ADVERTISEMENT

വയസ്സ് അറുപതുകളിലും എഴുപതുകളിലുമൊക്കെയെത്തിയെങ്കിലും ഇന്നും യാത്രയോടും സാഹസികതയോടുമുള്ള ആവേശം കെട്ടടങ്ങാത്ത ഒരു സംഘം സ്ത്രീകള്‍. ഇവരാണ് ഗവേഷകര്‍ക്ക് അപൂര്‍വമായി മാത്രം കണ്ടെത്താന്‍ സാധിച്ചിരുന്ന കടല്‍ പാമ്പുകളെ ധാരാളമായി കാണുന്ന പ്രദേശം കണ്ടെത്തിയത്. വെറുതെ കണ്ടെത്തിയെന്നു മാത്രമല്ല ഈ പാമ്പുകളെ കുറിച്ചുള്ള വിവരവും അവയുടെ വിശദമായ ചിത്രങ്ങളും ഗവേഷകര്‍ക്ക് കൈമാറുകയും ചെയ്തു. ഗവേഷകരായ ക്ലെയര്‍ ഗോയിറന്‍, റിക് ഷൈന്‍ എന്നിവരാണ് ഈ അമച്വര്‍ ഡൈവര്‍മാരായ മുത്തശ്ശിമാരുടെ സേവനം പ്രയോജനപ്പെടുത്തിയത്.

ഏഴംഗ സംഘത്തിന്‍റെ ദൗത്യം

ഗവേഷകര്‍ക്ക് അവരുടെ പഠനത്തിന്‍റെ ഭാഗമായി എല്ലായ്പോഴും എല്ലായിടത്തും എത്താന്‍ സാധിച്ചെന്നു വരില്ല. ഇതിന് സാമ്പത്തികവും, പ്രായോഗികവുമായ പല ബുദ്ധിമുട്ടികളുമുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഗവേഷകര്‍ പലപ്പോഴും അവരുടെ ഗവേഷണ വിഷയത്തില്‍ താല്‍പര്യമുള്ള  സാധാരണ ആളുകളുടെ സഹായം തേടാറുണ്ട്. മിക്കപ്പോഴും അമച്വര്‍ ഫൊട്ടോഗ്രാഫര്‍മാരോ, ഡൈവ് ചെയ്യുന്നവരോ ഒക്കെയാകും സഹായത്തിനെത്തുക.

ഇങ്ങനെയാണ് ക്ലെയറും റിക്കും, തങ്ങളുടെ ഗവേഷണത്തിന്‍റെ സഹായത്തിനായി ഈ ഏഴ് മുത്തശ്ശിമാരടങ്ങിയ സംഘത്തെ കണ്ടെത്തിയത്. പക്ഷേ കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെയൊന്നുമല്ല സംഭവിച്ചത്. കാരണം ഗവേഷണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ജീവിയെ വിട്ട് ഇപ്പോള്‍ മറ്റൊരു ജീവിയുടെ പുറകെയാണ് ഈ രണ്ട് ഗവേഷകരും. ഇതിന് കാരണമായതകട്ടെ ഈ മുത്തശ്ശിമാര്‍ കൊണ്ടും വന്ന ചിത്രങ്ങളും.

അവിചാരിതമായി വിഷപാമ്പിലേക്ക്

വിഷമില്ലാത്ത കടല്‍പാമ്പുകളായ ആമത്തലയന്‍ പാമ്പുകളെ കുറിച്ചാണ് ഇരുഗവേഷകരും പഠനം നടത്തി വന്നിരുന്നത്. ഇവ ധാരാളമായി കാണപ്പെടുന്ന പ്രദേശങ്ങള്‍ ഈ ഗവേഷകര്‍ നേരത്തേ കണ്ടെത്തിയിരുന്നു, തുടര്‍ന്നാണ് ഈ പ്രദേശത്തേക്ക് ഡൈവിങ്ങിനായെത്തുന്നവരുടെ സഹായം തേടിയത്. ഇങ്ങനെയാണ് ഏഴംഗ മുത്തശ്ശിമാരിലേക്ക് ഗവേഷക സംഘത്തിന്‍റെ അന്വേഷണമെത്തുന്നതും.

കടലിലെ ഡൈവിങ്ങിനിടെ ഇത്തരം ആമത്തലയന്‍ പാമ്പുകളുടെ ചിത്രങ്ങള്‍ സംഘത്തിലെ ഏഴ് പേരും പകര്‍ത്തി. ഏതാനും സെന്‍റീമീറ്റര്‍ മാത്രം നീളം വരുന്ന ഈ പാമ്പുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഇവര്‍ക്ക് ആയാസകരമായ ജോലിയായിരുന്നില്ല. പക്ഷേ ഈ പാമ്പുകള്‍ക്കൊപ്പം തന്നെ മറ്റൊരു പാമ്പിന്റെ ചിത്രം കൂടി ഇവര്‍ പകര്‍ത്തി. ഏതാണ്ട് 5 അടിയോളം നീളം വരുന്ന ഗ്രേറ്റര്‍ വെനമസ് സ്നേക്ക് എന്ന കടല്‍ പാമ്പിന്‍റേതായിരുന്നു  ഈ ചിത്രങ്ങള്‍.

ബൈ ഡെസ് ഷിറോണ്‍സ്

പസിഫിക്കിലുള്ള ഫ്രഞ്ച് അധീനതയിലുള്ള ദ്വീപാണ് ന്യൂ കാലിഡോണിയ. ഈ മേഖലയിലെ കടലിടുക്കാണ് ബൈ ഡെസ് ഷിറോണ്‍സ്. ഈ കടലിടുക്കിലാണ് ഏഴംഗ സംഘം ഡൈവിങ്ങിനിറങ്ങിയത്. ഇതിനിടെയാണ് ഒരു പറ്റം വിഷ പാമ്പുകളുടെ ചിത്രം ഇവര്‍ പകര്‍ത്തിയത്. ഈ വിഷപാമ്പുകളുടെ ചിത്രങ്ങളും ചെറു പാമ്പുകളുടെ ചിത്രങ്ങള്‍ക്കൊപ്പം ഗവേഷകര്‍ക്ക് കൈമാറുകയും ചെയ്തു.

ചിത്രങ്ങള്‍ പരിശോധിച്ച ഗവേഷകരായ ക്ലെയറും റിക്കും അമ്പരന്നു. ചെറുപാമ്പുകള്‍ക്കൊപ്പം ലഭിച്ച ഫൊട്ടോകളിലെ വലിയ പാമ്പുകള്‍ ഗ്രേറ്റര്‍ വെനമസ് സ്നേക്ക് എന്ന വിഷപാമ്പാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ഏറെ ശ്രമിച്ചിട്ടും വര്‍ഷത്തില്‍ പത്തെണ്ണത്തിലധികം കണ്ടെത്താനാകാത്ത പാമ്പുകളാണിവ. ഇവയുടെ 248 ഫൊട്ടോകളാണ് ഡൈവിഗിങ്ങിറങ്ങിയ മുത്തശ്ശിമാരുടെ സംഘം പകർത്തിയത്. അതും വ്യത്യസ്തമായ പാമ്പുകളുടേതാണ് ചിത്രങ്ങള്‍. ഏതായാലും പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ഗുണം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഗവേഷകര്‍. വിഷപാമ്പുകളാണെങ്കിലും ഇവ അക്രമകാരികളല്ലെന്നും ഈ ഗവേഷകർ പറയുന്നു.

English Summary: Snorkeling grandmothers reveal large deadly sea snake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com