ADVERTISEMENT

75 കാരനായ സ്റ്റീവ് ലിന്‍ഡ്ബെര്‍ഗ് തന്‍റെ വാരാന്ത്യം ചിലവഴിക്കാനാണ് മിഷിഗണില്‍ എത്തിയത്. മിഷിഗണിലെ മഞ്ഞുപുതഞ്ഞ വനമേഖലകളുടെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് ഒരു കലമാന്‍ സ്റ്റീവിന്‍റെ ക്യാമറയ്ക്കു മുന്നിലെത്തിയത്. വെള്ള വാലുകളുള്ള കാഴ്ചയില്‍ ഗാംഭീര്യമുള്ള ഈ കലമാനില്‍ എന്തോ ഒരു പ്രത്യേകത സ്റ്റീവ് തിരിച്ചറിഞ്ഞു. വൈകാതെ ഈ കലമാന് സാധാരണയുള്ള രണ്ട് കൊമ്പുകള്‍ക്കു പുറമെ മറ്റൊന്നു കൂടിയുണ്ടെന്ന് സ്റ്റീവ് മനസ്സിലാക്കി.

മിഷിഗണ്‍ ഉള്‍പ്പെടെയുള്ള ഏതാനും മേഖലകളില്‍ ഇനി മാനുകളുടെ റൈഫിള്‍ സീസണ്‍ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണു ബാക്കിയുള്ളത്. നവംബര്‍ 25 മുതല്‍ 2 മാസത്തേക്ക് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഈ വിഭാഗത്തില്‍ പെട്ട വെള്ള വാലുള്ള മാനുകളെ വേട്ടയാടാം. മാനുകളുടെ അംഗസംഖ്യ കൂടുമ്പോൾ നിയന്ത്രിക്കുന്നതിനായാണ് വനം വകുപ്പ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മാനുകള്‍ക്ക് പുറമേ കരടികളെയും വേട്ടയാടാന്‍ അധികൃതര്‍ അനുമതി നല്‍കാറുണ്ട്.

യഥാർഥത്തിൽ കൊമ്പുകളല്ല

മാനുകളുടെ തലയില്‍ നിന്ന് കൊമ്പുകളെന്ന രീതിയില്‍ മുളച്ചു വരുന്നവ കൊമ്പുകളല്ല എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ആന്റ്‌ലേര്‍സ് എന്നാണ് ഈ ശരീരഭാഗത്തെ പൊതുവെ വിളിക്കുന്നത്. ഇവ കൊമ്പുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഇവ എല്ലുകൾ കൊണ്ടും അതിനു പുറമെ മൂടുന്ന തൊലികള്‍ കൊണ്ടും സൃഷ്ടിക്കപ്പെടുന്നവയാണ്. ഇവ എല്ലാ വര്‍ഷവും കൊഴിഞ്ഞു പോവുകയും പുതിയവ മുളച്ചു വരികയും ചെയ്യും. ഈ ആന്റ്‌ലേര്‍സ് എന്ന ശരീരഭാഗം മൂലമാണ് ആന്‍റിലോപ്പുകള്‍ എന്ന് കലമാനുകളെ വിളിക്കുന്നതും.

എല്ലാ മാന്‍വിഭാഗങ്ങളിലും പെട്ട ആണ്‍ മാനുകള്‍ക്കാണ് ഇത്തരത്തില്‍ കൊമ്പുകള്‍ അഥവാ ആന്റ്‌ലേര്‍സ് ഉണ്ടാകുക. ഇവയുടെ കൊമ്പുകള്‍ മുളച്ചു വരുന്ന സമയത്ത് വയലറ്റ് നിറത്തിലാകും തൊലി കാണപ്പെടുക. എന്നാല്‍ പതിയെ ഈ സില്‍ക്ക് നിറത്തിലുള്ള തൊലി മാനുകള്‍ മരത്തിലുരച്ച് കളയും. കൊമ്പുകളുടെ മൂര്‍ച്ച ഉറപ്പു വരുത്താനും പോരാട്ടങ്ങള്‍ക്ക് ഈ കൊമ്പുകള്‍ ഉപയോഗിക്കാനുമാണ് ഇത്തരത്തില്‍ തൊലി ഉരച്ചു കളയുന്നത്. 

