കാട്ടുപനങ്കാക്കയും, കാട്ടുവേലിത്തത്തയും മലമുഴക്കി വേഴാമ്പലും; എണ്ണിയാൽ തീരാത്ത പക്ഷി വൈവിധ്യവുമായി വനമേഖല

bird species spotted in Konni
ലളിത, തീക്കുരുവി, ഇന്ത്യൻ മഞ്ഞക്കിളി
SHARE

റാന്നി, കോന്നി ഫോറസ്റ്റ് ഡിവിഷനുകളിലെ വനമേഖലകൾ വനപക്ഷി സാന്നിധ്യത്തിൽ ശ്രദ്ധേയമാകുന്നു. ജൈവ വൈവിധ്യ സമ്പത്തുകളാൽ അനുഗ്രഹീതമായ വനമേഖലയിൽ വനപക്ഷികൾക്കു അനുകൂലമായ കാലാവസ്ഥയെന്ന് വനം വകുപ്പ്. അപൂർവമായി കാണുന്ന വനപക്ഷികൾ അടക്കമുള്ളവയ്ക്ക് ഈ വനമേഖലയിൽ വാസഗൃഹങ്ങൾ ഉള്ളതായി പക്ഷിനിരീക്ഷകർ. 505.976 സ്ക്വയർ കിലോമീറ്റർ വിസ്തൃതി വരുന്ന ഗൂഡ്രിക്കൽ റേഞ്ചിലെ വേലുത്തോട്, മൂഴിയാർ,കക്കി,കൊച്ചുപമ്പ, കൊച്ചുകോയിക്കൽ, പ്ലാപ്പള്ളി, ചാലക്കയം, മീനാർ തുടങ്ങിയ വനമേഖലയിലും,‌‌139.5 സ്ക്വയർ കിലോമീറ്റർ വിസ്തൃതി വരുന്ന നടുവത്തുമൂഴി റേഞ്ചിലെ നരകൻ അരുവി, പറയൻതോട്,രണ്ടാറ്റുംമുക്ക് മേഖലകളിലുമാണ് വനപക്ഷി സാന്നിധ്യം ഏറെയുള്ളത്. 

സംസ്ഥാനത്തെ മറ്റ് കാടുകളിൽ കാണുന്ന ഒട്ടുമിക്ക വനപക്ഷികളേയും ഇവിടെ കാണാമെന്ന്  ജില്ലയിലെ  പക്ഷിനിരീക്ഷണ കൂട്ടായ്മയായ ‘പത്തനംതിട്ട ബേഡേഴ്സ്’ കോ ഓർഡിനേറ്റർ ഹരി മാവേലിക്കര പറയുന്നു. അപൂർവമായി മാത്രം കാണാപ്പെടുന്ന  മാക്കാച്ചിക്കാടനെ കൊച്ചുകോയിക്കൽ വനത്തിൽ കണ്ടെത്തിയിരുന്നു.‌

‌പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരപ്രാവ്, നീലതത്ത, ചെറുതേൻകിളി, ചൂളക്കാക്ക, കാട്ടൂഞ്ഞാലി, തീക്കാക്ക, ചെഞ്ചിലപ്പൻ എന്നിവയുടെ സാന്നിധ്യം ഇവിടെയുണ്ട്. സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പലിനെ ധാരാളമായി കാണുന്നുണ്ട്. കോഴിവേഴാമ്പലുകളും ധാരാളം. നിബിഡ വനങ്ങളെ ശബ്ദമുഖരിതമാക്കുന്ന കാടുമുഴക്കി, മഞ്ഞചിന്നൻ, പുള്ളിച്ചിലപ്പൻ, കാനച്ചിലപ്പൻ എന്നിവയ്ക്കൊപ്പം ശരീരത്തിൽ തീ പടർത്തിയതുപോലെ ചുവന്ന വർണ്ണമണിഞ്ഞ ആൺപക്ഷികളുമായി കാണുന്ന തീക്കുരുവികൾ, മരത്തിൽ കുത്തനെ കയറാനും, ഇറങ്ങാനും കഴിയുന്ന ഗൗളിക്കിളികൾ  തുടങ്ങിയവയെ ധാരാളമായി കാണുന്നുണ്ട്.‌

‌നിത്യഹരിത വനമേഖലയിൽ അപൂർവ ദർശനം നൽകുന്ന കാട്ടുപനങ്കാക്കയും, കാട്ടുവേലിത്തത്തയും ഇവിടെയുണ്ട്. ചെറുതേൻകിളിക്കൊപ്പം കൊക്കൻ തേൻകിളിയും കറുപ്പൻ തേൻകിളിയും  തേൻകിളിമാടനും തലങ്ങും വിലങ്ങും തേൻകുടിച്ച് നടക്കുന്നത് കാണാൻ കഴിയും. ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവിയും, കരിങ്കൊക്കൻ ഇത്തിക്കണ്ണക്കുരുവിയും ഇവിടെയുണ്ട്. വളരെ അപൂർവമായി നീലച്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവികളുടെ സാന്നിധ്യവും ഉണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ദേശാടനകിളികളും വന്ന് തുടങ്ങും. തവിട്ടു പാറ്റാപിടിയിൻ, മുത്തുപ്പിള്ള, ചൂളൻ ഇലക്കുരുവി, ഇളംപച്ച പൊടിക്കുരുവി, കാവി തുടങ്ങിയ ദേശാടന പക്ഷികളാണ് എത്തുന്നത്. കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിൽ വടക്കൻ ചിലുചിലപ്പൻ, പതുങ്ങൻ ചിലപ്പൻ, നീലക്കിളി, പാറ്റപിടിയൻ എന്നിവയേയും കാണുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA