ഒരു ദിവസം പറക്കുന്നത് അഞ്ഞൂറിലധികം കിലോമീറ്റർ; കോൾപ്പാടങ്ങളിൽ പറന്നിറങ്ങിയ രാജഹംസങ്ങൾ!

Greater flamingo
SHARE

മലയാളികൾക്കു സ്നേഹദൂതുമായി രാജഹംസങ്ങളെത്തി. പാവറട്ടി ഏനാമാവിലെയും പരിസരങ്ങളിലെയും കോൾപ്പാടങ്ങൾ സഞ്ചാരികൾക്കു പ്രിയങ്കരമായി. ഗ്രേറ്റർ ഫ്ളെമിംഗോ എന്ന പേരിൽ അറിയപ്പെടുന്ന വലിയ രാജഹംസങ്ങളെ വെങ്കിടങ്ങ് - കണ്ണോത്ത് റോഡിൽ പൊണ്ണമുത ഇരട്ടപാലത്തിനു സമീപമുള്ള കോളിലാണു കഴിഞ്ഞ ദിവസം കണ്ടത്. അപൂർവമായേ ഇവ കേരളത്തിൽ എത്താറുള്ളൂ എന്ന് പക്ഷിനിരീക്ഷണ രംഗത്ത് സജീവമായ ഗ്രീൻ ഹബിറ്റാറ്റിന്റെ പ്രവർത്തകരായ എൻ. ജെ .ജയിംസും റിജോ പി. ചിറ്റാട്ടുകരയും പറഞ്ഞു. 

ആഫ്രിക്ക, യൂറോപ്പ്, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ വരവ്. പുനാര, അരയക്കൊക്ക് എന്നീ നാടൻ പേരുകളിലും ഇവ അറിയപ്പെടുന്നു. ഗുജറാത്തിലെ പടിഞ്ഞാറൻ തീരത്തുള്ള റാൻ ഓഫ് കച്ചിലെ ചതുപ്പുകളിൽ ഇവ മുട്ടയിടാനെത്താറുണ്ട്. 100 പക്ഷികളെങ്കിലുമുള്ള സംഘമായിട്ടാണു ഇവയുടെ യാത്ര. ഒരു ദിവസം അഞ്ഞൂറിലധികം കിലോമീറ്റർ പറക്കും. വെള്ളതൂവലിൽ പിങ്ക് ബോർഡർ ചാർത്തിയ ചിറകുകളും  പിങ്കും കറുപ്പും നിറത്തിലുള്ള കൊക്കുകളും നല്ല ഉയരവുമുള്ള ഈ ദേശാടന പക്ഷികൾ ഏറെ സൗന്ദര്യവതികളാണ്.

നീണ്ട കഴുത്തും ഒരു മീറ്ററോളം നീളമുള്ള കാലുകളും സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും പരതി ചെറുമീനുകൾ, കക്കകൾ, പ്രാണികൾ എന്നിവയെയാണ് ഇവ അകത്താക്കുന്നത്. വെള്ളക്കെട്ടിലെ ഫ്ലവകങ്ങളും സൂക്ഷമജീവികളും ഇവയുടെ ആഹാരമാണ്. കൊക്കിനുള്ളിലെ അരിപ്പ പോലുള്ള ഭാഗം ഉപയോഗിച്ച് ഇരയെ വെളളത്തിൽ നിന്ന് അരിച്ചു പിടിക്കുകയാണു ചെയ്യുന്നത്.

English Summary: Kerala welcomes greater flamingo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA