിയുള്ള വജ്രത്തിന്‍റെ മുകള്‍ഭാഗത്തെ വിസ്തൃതി 2.6 മില്ലി മീറ്ററാണ്.

വജ്രത്തിന്‍റെ ശുദ്ധീകരണ സമയത്താണ് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റൊരു വജ്രത്തെ തിരിച്ചറിയുന്നത്. ഉള്ളില്‍ എന്തോ അനങ്ങുന്നതായി കണ്ടെതിനെ തുടര്‍ന്ന് എക്സറേ മൈക്രോ ടോമോഗ്രഫി പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഉള്ളില്‍ വജ്രമുണ്ടെന്നു മനസ്സിലാക്കിയത്. അതേസമയം ഉള്ളില്‍ മറ്റൊരു വജ്രം കണ്ടെത്തിയത് അമ്പരിപ്പിച്ചെങ്കിലും അതിലും അദ്ഭുതം തോന്നിയത് രണ്ട് വജ്രങ്ങള്‍ക്കിടയിലും കുടുങ്ങി കിടക്കുന്ന വായു അറകളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണെന്ന് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ അല്‍റോസ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഒലെഗ് കോവാൽഷുക് പറയുന്നു. 

ഉള്ളിലെ വജ്രം രൂപപ്പെട്ടത്

വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ലെങ്കിലും വലിയ വജ്രത്തിനുള്ളിലെ ചെറിയ വജ്രത്തിന്‍റെ രൂപപ്പെടലിനെ സംബന്ധിച്ച് ഗവേഷകരുടെ കണക്കു കൂട്ടല്‍ ഇങ്ങനെയാണ്. പുറമെ കാണുന്ന വജ്രം സാധാരണയിലും വേഗത്തിലാകും രൂപപ്പെട്ടിട്ടുണ്ടാകുക. ഇത് ഈ വജ്രത്തിന്‍റെ മാന്‍റില്‍ എന്ന് വിളിക്കാവുന്ന മധ്യഭാഗത്തായി പോളിക്രിസ്റ്റലൈന്‍ പാളി രൂപപ്പെടാന്‍ കാരണമായി. ക്രമേണ ഈ പാളിക്ക് അടിയിലുള്ള ഭാഗം സ്വതന്ത്രമാകുകയും അത് മറ്റൊരു വജ്രമായി രൂപപ്പെടുകയും ചെയ്തു. പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

അത്യപൂര്‍വ വജ്രമായതു കൊണ്ട് തന്നെ ഇതിന്‍റെ വില ഇതുവരെ കമ്പനി തീരുമാനിച്ചിട്ടില്ല. നിലവില്‍ ഈ വജ്രത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി അമേരിക്കയിലെ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA