ഇത്തവണയും പതിവു തെറ്റിക്കാതെ ഡിൻഡിം എത്തി, ജാവോ അപ്പൂപ്പനെ കാണാൻ!

Dindim, The Penguin, Travels Every Year To Meet The Man Who Saved It Years Ago
Image Credit: Facebook
SHARE

ഉപകാരം ചെയ്തവരെ മനുഷ്യർ മറന്നാലും മൃഗങ്ങൾ മറക്കാറില്ല. അതിനൊരു ഉദാഹരണമാണ് ഡിന്‍ഡിം എന്ന കുഞ്ഞു പെൻഗ്വിൻ. അതാണല്ലോ ഇത്തവണയും പതിവു തെറ്റിക്കാതെ ജാവോ അപ്പൂപ്പനെ കാണാൻ കിലോമീറ്ററുകൾ താണ്ടി ഡിന്‍ഡിം എത്തിയത്.

വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ 2011 മെയിലാണ് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാതെ തീരത്തടിഞ്ഞ പെന്‍ഗ്വിനെ ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്കു കിട്ടുന്നത്. ജാവോയുടെ കൈയിലെത്തുമ്പോൾ തീരെ അവശനിലയിലായിരുന്നു പെന്‍ഗ്വിന്‍. എന്നാൽ കൃത്യമായ പരിചരണവും ഭക്ഷണവും നൽകി ജാവോ അപ്പൂപ്പൻ പെന്‍ഗ്വിന്റെ ആരോഗ്യം വീണ്ടെടുത്തു. ഡിന്‍ഡിം എന്ന പേരും നൽകി.

പൂർണ ആരോഗ്യവാനായപ്പോൾ പെൻഗ്വിനെ ബോട്ടിൽ കയറ്റി സമീപത്തുള്ള ദ്വീപിൽ കൊണ്ടുപോയി സ്വതന്ത്രനാക്കി. ഇനിയൊരിക്കലും കാണാനാകില്ലെന്ന പ്രതീക്ഷയിലാണു കടലിലേക്കു തുറന്നു വിട്ടത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് പിറ്റേന്നു തന്നെ അപ്പൂപ്പന്റെ വീടിനു പിന്നിൽ ഡിന്‍ഡിം മടങ്ങിയെത്തി. കുറച്ചു മാസങ്ങൾ ജാവോ അപ്പൂപ്പനൊപ്പം താമസിച്ച ഡിന്‍ഡിം 2012 ഫെബ്രുവരിയിൽ അപ്രത്യക്ഷനായി. അപ്പോഴൊന്നും ജാവോയിക്കറിയില്ലായിരുന്നു ഈ ജീവി തന്‍റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന്.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറില്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഡിന്‍ഡിം തിരികെയെത്തി. പിന്നീട് എല്ലാ വര്‍ഷവും ജാവോ പെരേര ഡിസൂസയെ തേടി ഈ പെന്‍ഗ്വിനെത്തും. ജാവോയ്ക്കൊപ്പം വീട്ടില്‍ 8 മാസത്തോളം താമസിക്കും. പിന്നെ വീണ്ടും തന്‍റെ പര്യടനം ആരംഭിക്കും. ജാവോ അപ്പൂപ്പൻ ശരീരത്തിൽ തലോടുന്നതും എടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമൊക്കെ ‍ഡിൻഡിമിന് ഏറെയിഷ്ടമാണെങ്കിലും മറ്റാരെയും ശരീരത്തിൽ തൊടാൻ അനുവദിക്കാറില്ല. അപ്പോഴേ കൊത്തിയോടിക്കുകയാണ് പതിവ്. കഴിക്കാൻ മത്തിയാണ് ഏറെയിഷ്ടം.എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിമിന്റെ സന്ദര്‍ശനം. വര്‍ഷത്തിലൊരിക്കല്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന വളര്‍ത്തു മകന്‍ എന്നാണ് ഡിന്‍ഡിമിനെ ജാവോ വിശേഷിപ്പിക്കുന്നത്.

Dindim, The Penguin, Travels Every Year To Meet The Man Who Saved It Years Ago
Image Credit: Facebook

ബാക്കി സമയം ഡിൻഡിം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. മഗല്ലനിക് വിഭാഗത്തിൽ പെട്ട പെൻഗ്വിന്റെ സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒന്നും രണ്ടുമല്ല അയ്യായിരം മൈലുകള്‍ താണ്ടിയാണ് തന്റെ രക്ഷകനെ കാണാൻ വർഷാവർഷം ഡിൻഡിം എത്തുന്നത്. ഇവരുടെ അപൂർവ സൗഹൃദം എല്ലാ വർഷങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്. ഏപ്രിലിൽ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിന്‍ഡിം മടക്കയാത്ര ആരംഭിക്കും. 5000 മൈലുകൾ താണ്ടി വീണ്ടും ചിലിയുടെ തീരത്തേക്ക്. പിന്നീട് ഇതേ ദൂരം തിരികെ നീന്തി ജാവോയുടെ അടുത്തേക്ക്...ആ യാത്ര അങ്ങനെ ഇന്നും തുടരുകയാണ്. അവരുടെ അപൂർവ സൗഹൃദവും.

English Summary:  Dindim, The Penguin, Travels Every Year To Meet The Man Who Saved It Years Ago

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA