ADVERTISEMENT

ഓസ്ട്രേലിയയുടെ വടക്കന്‍ പ്രവിശ്യയായ വിക്ടോറിയയിലാണ് നായയെന്നു കരുതി കാട്ടു ചെന്നായയെ സംരക്ഷിക്കാനേറ്റെടുത്തത്. നഗരത്തിരക്കുകളിൽ നിന്നു മാറി സ്ഥിതിചെയ്യുന്ന ഒരു വീടിന്റെ പൂന്തോട്ടത്തിൽ ഒളിച്ചിരുന്ന ചെന്നായ്ക്കുട്ടിയെ വീട്ടുടമയാണ് കണ്ടെത്തിയത്. ആദ്യം തെരുവുനായയാണെന്നാണ് കരുതിയത്. പിന്നീട് ചെന്നായയുടെ കുട്ടിയാണോയെന്ന് സംശയം തോന്നി. അങ്ങനെ ഇയാൾ മൃഗാശുപത്രിയിൽ എത്തിയപ്പോഴാണ് നായയല്ലെന്നു തിരിച്ചറിഞ്ഞത്.എന്നാല്‍ പിന്നീട് നടത്തിയ ഡിന്‍എ പരിശോധനയിലൂടെ ഇത് ഡിങ്കോ എന്നു വിളിക്കുന്ന അപൂർവയിനം ഓസ്ട്രലിയന്‍ കാട്ടു ചെന്നായയാണെന്നു തിരിച്ചറിയുകയായിരുന്നു. ഓസ്ട്രേലിയയില്‍ വംശനാശ ഭീഷണി നേരിടുന്ന ഏക ചെന്നായ വര്‍ഗം കൂടിയാണ് ഡിങ്കോ. ഇപ്പോള്‍ ഈ ഡിങ്കോയുടെ സംരക്ഷണം ഓസ്ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഓസ്ട്രേലിയയിലെ വന്യജീവി സംരക്ഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഡിങ്കോ കുട്ടിയെ ലഭിച്ചത്. കാരണം ഓസ്ട്രേലിയന്‍ ആല്‍പൈന്‍ ഡിങ്കോ എന്നറിയപ്പെടുന്ന ഗണത്തില്‍പെടുന്നതാണ് ഇപ്പോള്‍ ലഭിച്ച കുട്ടി എന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായിരുന്നു. ഒരു കാലത്ത് നിലനിന്നിരുന്ന വേട്ടയാടല്‍ മൂലവും ഗവര്‍മെന്‍റിന്‍റെ തന്നെ നിയന്ത്രണ പദ്ധതികളാലും എണ്ണത്തില്‍ വലിയ തോതിൽ കുറവുണ്ടായ വിഭാഗമാണ് ആല്‍പൈന്‍ ഡിങ്കോകള്‍. 

ഓഗസ്റ്റിലാണ് ഇതിനെ കിട്ടിയതെങ്കിലുംഇത് വന്യമൃഗമാണെന്നു തിരിച്ചറിയുന്നതും ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതും നവംബര്‍ ആദ്യവാരത്തിലായിരുന്നു. മൂന്ന് തരത്തിലുള്ള ഡിങ്കോകളാണ് ഓസ്ട്രേലിയയില്‍ കണ്ടു വരുന്നത്. ഇന്‍ലാന്‍ഡ്, ട്രോപിക്കല്‍,ആല്‍പൈന്‍ എന്നിവയാണ് ഇവ. അതേസമയം ചെന്നായ്ക്കളെന്നു പൊതുവെ അറിയപ്പെടുന്നുണ്ടെങ്കിലും ഇവ നായകളാണോ അതോ ചെന്നായ്ക്കളാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഗവേഷകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

വാന്‍ഡിഗോങ് മേഖലയില്‍ നിന്ന് കണ്ടെത്തിയതുകൊണ്ട് തന്നെ വാന്‍ഡി എന്നാണ് ഈ ചെന്നായ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. വന്യജീവി സ്നേഹികളെ സംബന്ധിച്ച് വിലമതിക്കാവാനാത്ത സ്വത്താണ് വാന്‍ഡി എന്ന് ഓസ്ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ലിന്‍ വാട്സണ്‍ പറയുന്നു. തല്‍ക്കാലം ഈ ആണ്‍ ചെന്നായ കുട്ടിയെ ഫൗണ്ടേഷന്‍റെ തന്നെ നിയന്ത്രണത്തിലുള്ള വന്യജീവി സങ്കേതത്തിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. വളര്‍ന്ന് സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം ഈ ചെന്നായ്ക്കുട്ടിയെ സ്വതന്ത്രമാക്കാനാണ് ഇവരുടെ തീരുമാനം.

English Summary: 'Adorable' stray dog turns out to be rare purebred dingo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com