മിഷിഗണിലെ മൂന്ന് കൊമ്പുള്ള മാന്‍

സാധാരണ കലമാനുകളില്‍ രണ്ട് കൊമ്പുകള്‍ മാത്രം മുളയ്ക്കുമ്പോള്‍ എന്തു കൊണ്ടാണ് മിഷിഗണില്‍ സ്റ്റീവ് കണ്ടെത്തിയ മാന് മൂന്ന് കൊമ്പുകള്‍ ഉണ്ടായതെന്നതാണ് ഉയരുന്ന ചോദ്യം. ഈ മൂന്നാം കൊമ്പ് ഈ വര്‍ഷം മാത്രം ഉണ്ടായതാണോ അല്ലെങ്കില്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതാണോ എന്നതാണ് മറ്റൊരു സംശയം. കേബ്രിംഡ്ജ് സര്‍വകലാശാലയിലെ മൃഗപഠന ഗവേഷണത്തിന് നേതൃത്വം കൊടുക്കുന്ന ടിം ക്ലൂട്ടണ്‍ ബ്രോക്ക് ഈ രണ്ട് സാധ്യതകളും പരിശോധിച്ച് തയാറാക്കിയ നിഗമനങ്ങള്‍ ഇങ്ങനെയാണ്.

രണ്ട് തരത്തില്‍ ഈ കലമാനില്‍ മൂന്നാം കൊമ്പുണ്ടാകാം എന്ന് ടിം ബ്രോട്ട് വിലയിരുത്തുന്നു. ഒന്ന് സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രതിഭാസം. സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങള്‍ മൂന്നാം കൊമ്പിനു പിന്നിലെ കാരണമെങ്കില്‍ ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ടിം പറയുന്നു. എന്നാല്‍ തലയിലേറ്റ മുറിവു പോലുള്ള ശാരീരിക കാരണങ്ങളും മൂന്നാമതൊരു കൊമ്പു മുളച്ചു വരാന്‍ കാരണമായേക്കാം. അങ്ങനയെങ്കില്‍ ഇത് ഒരു വര്‍ഷം മാത്രമുള്ള പ്രതിഭാസമായേ കണക്കാക്കാനാകൂ.

ഇതില്‍ ഏതാണ് മിഷിഗണിലെ മാനിനു മൂന്നാം കൊമ്പ് നല്‍കിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഈ മാനിനെ തന്നെ പഠിക്കേണ്ടി വരുമെന്ന് ടിം പറയുന്നു. മൂന്ന് കൊമ്പുകളുള്ള മാനുകള്‍ അപൂര്‍വമായതിനാല്‍ തന്നെ ഈ മാനിനെ കണ്ടെത്തി പഠനം നടത്തുക പ്രയാസമാകില്ലെന്നാണ് ടിമ്മിന്‍റെ കണക്കു കൂട്ടല്‍. എന്നാല്‍ നിലവില്‍ ഈ പഠനത്തിനുള്ള സാധ്യതയില്ല. അതേസമയം തന്നെ വേട്ടയാടാനുള്ള സമയം വൈകാതെ ആരംഭിക്കുന്നതിനാല്‍ ഈ മാന്‍ രണ്ട് മാസത്തിനിടയിൽ വേട്ടക്കാരുടെയൊന്നും കണ്ണില്‍പെടാതിരിക്കട്ടെ എന്നും ടിം പ്രാര്‍ത്ഥിക്കുന്നു.

English Summary: Rare Stag With Three Antlers Spotted In Michigan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com