ADVERTISEMENT

മധ്യ മെക്സിക്കോയില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വത പീഠഭൂമി മേഖലയില്‍ നിന്നാണ് കൊടിയ വിഷമുള്ള പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. വയലിന്‍ സ്പൈഡര്‍ എന്നു പേരുള്ള ചിലന്തി വിഭാഗത്തില്‍ പെട്ടവയാണ് ഇവ. ലോക്സോസെലസ് ടെനോചിറ്റ്ലന്‍ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ചിലന്തികള്‍ മുന്‍പേ കണ്ടെത്തിയിട്ടുള്ള 150 തരം ചിലന്തികള്‍ ഉള്‍പ്പെടുന്ന ഒരു ജനുസ്സിലെ പുതിയ അംഗമാണ്.

ഈ ചിലന്തി വര്‍ഗങ്ങളില്‍ 40 എണ്ണമാണ് മെക്സിക്കോയിലുള്ളത്. പുതിയ വയലിന്‍ ചിലന്തി വര്‍ഗത്തിന്‍റെ കണ്ടെത്തലോടെ ഈ ജനുസ്സില്‍ പെട്ട ചിലന്തി വര്‍ഗങ്ങളുടെ  മെക്സിക്കോയിലെ എണ്ണം 41 ആയി. ഈ വിഭാഗത്തില്‍ പെട്ട ചിലന്തികളുടെ പിന്‍വശം വയലിന്‍ പോലെയാണ് കാണപ്പെടുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് വയലിന്‍ ചിലന്തികള്‍ എന്ന് ഇവ അറിയപ്പെടുന്നതും. 

മെക്സിക്കോ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ ചിലന്തി വര്‍ഗത്തെ കണ്ടെത്തിയത്. കടുത്ത തവിട്ട് നിറമാണ് ഈ ഇനം ചിലന്തികള്‍ക്കുള്ളതെന്ന് ഇവയെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഗവേഷക വിദ്യാര്‍ത്ഥിയായ വാല്‍ഡറസ് മൊന്‍ഡാഗന്‍ പറയുന്നു. ഈ ചിലന്തിവര്‍ഗത്തില്‍ ഏറ്റവും ഭയപ്പെടേണ്ടത് അവയുടെ വിഷമാണ് എന്നും വാല്‍ഡറസ് ചൂണ്ടിക്കാട്ടുന്നു.

മാംസം ദ്രവിപ്പിക്കുന്ന വിഷം

മനുഷ്യര്‍ക്ക് ജീവാപായം ഉണ്ടാക്കില്ലെങ്കിലും കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ ശക്തിയുള്ളതാണ് ഈ ചിലന്തിയുടെ വിഷം. മാത്രമല്ല ഇവയുടെ വിഷം തീണ്ടിയാല്‍ ഡോക്ടറുടെ സഹായം തേടിയില്ലെങ്കില്‍ വേദനയും തളര്‍ച്ചയും മറ്റും അതികഠിനമായിരിക്കുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.  കടിയേറ്റാല്‍ ആദ്യം വേദനയുണ്ടാകില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കടിയേറ്റ ഭാഗം പര്‍പ്പിള്‍ നിറത്തിലേക്ക് മാറുന്നതാണ് തുടക്കം.

എന്നാല്‍ ഇവയുടെ വിഷം സജീവമായി പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നതോടെ സാഹചര്യം മാറും. മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവിവര്‍ഗങ്ങളുടെ ശരീരത്തിലെ മാംസം ദ്രവിപ്പിക്കാന്‍ ഈ വിഷത്തിനു കഴിയും. ഇതോടെ കടിയേറ്റ ഭാഗത്ത് വേദന അതിശക്തമായി അനുഭവപ്പെടും. നെക്രോസിസ് എന്നാണ് ഇത്തരത്തില്‍ മാംസ ദ്രവിക്കുന്ന സാഹചര്യത്തെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. 

വിഷത്തിന്‍റെ വീര്യമനുസരിച്ചാകും ഇതിന്‍റെ പ്രവര്‍ത്തനത്തിന്‍റെ രൂക്ഷതയെന്നും ഗവേഷകര്‍ പറയുന്നു. പലപ്പോഴും മാസങ്ങള്‍ ഈ വിഷം ശരീരത്തിന്‍റെ ഒരു ഭാഗത്തെ ദ്രവിപ്പിക്കും. ആഴ്ചകള്‍ കഴിഞ്ഞ് വേദനയാരംഭിക്കുമ്പോള്‍ മാത്രമെ ഒരു പക്ഷേ കാര്യമെന്താണെന്ന് പലരും തിരിച്ചറിയൂ. അപ്പോഴും ത്വക്ക് രോഗമാണെന്നും മറ്റും കരുതി അതിന് ചികിത്സ തേടുന്നവരുമുണ്ട്. മാസങ്ങള്‍ പിന്നിട്ടാല്‍ ഒരു പക്ഷേ സാരമായ മാറ്റം തന്നെ കടിയേറ്റ ശരീരഭാഗത്തിനു സംഭവിച്ചേക്കാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

മനുഷ്യവാസമുള്ള പ്രദേശത്ത് ധാരാളമായി കണ്ടു വരുന്നവയാണ് ഈ ചിലന്തി വര്‍ഗം. പക്ഷെ ഉപേക്ഷിക്കപ്പെട്ടതും അടഞ്ഞു മൂടി കിടക്കുന്നതുമായ പ്രദേശങ്ങളിലാണ് ഇവ കൂടുതലുണ്ടാവുക. മാത്രമല്ല മനുഷ്യ സാമീപ്യം ഇവയ്ക്ക് ഒട്ടും പഥ്യമല്ല. ഇക്കാരണം കൊണ്ട് തന്നെ മനുഷ്യരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ഈ ചിലന്തികള്‍ പരമാവധി ശ്രമിക്കും.  

English Summary: New Species Of Spider With Flesh-Eating Venom Found In Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com