പിടികൂടിയത് കൊടിയ വിഷപ്പാമ്പുകളായ ഗ്രീൻ മാമ്പകളെ; രണ്ടും ഗർഭിണികൾ, ദൃശ്യങ്ങൾ!

rescuing two pregnant green mambas
SHARE

അടുപ്പിച്ച് രണ്ട് ദിവസങ്ങളായി രണ്ട് ഗ്രീൻ മാമ്പകളെ പിടികൂടിയതിന്റെ ആഹ്ലാദത്തിലാണ് പാമ്പ് പിടിത്ത വിദഗ്ധനായ നിക്ക് ഇവാൻസ്. നിക്കിന്റെ സന്തോഷത്തിനു പിന്നിൽ മറ്റൊരു കാരണവുമുണ്ട്. പിടികൂടിയ ഈ രണ്ട് ഗ്രീൻ മാമ്പകളും ഗർഭിണികളാണെന്നതാണ് സന്തോഷം നൽകുന്നത്. ഒരു പാമ്പിന്റെ വയറിനുള്ളിൽ 10 മുട്ടകളും അടുത്തതിന്റെ ഉള്ളിൽ 9 മുട്ടകളുമാണുള്ളതെന്ന് നിക്ക് വ്യക്തമാക്കി. മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് നിക്ക് ഇപ്പോൾ. അതിനു ശേഷം വേണം ഇവയെ സ്വാഭാവിക വാസസ്ഥലത്തേക്ക് സ്വതന്ത്രമാക്കാൻ.

rescuing two pregnant green mambas

സൗത്ത് ആഫ്രിക്കയിലെ തീരപ്രദേശമായ ക്വാസുലു നേറ്റാലിൽ നിന്നാണ് രണ്ട് പാമ്പുകളെയും പിടികൂടിയത്. ആഫ്രിക്കയിലെ കൊടിയ വിഷപ്പാമ്പുകളിലൊന്നാണ് ഗ്രീൻ മാമ്പകൾ. നവംബർ ആറിനാണ് വീടിനുള്ളിൽ വാഷിങ്മെഷീന് അടിയിൽ ഗ്രീൻമാമ്പയെ കണ്ടെന്ന ടെലിഫോൺ സന്ദേശമെത്തിയത്. ഉടൻ തന്നെ അവിടേക്കെത്തിയ നിക്ക് പതുങ്ങിയിരുന്ന ഗ്രീൻ മാമ്പയെ പിടികൂടി. പാമ്പിനെ നിരീക്ഷിച്ചപ്പോഴാണ് അത് ഗർഭിണിയാണെന്ന കാര്യം മനസ്സിലായത്. സാധാരണയായി തീരപ്രദേശങ്ങളോടു ചേർന്നുള്ള ഭാഗങ്ങളിലാണ് ഗ്രീൻ മാമ്പകൾ കാണപ്പെടുന്നത്. 

നവംബർ 7നാണ് രണ്ടാമത്തെ ഗ്രീൻ മാമ്പയെ സ്കൂളിനു സമീപത്തുള്ള മതിലിനിടയിൽ നിന്നും പിടികൂടിയത്. ആദ്യം ഇതിനെ പിടികൂടിയപ്പോൾ വിചാരിച്ചത് ഭക്ഷണം കഴിച്ച ഉടനെ പിടികൂടിയതുകൊണ്ടാകാം ഇതിന്റെ വയറ് വീർത്തിരിക്കുന്നതെന്നാണ്. എന്നാൽ പിന്നീടാണ് രണ്ടാമത് പിടികൂടിയ ഗ്രീൻ മാമ്പയും ഗർഭിണിയാണെന്നു വ്യക്തമായത്. പിടികൂടിയ രണ്ട് ഗ്രീൻ മാമ്പകളുടെയും മുട്ടകൾ വിരിഞ്ഞ ശേഷം മാത്രമേ ഇവയെ സ്വതന്ത്രമാക്കൂവെന്നും നിക്ക് വ്യക്തമാക്കി. അതുവരെ ഇവയെ സംരക്ഷിക്കാനാണ് തീരുമാനം.

English Summary: snake catcher on baby watch after rescuing two pregnant green mambas in two days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA