ADVERTISEMENT

മഹാരാഷ്ട്ര, തെലുങ്കാന സ്വദേശികളായ രണ്ട് ആണ്‍ കടുവകളാണ് ആയിരത്തിലേറെ കിലോമീറ്റര്‍ നടന്ന് ലോക റെക്കോ‍ഡ് സ്വന്തമാക്കിയത്. രണ്ട് കടുവകളും നടത്തിയ യാത്ര ഒരുമിച്ചായിരുന്നില്ല മറിച്ച് രണ്ട് പ്രദേശത്തു കൂടിയായിരുന്നു എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ഒരു കടുവ നടന്നു തീര്‍ത്തത് 1160 കിലോമീറ്ററാണെങ്കില്‍ മറ്റൊന്നിന്‍റെ സഞ്ചാരം 450 കിലോമീറ്ററായിരുന്നു. ആദ്യ കടുവയുടെ സഞ്ചാരത്തിലാകട്ടെ രണ്ട് സംസ്ഥാനങ്ങളും മനുഷ്യവാസമുള്ള പ്രദേശങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. ഇതുവരെ ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ദീര്‍ഘമായ കടുവയുടെ സഞ്ചാരപഥങ്ങളാണിവ.

സി 1 കടുവയുടെ യാത്ര

Tiger

മഹാരാഷ്ട്രയിലെ തിപേശ്വര്‍ കടുവാ സങ്കേതത്തിലുള്ള യവത്മാൾ മേഖലയില്‍ നിന്നാണ് സി 1 എന്നു പേരുള്ള കടുവ യാത്ര ആരംഭിച്ചത്. റെഡിയോ കോളറിലൂടെയാണ് ഈ കടുവയുടെ സഞ്ചാരപഥം നിരീക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് ഈ കടുവയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. 2019 ജൂണിലാണ് ഈ കടുവ സഞ്ചാരം തുടങ്ങിയത്. ഇതുവരെ രണ്ട് സംസ്ഥാനങ്ങളിലായി ആറ് ജില്ലകളിലൂടെയാണ് ഈ കടുവ സഞ്ചരിച്ചിരിക്കുന്നത്. ഇതില്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും ആരുടേയും കണ്ണില്‍ പെടാതെയായിരുന്നു യാത്ര. മഹാരാഷ്ട്രയില്‍ നിന്നും തെലങ്കാനയിലേക്ക് കയറി തിരികെ മഹാരാഷ്ട്രയിലെ തന്നെ വനമേഖലയിലേക്കെത്തുകയാണ് സി 1 ചെയ്തത്. 

നിലവില്‍ അകോല വന്യജീവി സങ്കേതത്തിലാണ് ഈ കടുവയുള്ളത്. അതേസമയം ഇപ്പോഴും ലഭിക്കുന്ന സിഗ്നലുകളനുസരിച്ച് കടുവ തന്‍റെ സഞ്ചാരം അവസാനിപ്പിച്ചിട്ടില്ല. നവംബര്‍ 10 നാണ് കടുവയെ ഒടുവിൽ നിരീക്ഷിച്ചത്. ഈ സമയത്തും കടുവ ദേശാടനത്തില്‍ തന്നെയാണെന്നാണ് സിഗ്നലുകള്‍ വ്യക്തമാക്കുന്നത്. 

സി. 1 കടുവയുടെ സഞ്ചാരം ഒട്ടനവധി വെല്ലുവിളികള്‍ നേരിട്ടായിരുന്നുവെന്നും വനപാലകര്‍ പറയുന്നു. തെലുങ്കാനയിലെ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള മുള്ളുവേലികള്‍ വരെ മറികടന്നാണ് സി1 യാത്ര തുടര്‍ന്നത്. കൂടാതെ ഈ കടുവയുടെ സഞ്ചാരപഥത്തില്‍ പലയിടത്തും കര്‍ഷകര്‍ സ്ഥാപിച്ച വൈദ്യുത വേലികളുമുണ്ടായിരുന്നുവെന്നും വനപാലകര്‍ പറയുന്നു. നവംബര്‍ 3 വരെ ആരുടെയും ശ്രദ്ധയില്‍പെടാതെ യാത്ര ചെയ്ത സി 1 പക്ഷേ അന്ന് ഒരു കര്‍ഷകന്‍റെ മുന്നില്‍ പെട്ടിരുന്നു. കടുവയെ കണ്ട് ഭയന്നോടിയ ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവം നടന്ന സ്ഥലത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെയായിരുന്നു നവംബര്‍ 10 ന് സി1

കെ 7 

സി 1 കടുവ സ്വമേധയാ ആണ് യാത്രയ്ക്കിറങ്ങിയതെങ്കില്‍ 2 വയസ്സുകാരനായ കെ 7 കടുവ പുതിയ വാസസ്ഥലം അന്വേഷിച്ചാണ് യാത്ര തിരിച്ചത്. മറ്റൊരു ആണ്‍ കടുവയാണ് ഇതിനു കാരണം. എ 1 എന്നു വിളിയ്ക്കുന്ന മുതിര്‍ന്ന ആണ്‍ കടുവയുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് സെപ്റ്റംബറില്‍ കാഗര്‍സ്നഗറിലെ വനമേഖലയില്‍ നിന്ന് കെ 7 യാത്ര ആരംഭിച്ചത്. തെലുങ്കാനയില്‍ നിന്ന് യാത്ര ആരംഭിച്ച ഈ കടുവ 450 ലേറെ കിലോമീറ്റര്‍ പിന്നിട്ട് ഇപ്പോള്‍ മഹാരാഷ്ട്രയിലെ അല്ലാപലി വനമേഖലയിലാണുള്ളത്.

Tiger

കടുവകളുടെ യാത്രകള്‍ക്കു പിന്നില്‍?

റെഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിച്ചതിനാലാണ് ഈ കടുവകളുടെ യാത്രാപഥം ഗവേഷകര്‍ക്കും വനപാലകര്‍ക്കും പിടികിട്ടിയത്. അതേസമയം റേഡിയോ കോളര്‍ ഇല്ലാത്ത കടുവകളും ഇത്തരം സഞ്ചാരം നടത്തുന്നുണ്ട്. പക്ഷേ ഈ യാത്രയുടെ കണക്കുകള്‍ ലഭ്യമല്ലെന്നു മാത്രം. എന്നാല്‍ ഈ യാത്രകള്‍ കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നുമെങ്കിലും 

കടുവകളുടെ യാത്രയ്ക്ക് പിന്നിലെ കാരണം അത്ര സന്തോഷം നല്‍കുന്നതല്ല. കടുവകളുടെ എണ്ണം വർധിച്ചു വരുന്നുണ്ടെങ്കിലും വനമേഖല അതിനനുസരിച്ച് വർധിക്കുന്നില്ല എന്നു മാത്രമല്ല പലയിടത്തും കുറയുകയും ചെയ്യുന്നു. ഇതാണ് പ്രധാനമായും കടുവകളെ ദേശാനടനത്തിനു പ്രേരിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

English Summary: Two trekking tigers walk into record books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com