തല അറുത്തു മാറ്റിയിട്ടും കോളാ ടിന്‍ കടിച്ചു മുറിക്കുന്ന ചെന്നായ മത്സ്യം; അപൂർവ ദൃശ്യങ്ങൾ!

The Severed Head Of A Wolffish Bite Down On A Can Of Coke
SHARE

മനുഷ്യരുണ്ടാക്കിയ ഏതൊരു വസ്തുവിനേക്കാളും മൂര്‍ച്ചയുള്ളവയാണ് പല ജീവികളുടെയും പക്കലുള്ള ആയുധങ്ങള്‍. ചില ജീവികള്‍ക്ക് ഇത് പല്ലുകളാണെങ്കില്‍ മറ്റുള്ളവയ്ക്ക് ഇത് നഖങ്ങളോ കൊമ്പുകളോ മുള്ളുകള്‍ക്കു സമാനമായ രോമങ്ങളോ ഒക്കെയാണ്. വുള്‍ഫ് ഫിഷ് അഥവാ ചെന്നായ മീനിനെ സംബന്ധിച്ച് പല്ലാണ് അവയുടെ പ്രധാന ആയുധം. ഇവയുടെ പല്ലിന്‍റെ മാത്രമല്ല പല്ലിന് ഊര്‍ജം നല്‍കുന്ന താടിയെല്ലിന്‍റെ കൂടി ശക്തി വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ ചില ദൃശ്യങ്ങള്‍.

യൂട്യൂബില്‍ ജനുവരിയിലാണ് ഈ വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ട്രന്‍റ് ലിസ്റ്റിലെത്താന്‍ പിന്നെയും മാസങ്ങള്‍ വേണ്ടിവന്നു. ഒക്ടോബറില്‍ ഇതേ വിഡിയോ റെഡ്ഡിറ്റ് വിഡിയോ ചാനലായ WTF ല്‍ എത്തിയതോടെയാണ് വൂള്‍ഫ് ഫിഷിന്‍റെ പല്ലിന്‍റെ ശക്തി തരംഗമായത്. വുള്‍ഫ് ഈല്‍, ക്യാറ്റ് ഫിഷ് തുടങ്ങിയ പേരുകളിലാണ് വീഡിയോ പ്രചരിക്കുന്നതെങ്കിലും യഥാർഥത്തില്‍ വിഡിയോയിലുള്ളത് വുള്‍ഫ് ഫിഷ് തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു.

രണ്ട് പ്രാവശ്യമാണ് ഈ ദൃശ്യങ്ങളിൽ വുള്‍ഫ് ഫിഷ് കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്നത്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തെ പുറത്തെടുത്ത് അതിന്‍റെ വായിലേക്ക് കോളയുടെ ടിന്‍ വയ്ക്കുന്നതാണ് ആദ്യത്തെ ദൃശ്യം. ഇങ്ങനെ വയ്ക്കുന്ന ക്യാന്‍ വുള്‍ഫ് ഫിഷിന്‍റെ കടിയേറ്റ് തല്‍ക്ഷണം പൊട്ടിത്തകരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒട്ടും വൈകാതെ തന്നെ ക്യാന്‍ ചളുങ്ങി പല കഷണങ്ങളായി പിളരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് ശേഷമാണ് വിഡിയോയിലെ തന്നെ രണ്ടാം പകുതിയില്‍ ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ചയുള്ളത്.

ആദ്യം ചിത്രീകരിച്ച അതേ മീനങ്കിലും സമാന വിഭാഗത്തില്‍ പെട്ട മറ്റൊരു മീനിനെയാണ് രണ്ടാം പകുതിയില്‍ കാണാനാകുക. ഈ മത്സ്യത്തിന്‍റെ തല യന്ത്രസഹായത്തോടെ അറക്കുന്നതാണ് ആദ്യം തന്നെ കാണുന്നത്.. തുടര്‍ന്ന് ശരീരത്തില്‍ നിന്ന് വേര്‍പെട്ട തല ഒരു സ്റ്റീല്‍ തട്ടിലേക്കെത്തിക്കുന്നു. ഇതിനു ശേഷമാണ് മറ്റൊരു കോള ടിന്‍ അറുത്തു മാറ്റിയ തലയുടെ വായില്‍ വയ്ക്കുന്നത്. എന്നാല്‍ അറുത്ത് മാറ്റിയിട്ടും ജീവനോടെയുണ്ടായിരുന്ന അതേ സമയത്തെ കരുത്തോടെയും ഊര്‍ജത്തോടെയും ഈ മത്സ്യം  ടിന്നിൽ കടിക്കുന്നതും അതേറ്റ് ക്യാന്‍ പൊട്ടിതകരുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്തുകൊണ്ട് ശരീരത്തില്‍ നിന്നു വെട്ടി മാറ്റിയിട്ടും മത്സ്യത്തിന്റെ തല  കോള കാന്‍ കടിച്ചു പൊട്ടിക്കുന്നു എന്ന ചോദ്യത്തിന് ഗവേഷകര്‍ വിശദീകരണം നല്‍കുന്നത് ഇങ്ങനെയാണ്. ന്യൂറോ മസ്കുലര്‍ റിഫ്ലക്സ് എന്ന പ്രതിഭാസമാണ് മത്സ്യത്തിന്‍റെ ഈ പ്രതികരണത്തിനു കാരണമെന്ന് ഇവര്‍ പറയുന്നു. വായിലോ, താടിയെല്ലിനു മുകളിലോ എന്തെങ്കിലും വസ്തുവിന്‍റെ സാന്നിധ്യമറിഞ്ഞാല്‍ വളരെ ശക്തിയില്‍ തുറന്ന ശേഷം അടയുന്ന വിധമാണ് ഈ മത്സ്യങ്ങളുടെ മസില്‍ ഘടന രൂപപ്പെട്ടിരിക്കുന്നത്. കോള കാനിന്‍റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചതും.

എല്ലാ ജീവികള്‍ക്കും ഈ പ്രത്യേകത ഉണ്ടാകില്ലെന്നും ഗോഥെന്‍ബര്‍ഗ് സര്‍വകലാശാല ഗവേഷകനായ ജോണ്‍ തരാന്തൂര്‍ ജോണ്‍സണ്‍ പറയുന്നു. വുള്‍ഫ് ഫിഷ് കടുത്ത തണുപ്പുള്ള പ്രദേശത്ത് ജീവിക്കുന്ന ശരീരഘടനയുള്ള ജീവിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതികരണ ശേഷികള്‍ മറ്റ് ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ടല്ലിരിക്കുന്നത്. തലയിലേക്ക് ഓക്സിജന്‍ എത്തുന്നത് തുടരുന്ന സമയം വരെ അറുത്തുമാറ്റിയാലും ഇവയുടെ തല പ്രവര്‍ത്തിക്കുമെന്നും ജോണ്‍സണ്‍ വിശദീകരിക്കുന്നു. 

English Summary: The Severed Head Of A Wolffish Bite Down On A Can Of Coke

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA