ADVERTISEMENT

കുറച്ചു വർഷങ്ങൾക്കു മുൻപ്, കോട്ടയം മാർക്കറ്റിലെ എം.എൽ റോഡിലൂടെ നടക്കുമ്പോൾ കടകൾക്കു മുൻപിലും കേബിളുകളിലും കലപില കൂട്ടി പറന്നു നടന്നിരുന്ന അങ്ങാടിക്കുരുവി കൂട്ടങ്ങൾ ഒരു പതിവു കാഴ്ചയായിരുന്നു. കുട്ടികളെയും കൂട്ടി ആ കാഴ്ച കാണാനെത്തുന്നവരും പതിവായിരുന്നു. എം.എൽ റോഡ് അങ്ങനെ അങ്ങാടിക്കുരുവി റോഡായി. പക്ഷെ, നൂറുകണക്കിനു അങ്ങാടിക്കുരുവികൾ ഉണ്ടായിരുന്ന കോട്ടയം മാർക്കറ്റിൽ ഇപ്പോൾ ആ കിളിയൊച്ചകൾ കേൾക്കുന്നില്ല. 2012ൽ എഴുന്നൂറിലധികം ഉണ്ടായിരുന്ന കിളികൾ ഏഴുവർഷങ്ങൾക്കിപ്പുറം വെറും 38 എന്ന എണ്ണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. അവർക്കായി വ്യാപാരികൾ ഒരുക്കിയ മൺകലങ്ങളും ശൂന്യമാണ്. 

കിളികൾ എവിടെ പോയി?

കഴിഞ്ഞ വേനലിനു ശേഷമാണ് കിളികൾ മൊത്തത്തിൽ അപ്രത്യക്ഷരായതെന്ന് എം.എൽ റോഡിൽ വ്യാപാരം നടത്തുന്ന ജോമി മാത്യു പറയുന്നു. നൂറുകണക്കിനു കിളികളായിരുന്നു പതിവായി ജോമിയുടെ കടയിൽ ബിരിയാണി അരി കഴിക്കാൻ വന്നുകൊണ്ടിരുന്നത്. ഇപ്പോഴെത്തുന്നത് അഞ്ചോ ആറോ മാത്രം. ഇതിനെ സാധൂകരിക്കുന്നതാണ് ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് (TIES) പുറത്തുവിട്ട കണക്കുകൾ. ഇവർ നടത്തിയ സർവെ അനുസരിച്ച് 2012ൽ കോട്ടയം മാർക്കറ്റിലെ അങ്ങാടിക്കുരുവികളുടെ എണ്ണം 740 ആയിരുന്നു. 2103ൽ ഇത് 610 ആയും 2014ൽ 580 ആയും കുറഞ്ഞു. 2015 ആയപ്പോഴേക്കും കിളികളുടെ എണ്ണം ഒറ്റയടിക്ക് പാതിയായി കുറഞ്ഞ് 240ലെത്തി. ഇവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടും കുരുവികളുടെ എണ്ണം വർധിച്ചില്ല. 

disappearing-house-sparrows5

ടൈസ് (TIES) പറയുന്നത്

വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടിന്റെ റിപ്പോർട്ടു പ്രകാരം വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ നിലവിൽ ലീസ്റ്റ് കൺസേൺ (Least concern) വിഭാഗത്തിൽ ഈ കുഞ്ഞൻ കുരുവികളുമുണ്ട്. കുരുവികൾക്ക് കൂടൊരുക്കാൻ കഴിയാത്ത തരത്തിലുള്ള കെട്ടിടനിർമാണരീതിയും ഇവരുടെ മുഖ്യ ആഹാരമായ ധാന്യങ്ങൾ വിഷലിപ്തമായതുമാകാം കുരുവികൾ കൂട്ടത്തോടെ അപ്രത്യക്ഷമായതിനു പിന്നിലെന്നാണ് ട്രോപിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് സെക്രട്ടറി ഡോ. പുന്നൻ കുര്യന്റെ നിരീക്ഷണം. മനുഷ്യർ കഴിക്കുന്ന അരിയാണ് കിളികൾ കഴിക്കുന്നത്. പക്ഷെ, അരി കഴുകി വേവിച്ചാണ് മനുഷ്യർ ഭക്ഷിക്കുന്നത്. എന്നാൽ, കിളികൾ നേരിട്ട് കഴിക്കുന്നു. അവരുടെ ശരീരത്തിനു യോജിക്കാത്ത എന്തെങ്കിലുമൊക്കെ ഈ ധാന്യങ്ങളിൽ ഉണ്ടായിരിക്കാമെന്നു ഡോ.പുന്നൻ കുര്യൻ ചൂണ്ടിക്കാട്ടുന്നു. 

House Sparrow

ഓർമകളിലെ കിളിയൊച്ചകൾ

എം.എൽ റോഡിലെ പല കടകളിലും അങ്ങാടിക്കുരുവികൾക്കായി മൺകുടങ്ങളുടെ കൂടൊരുക്കിയിരുന്നു. ചില വ്യാപാരികൾ കിളികളോടുള്ള സ്നേഹക്കൂടുതൽ കാരണം അവർക്കായി ഊഞ്ഞാലകളും ഇരിക്കാൻ പ്രത്യേക സ്റ്റാൻഡുകളും നിർമിച്ചു നൽകി. "എന്നും ഒരു രണ്ടു കൂടുകളിലെങ്കിലും മുട്ടകൾ ഉണ്ടാകുമായിരുന്നു. നാലു മുട്ടകൾ വരെ കൂടുകളിലുണ്ടായിരുന്ന സമയമുണ്ടായിരുന്നു. ഞാൻ ഇതൊക്കെ ദിവസവും നോക്കി ഇരിക്കുമായിരുന്നു. നല്ല പോലെ ഭക്ഷണം ഇവിടെയുള്ളതുകൊണ്ട് കുരുവികൾ നല്ല ആരോഗ്യമുള്ളവരായിരുന്നു. അവർക്ക് തീറ്റ തേടി എങ്ങും പോകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല," വ്യാപാരി ജോമി മാത്യു പറഞ്ഞു. കിളിക്കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പറക്കാൻ തുടങ്ങിയാൽ കടയ്ക്കകത്ത് ഫാൻ പോലും ഇടാതെ കരുതലോടെ പെരുമാറിയിരുന്നവരുമുണ്ട്. ഫാനിലിടിച്ച് കിളികൾ ചത്തുപോകാതിരിക്കാനായിരുന്നു ആ കരുതൽ. എന്നാൽ, ഇപ്പോൾ ആ കൂടുകളും ഊഞ്ഞാലകളും അനാഥമാണ്. 

House Sparrow

കാത്തിരിക്കുന്ന കണ്ണുകൾ

House Sparrows

മറ്റിടങ്ങളിൽ അങ്ങാടിക്കുരുവികളെ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്ന് തുറന്നു പറയുകയാണ് വ്യാപാരികൾ. "അവർ സന്തോഷത്തോടെ മതി മറന്ന് നടന്നിരുന്ന സ്ഥലമായിരുന്നു കോട്ടയം മാർക്കറ്റ്. അവരെ നന്നായി മിസ് ചെയ്യുന്നുണ്ട്. അവരെ എങ്ങനെ തിരിച്ചു കൊണ്ടു വരണമെന്ന് അറിയില്ല. കിളികൾ അപ്രത്യക്ഷമാകുന്നതിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ പഠനം ആവശ്യമാണ്," വ്യാപാരികൾ പറയുന്നു. അങ്ങാടിക്കുരുവികൾ വീണ്ടും കൂട്ടത്തോടെ പറന്നെത്തുമെന്ന പ്രതീക്ഷയിൽ ഈ തെരുവിലെ കടക്കാർ ഇപ്പോഴും ഇവർക്കായി വെള്ളവും ധാന്യമണികളും കരുതി വയ്ക്കുന്നു. രാവിലെ കട തുറന്നാൽ ഒരു പാത്രത്തിൽ വെള്ളവും ഒരു പിടി അരിയും ഇവർക്കായി നീക്കിവച്ചതിനു ശേഷമാണ് മറ്റു പരിപാടികളിലേക്ക് ഇവിടെയുള്ളവർ പോകുന്നതു പോലും. ഇന്നല്ലെങ്കിൽ നാളെ അങ്ങാടിക്കുരുവികൾ കൂട്ടമായി പറന്നുവരുമെന്ന പ്രതീക്ഷയിലാണ് അവർ. കച്ചവടത്തിരിക്കിനിടയിലും അവരുടെ കണ്ണുകൾ തിരയുന്നത് കലപിലയുണ്ടാക്കി കടയിലെത്താറുള്ള ആ കുരുവി കൂട്ടുകാരെയാണ്.

English Summary:  Disappearing House Sparrows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com