മുതലയുമായി കനത്ത പോരാട്ടം ; 11കാരി രക്ഷിച്ചത് 9 വയസ്സുകാരിയുടെ ജീവൻ

crocodile
SHARE

നദിയിൽ നീന്തുന്നതിനിടയിൽ മുതലയുടെ പിടിയിൽ അകപ്പെട്ട കൂട്ടുകാരിയെ രക്ഷപെടുത്തിയത് 11 വയസ്സുകാരിയുടെ സമയോചിതമായ ഇടപെടൽ. മുതലയുമായി ഏറ്റുമുട്ടിയാണ് കുട്ടി കൂട്ടുകാരിയെ രക്ഷിച്ചത്. സിംബാ‌ബ്‌വേയിലെ സിൻഡ്രല ഗ്രാമത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. 9 വയസ്സുകാരിയായ ലതോയ മുവാനിയാണ് കൂട്ടുകാരോടൊപ്പം നദിയിൽ നീന്തുന്നതിനിടയിൽ അപകടത്തിൽ പെട്ടത്.

നീന്തുന്നതിനിടയിൽ ലതോയയുടെ കൈകാലുകളിൽ കടിച്ചുവലിച്ച് മുതല വെള്ളത്തിലേക്ക് താഴ്ത്താൻ ശ്രമിച്ചു. ഉച്ചത്തിൽ കരഞ്ഞ ലതോയയെ മുതല പിടിച്ചതു കണ്ട റെബേക്കാ മുൻകോമ്പ്വേ എന്ന പെൺകുട്ടിയാണ് പെട്ടെന്ന് മുതലയെ നേരിട്ടത്. ആലോചിച്ചു നിൽക്കാതെ മുതലയുടെ പുറത്തേക്ക് ചാടി വീണ റെബേക്ക അതിന്റെ കണ്ണുകളിൽ കൈവിരലുകൾ കുത്തിയിറക്കി. മുതല ലതോയയുടെ ശരീരത്തിലുള്ള പിടി വിടുന്നതുവരെ ആക്രമണം തുടർന്നു.

ആക്രമണം സഹിക്കാനാവാതെ മുതല ലതോയയുടെ ശരീരത്തിലെ പിടി അയച്ചതും റെബേക്കാ കൂട്ടുകാരിയുമായി തീരത്തേക്ക് തിരിച്ചു നീന്തി. പിന്നീട് മുതല ഇവരെ ആക്രമിക്കാൻ ശ്രമിച്ചില്ല. അത് തിരികെ വെള്ളത്തിലേക്ക് തന്നെ ഊളിയിട്ടു. കൈകലുകളിൽ പരിക്കേറ്റ ലതോയയെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

English Summary: Brave 11-YO Girl Gouges Crocodile's Eyes To Save Her Friend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA