നെറ്റിയില്‍ വാലുള്ള അപൂർവ നായ്ക്കുട്ടി നർവാളിനെ ദത്തു നൽകില്ലെന്ന് മാക്സ് മിഷൻ, കാരണം?

Narwhal, the Unicorn Puppy
SHARE

നെറ്റിയില്‍ വാലുമായി ജനിച്ച നായ്ക്കുട്ടിയെ ഓർമയില്ലേ? യുഎസിലെ മിസോറിയിലെ ഒരു തെരുവില്‍ നിന്നാണ് നർവാളിനെ മാക്സ് മിഷൻ എന്ന മൃഗസംരക്ഷണ സംഘടന കണ്ടെത്തുന്നത്. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മാക്സ് മിഷന്‍ തെരുവു നായ്ക്കളെയും പൂച്ചകളെയും മറ്റും രക്ഷിക്കുന്നതിനിടയിലാണ് ഈ നായ്ക്കുട്ടിയേയും കണ്ടെത്തിയത്. മിസോറിയിലെ തെരുവോരത്തു നിന്ന് നവംബറിൽ കണ്ടെത്തുമ്പോള്‍  10 ആഴ്ചയായിരുന്നു നർവാളിന്റെ പ്രായം. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച നർവാളിന്റെ ചിത്രങ്ങൾ പെട്ടെന്നുതന്നെ ലോകശ്രദ്ധ നേടിയിരുന്നു ഇപ്പോള്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന നായ്ക്കുട്ടി വാർത്തകളിൽ നിറയുന്നത് മറ്റൊരു കാരണത്തിന്റെ പേരിലാണ്.

ആദ്യം നായ്ക്കുട്ടിയെ ദത്തു നൽകാനായിരുന്നു മാക്സ് മിഷന്റെ തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം പേരാണ് നർവാളിനെ ദത്തെടുക്കാനായി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചത്. എന്നാൽ നർവാളിനെ ദത്തു നൽകുന്നില്ല എന്ന നിലപാടാണ് ഇപ്പോൾ സംരക്ഷണകേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. നർവാളിനെ സംരക്ഷണ കേന്ദ്രത്തിൽ തന്നെ വളർത്താനാണാണ് തീരുമാനമെന്ന് മാക്സ് മിഷന്റെ സ്ഥാപകയായ റോഷ്‌ലെ സ്റ്റീഫൻ വ്യക്തമാക്കി. കാരണം വ്യാപകമായി ജനശ്രദ്ധ നേടിയ നർവാളിന് സമൂഹമാധ്യമങ്ങളിലൂടെ വധ ഭീഷണി ഉൾപ്പെടെയുള്ള പ്രതികരണങ്ങളും നേരിടേണ്ടി വന്നു.ദത്തു നൽകേണ്ടന്ന തീരുമാനം തന്റേതുമാത്രമല്ലന്നും സംഘടനയിൽ പ്രവർത്തിക്കുന്ന മൊത്തം ആളുകളുടേയും തീരുമാനമാണിതെന്നും റോഷ്‌ലെ സ്റ്റീഫൻ പറഞ്ഞു.

നർവാളിന്റെ നെറ്റിയിലെ വാല്‍ കാണുന്നവര്‍ക്ക് അദ്ഭുതമാണെങ്കിലും പട്ടിക്കുട്ടിയെ ഇത് സാരമായി ബാധിക്കുന്നില്ലെന്ന് മൃഗഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. നെറ്റിയിലെ വാൽ നായയുടെ സ്വാഭാവിക ജീവിതത്തിന് ഇപ്പോള്‍ തടസമല്ല. നർവാൾ മറ്റ് നായ്ക്കളോടൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. വേദനയും മറ്റും ഉള്ളതായി നായയെ നിരീക്ഷിച്ചതില്‍ നിന്നു തോന്നുന്നില്ല. അതിനാൽ നർവാളിന്റെ വാൽ മുറിച്ചു മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം വാല്‍ വളര്‍ന്ന് പിന്നീട് ബുദ്ധിമുട്ടായാല്‍ മുറിക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കാം എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

നായക്കുട്ടിയെ എക്‌സറേക്കും  വിധേയമാക്കിയിരുന്നു. ഇതില്‍നിന്ന് നാര്‍വാളിന്റെ മുഖത്തെ വാലില്‍ അസ്ഥികളില്ലെന്നും കണ്ടെത്തിയിരുന്നു. നർവാളിന്റെ പിന്നിലെ വാലിന്റെ നീളത്തിന്റെ മൂന്നിൽ ഒരു ശതമാനം നീളമാണ്  നെറ്റിയിലുള്ള വാലിനുള്ളത്.  ഒരു പക്ഷേ നെറ്റിയില്‍ വാല്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ പേടിച്ചാകാം ഉടമസ്ഥർ ഇതിനെ തെരുവില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം.നര്‍വാളിനെ കൂടാതെ നൂറ് കണക്കിന് മറ്റു നായ്ക്കളും മാക്സ് മിഷന്‍റെ മിസോറിയിലെ സംരക്ഷണ കേന്ദ്രത്തിലുണ്ട്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മാക്സ് മിഷനിലെ അംഗങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയ നർവാളിനെ തെറാപി ഡോഗ് ആക്കാനാണ് തീരുമാനം.

English Summary: Narwhal, the Unicorn Puppy will stay with the rescue group despite adoption offers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA