വിതുരയിൽ പിടികൂടിയത് പതിനഞ്ച് അടി നീളമുള്ള ആൺ പെരുമ്പാമ്പിനെ!

Python caught in Vithura
വിതുര തള്ളച്ചിറയിൽ നിന്നു പിടികൂടിയ പെരുമ്പാമ്പ്.
SHARE

വിതുരയിൽ തൊഴിലുറപ്പ് ജോലി നടക്കുന്നതിനടുത്തെത്തിയ രണ്ട് പെരുമ്പാമ്പുകളിലൊന്നിനെ പിടികൂടി. വനം വകുപ്പ് ജീവനക്കാരനും പാമ്പു പിടുത്തക്കാരനുമായ സനൽ രാജാണ് ഇതിനെ പിടികൂടിയത്. തള്ളച്ചിറ തോടിനു സമീപം കാട് വെട്ടിത്തളിക്കുന്ന ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ്  പെരുമ്പാമ്പുകളെ കണ്ടത്.

ഇതിനിടെ ഒരെണ്ണം തോട്ടിലേക്കിറങ്ങിയതായി നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് സനൽ രാജെത്തി പാമ്പുകളിലൊന്നിനെ പിടികൂടി. പതിനഞ്ച് അടി നീളമുള്ള ആൺ പെരുമ്പാമ്പിനെയാണ് പിടികൂടിയതെന്ന് സനൽ രാജ് പറഞ്ഞു. പാമ്പിനെ പിന്നീട് ഉൾവനത്തിൽ വിട്ടു.

കഴുത്തിൽ ചുറ്റിയ പെരുമ്പാമ്പ്

Python Attack
ഭുവന ചന്ദ്രൻനായരുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയപ്പോൾ.

കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലിക്കിടെ കണ്ട പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ തൊഴിലാളിയുടെ കഴുത്തിൽ പാമ്പ് ചുറ്റിയിരുന്നു. . നെയ്യാർഡാം കിക്മ കോളജ് അങ്കണത്തിൽ കാടുവെട്ടിത്തെളിക്കുകയായിരുന്ന പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവന ചന്ദ്രൻനായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. നിസാരപരുക്കുകളോടെ ഇദ്ദേഹം അപകടത്തിൽനിന്നു രക്ഷപ്പെട്ടു. 

തൊഴിലുറപ്പിന്റെ ഭാഗമായി കിക്മ കോളജിലെത്തിയതായിരുന്നു ഭുവന ചന്ദ്രൻനായരുൾപ്പെടുന്ന 55 അംഗ തൊഴിലാളി സംഘം. രാവിലെ മുതൽ കാട് വെട്ടിത്തെളിക്കുന്ന ജോലി തുടങ്ങി. ഉച്ചയോടെയാണ് കാട് മൂടികിടന്ന സ്ഥലത്ത് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത്. വനപാലകരെത്തും മുൻപേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവർ പിടികൂടി ചാക്കിലാക്കാൻ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രൻനായരുടെ കയ്യിൽ നിന്നു പാമ്പിലുള്ള പിടിവിട്ടു.

ഇതോടെ പാമ്പ് വാൽ കഴുത്തിൽ ചുറ്റി. ആദ്യം പകച്ചെങ്കിലും ധൈര്യം കൈവിട്ടില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുടെ സഹായത്തോടെ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴുത്തിനു നിസാര പരുക്കുണ്ട്. പെരുമ്പാമ്പിനെ ഭുവനചന്ദ്രൻനായരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.

പാമ്പുകൾ പെരുകാൻ കാരണം?

∙ കാടുപിടിച്ചു കിടക്കുന്ന പറമ്പുകൾ, ചതുപ്പുകൾ എന്നിവ പാമ്പുകൾക്കു സുരക്ഷിതമായി കഴിയാനുള്ള ഇടങ്ങളാണ്. ഭക്ഷണ മാലിന്യം പുറന്തള്ളുന്നതു മൂലം എലികളും പെരുച്ചാഴികളും പെരുകി. ഇതോടെ, ഇവയെ തിന്നുന്ന പാമ്പുകളും വർധിച്ചു

∙ ജനവാസ കേന്ദ്രങ്ങളിൽ പ്രത്യക്ഷത്തിൽ ശത്രുക്കളില്ലാത്തതിനാൽ പെരുമ്പാമ്പിന്റെ മിക്ക മുട്ടകളും വിരിയുകയും കുഞ്ഞുങ്ങൾ വലുതാവുകയും ചെയ്യുന്നതു വംശവർധനയ്ക്കിടയാക്കുന്നു.

വനംവകുപ്പ് ജനങ്ങൾക്കു നൽകുന്ന സുരക്ഷാ നിർദേശങ്ങൾ

∙ ചതുപ്പിലേക്കോ കനാലിലേക്കോ തുറക്കുന്ന പൈപ്പുകളിലൂടെ പാമ്പുകൾ ഫ്ലാറ്റിന്റെയോ വീടിന്റെയോ പറമ്പിലേക്ക് എത്താം. ഇവയ്ക്കു വലയിടാൻ ശ്രദ്ധിക്കുക.

∙ പഴകിയ മര ഉരുപ്പടികൾ, ടൈൽസ് തുടങ്ങിയവ കൂട്ടിയിട്ട ഇടങ്ങൾ പാമ്പുകൾ താവളമാക്കും.

∙ വരാന്തയിലിട്ട ഷൂസുകൾ തട്ടിക്കുടഞ്ഞു നോക്കിയ ശേഷം മാത്രം ധരിക്കുക.

∙ പാമ്പിനെ കണ്ടാൽ ഭയക്കാതിരിക്കുക. രാജവെമ്പാല, എതിരാളിയുടെ ഭയം പെട്ടെന്നു തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യും.

∙ ബഹളം വച്ച്, പാമ്പിനെ പ്രകോപിപ്പിക്കരുത്. സഹായമെത്തുന്നതു വരെ നിരീക്ഷിക്കുക.

∙ ചേര, നീർക്കോലി തുടങ്ങി വിഷമില്ലാത്ത പാമ്പുകളെ കൊല്ലാതിരിക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA