മത്സ്യം തട്ടിയെടുത്തത് കൊക്കുകളുടെ പക്കൽ നിന്ന്, പിന്നെ പോരാട്ടം എരുമയോട്; പരുന്ത് ആള് സൂപ്പറാ!

 An aggressive eagle steals fish from two birds
SHARE

കൊക്കുകളുടെ പക്കൽ നിന്ന് പിടയ്ക്കുന്ന മത്സ്യത്തെ തട്ടിയെടുത്ത് കാട്ടെരുമയോടു വീറോടെ പൊരുതുന്ന പരുന്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. പരസ്പരം ഒരു ബന്ധവുമില്ലാത്ത കാര്യമാണു പറഞ്ഞുവരുന്നതെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ആ ധാരണ തിരുത്താൻ ഈ ദൃശ്യങ്ങൾ മാത്രം മതി.

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നിന്നുള്ളതാണ് മനോഹരമായ ഈ ദൃശ്യങ്ങൾ. മിഷേൽ ബ്രാഡസ്റ്റ് എന്ന വിനോദ സഞ്ചാരിയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. മിഷേലും സംഘവും സഫാരിക്കിടയിലാണ് ഈ അപൂർവ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. വന്യമൃഗങ്ങൾ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്ന തടാകക്കരയിൽ അവയെ കാണാനായാണ് സംഘം വാഹനം പാർക്ക് ചെയ്തത്. ഇവരെത്തുമ്പോൾ കാട്ടുപോത്തുകളും എരുമകളും തടാകത്തിൽ കൂട്ടമായെത്തിയിരുന്നു. 

ഇതിനിടയിൽ മറാബു വിഭാഗത്തിൽ പെട്ട രണ്ട് കൊക്കുകളുമുണ്ടായിരുന്നു. കൊക്കുകളിലൊന്ന് തടാകത്തിൽ നിന്നു പിടിച്ച വലിയ മീനിനെ ചാകാനായി തടാകക്കരയിലേക്കിട്ടത് മിഷേൽ ശ്രദ്ധിച്ചിരുന്നു. അൽപം അകലെയായി രണ്ട് പരുന്തുകളും നിലയുറപ്പിച്ചിരുന്നു. കരയിൽ കിടന്നു പിടയ്ക്കുന്ന മീനിനെ അപ്പോൾ തന്നെ പരുന്തുകളിലൊന്ന് റാഞ്ചി. ഏറെ അധ്വാനമില്ലാതെ കിട്ടിയ ഇരയെ തട്ടിയെടുത്തതും പോരാതെ കൊക്കുകളെ ഭയപ്പെടുത്താനും പരുന്ത് മറന്നില്ല.

 An aggressive eagle steals fish from two birds

ഇതിനിടയിൽ മുന്നിലേക്കെത്തിയ കാട്ടെരുമകളേയും പരുന്ത് വീറോടെ നേരിട്ടു. തട്ടിയെടുത്ത മത്സ്യത്തെ ചവിട്ടിപ്പിടിച്ചുകൊണ്ടായിരുന്നു പരുന്തിന്റെ പോരാട്ടം. ചിറകുകൾ വിരിച്ച് മുന്നോട്ടാഞ്ഞാണ് പരുന്ത് കാട്ടെരുമകളെ വിറപ്പിച്ചത്. പരുന്ത് തട്ടിയെടുത്ത ഇരയെ തിരിച്ചു പിടിക്കാൻ കൊക്കുകൾ  ശ്രമിച്ചെങ്കിലും നടന്നില്ല. മത്സ്യത്തെ പൂർണമായും ഭക്ഷിച്ച ശേഷം പരുന്ത് പറന്നകന്നു. ഏകദേശം മുക്കാൽ മണിക്കൂറോളം പരുന്തും കൊക്കുകളും എരുമകളുമെല്ലാം അവിടെയുണ്ടായിരുന്നു. അപൂർവ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഞ്ചാരികളും മടങ്ങിയത്.

English Summary: An aggressive eagle steals fish from two birds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA