‘കോനൻ’ ദി ഹീറോ ഡോഗ്; ബാഗ്ദാദിയെ വിടാതെ പിന്തുടർന്ന ആ ചുണക്കുട്ടി ഇവളാണ്

Conan, the Hero Dog
SHARE

‘ബെൽജിയൻ മലിനോയിസ്’ പേരിലെ തലയെടുപ്പ് ഇവരുടെ പ്രവർത്തിയിലുമുണ്ട്. ബാഗ്ദാദിയുടെ ശരീരത്തില്‍ സ്ഫോടകവസ്തുക്കളുണ്ടെന്നു മനസിലാക്കിയ കമാന്‍ഡോകള്‍ പിന്നോട്ടു മാറിയപ്പോള്‍ കൊടും ഭീകരനു പിന്നാലെ കുരച്ചുകൊണ്ടു പാഞ്ഞത് കെ9 കമാൻഡോയായ കോനൻ എന്ന പെൺ നായയാണ്. അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണ് ബെൽജിയം സ്വദേശികളായ മലിനോയിസുകൾ. മൂന്നു കുട്ടികളുമായി ബാഗ്ദാദി രക്ഷയ്ക്കായി ടണലിലേക്ക് ഓടിയപ്പോൾ പിന്തുടർന്നത് ഈ നായയായിരുന്നു. ‌

സിറിയ–തുർക്കി അതിർത്തി ഇദ്‌ലിബില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. സിറിയക്കു വിട്ടുകൊടുക്കാതെ ഐഎസ് കയ്യടക്കി വച്ചിരുന്ന അപൂർവം പ്രദേശങ്ങളിലൊന്നായിരുന്നു ഇദ്‌ലിബ്. ഇവിടത്തെ കെട്ടിടങ്ങളിലൊന്നിൽ കുടുംബത്തോടെയായിരുന്നു ബഗ്ദാദിയുടെ ജീവിതം. പ്രദേശത്ത് യുഎസിന്റെ ഡെൽറ്റ ഫോഴ്സ് സംഘം ഹെലികോപ്ടറുകളിലെത്തി താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം കെട്ടിടത്തിനു നേരെ തുടര്‍ച്ചയായി വെടിയുതിർത്തു. ഹെലികോപ്ടറുകൾ അടുത്തെത്തിയതോടെ താഴെ നിന്നു വെടിവയ്പുണ്ടായിരുന്നു. എന്നാൽ നാടൻ തോക്കു കൊണ്ടായിരുന്നു വെടിവയ്പ്.

തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾക്കൊപ്പം ബഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി കമാൻഡോസ് കുതിച്ചു. ഇതിനിടയിൽ ഒരു തുരങ്കത്തിലേക്ക് മൂന്നു കുട്ടികളുമായി കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു.  അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മരണം.

‌‌പ്രതിസന്ധി ഘട്ടങ്ങളിൽ ശത്രുവിനെ വിടാതെ പിന്തുടരുന്ന ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു കൊടും ഭീകരൻ ബാഗ്‌ദാദിയുടെ പതനത്തിനു പിന്നിൽ. മുന്‍പ് ബിന്‍ലാദനെ വധിക്കാനുള്ള ദൗത്യത്തിലും താരങ്ങളായത് ഒരു പറ്റം നായ്ക്കളായിരുന്നു.‌

‌‌ട്രെയിനർമാരുടെ മാലാഖ എന്നാണ് ബെൽജിയൻ മലിനോയിസ് അറിയപ്പെടുന്നത്. കൂർത്ത ചെവിയും ശൗര്യമുള്ള മുഖവും തവിട്ട് നിറവും (കറുത്ത മുഖമുള്ളവരുമുണ്ട്) ബെൽജിയൻ മലിനോയിസുകളുടെ പ്രത്യേകതയാണ് .ഇന്ത്യൻ മിലിറ്ററിയുടെ ശ്വാനപ്പടയിലും മലിനോയിസുകളുണ്ട്. ഏകാഗ്രത, പ്രശ്നപരിഹാരത്തിനുളള കഴിവ്, മൈന്‍‍് റീഡിങ്ങ്, ജിജ്ഞാസ, അതിജീവനം, എന്നീ കഴിവുകളുമുണ്ട് ഇവയ്ക്ക്. ‌

‌‌ബാഗ്‌ദാദിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമിടെ പരുക്കേറ്റ നായയുടെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ് നായ. എന്നാല്‍ കോനന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ജനറൽ മാർക്ക് എ. മില്ലി അറിയിച്ചത്. കുട്ടികൾക്കൊപ്പം ബാഗ്‌ഗാദി പൊട്ടിത്തെറിച്ചപ്പോളാണ് നായയ്ക്കു പരിക്കേറ്റത്. ‌

‌‌കയ്‌റോ എന്ന പേരുള്ള ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായയായിരുന്നു 2011ൽ ഒസാമ ബിൻ ലാദനെ വധിച്ച ദൗത്യത്തില്‍ പങ്കാളിയായിരുന്നത്.

English Summary: Meet Conan: K9 commando who helped end IS chief Abu Bakr al-Baghdadi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA