രാജ്യതലസ്ഥാനത്തെ വായുമലിനീകരണവും,സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനവും എല്ലാം ചര്‍ച്ചയാകുന്നതിനിടെ,വരും തലമുറയുടെ നന്മലക്ഷ്യമാക്കി കാര്‍ബണ്‍ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള പരിശ്രമത്തിലാണ് പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്ത്. ഇതിന്‍റെ ആദ്യഘട്ടമായി പഞ്ചായത്തില്‍ സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കി. മധ്യതിരുവിതാംകൂറില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്കായി മുന്നിട്ടിറങ്ങുന്നത്.
നാളെയെക്കരുതി, മുന്‍പേനടക്കുകയാണ് ഇരവിപേരൂര്‍ പഞ്ചായത്ത്. വയനാട് മീനങ്ങാടിക്കുശേഷം, കാര്‍ബണ്‍ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ശ്രമത്തിലാണ് ജൈവ–വൈവിധ്യബോര്‍ഡിന്‍റെ അടക്കം പുരസ്കാരത്തിന് അര്‍ഹമായ ഈ തദ്ദേശസ്ഥാപനം. തിരുവല്ല മാര്‍ത്തോമ്മാ കോളജ് എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് ആദ്യഘട്ട സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കി. നിത്യജീവിതത്തില്‍ പഞ്ചായത്തിലെ ഓരോ അംഗവും, കുടുംബവും എത്രത്തോളം കാര്‍ബണ്‍ഘടകങ്ങള്‍ പുറംതള്ളുന്നുവെന്നത് കണ്ടെത്തുകയാണ് ആദ്യപടി. പദ്ധതിക്ക് സാങ്കേതികസഹായം തൃശൂര്‍ 'കില'യാണ് നല്‍കുന്നത്.
കാര്‍ബണ്‍നിയന്ത്രണത്തിന്‍റെ ആവശ്യകത സംബന്ധിച്ച സന്ദേശം വീടുതോറും എത്തിക്കും, തുടര്‍നടപടികളുമുണ്ടാകും. അങ്ങനെ, ഘട്ടംഘട്ടമായി, പ്രകൃതിക്കും, മനുഷ്യനും ഒരുപോലെ ദോഷമാകുന്ന കാര്‍ബണ്‍ ഘടകങ്ങളെ പുറത്തുനിര്‍ത്താനൊരുങ്ങുകയാണ് ഈ സമൂഹം. സമീപഭാവിയില്‍ ലോകംതന്നെ ഏറ്റെടുക്കേണ്ട മാതൃകാപരമായ ദൗത്യം.