ADVERTISEMENT

കടുവകളുടെ പേരുള്ള രണ്ട് ബോളിവുഡ് ചിത്രങ്ങളെ  ഓര്‍ക്കുക 'എക് ഥാ ടൈഗറും' 'ടൈഗര്‍ സിന്ദാ ഹെയും'. കടുവകളുടെ സംരക്ഷണ പദ്ധതികള്‍ തുടങ്ങിയ സമയത്തിന് ആദ്യത്തെ പേരും ഇപ്പോഴത്തെ അവസ്ഥയ്ക്ക് രണ്ടാമത്തെ പേരും തീര്‍ത്തും ഉചിതമാകുന്നു. ലോകത്ത് കടുവകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥകളിലൊന്നായി  നമ്മുടെ രാജ്യം  മാറിയെന്ന പ്രഖ്യാപനത്തോടെയാണ്  2019 കടന്നു പോയത്. കാടിന്റെ സൗന്ദര്യവും, ഗാംഭീര്യവും, പ്രൗഢിയുമാണ് കടുവകള്‍. സ്വന്തം ആവാസ വ്യവസ്ഥയിലെ ജൈവവൈവിധ്യത്തിന്റേയും ഭക്ഷ്യശൃംഖലയുടേയും കാവല്‍ക്കാരന്‍. 

കഴിഞ്ഞ  നൂറ്റാണ്ടില്‍ 97 ശതമാനത്തോളം കടുവകളാണ് കാടുകളില്‍ നിന്ന് അപ്രത്യക്ഷമായത്. ആവാസസ്ഥലത്തിന്റെ നഷ്ടം, വേട്ടയാടല്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയൊക്കെ കാരണമാണിത്. കടുവകളുടെ സംരക്ഷണം ലക്ഷ്യമാക്കി  2010-ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന ഉച്ചകോടിയാണ് 2022 വര്‍ഷത്തില്‍ ഈ വമ്പന്‍ പൂച്ചയുടെ എണ്ണം ഇരട്ടിയാക്കാനും തീരുമാനമെടുത്തത്.

Tiger

കടുവകള്‍ പെരുകുന്നു

2022-ല്‍  കടുവകളുടെ  എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്ക് നാലുവര്‍ഷം മുന്‍പു തന്നെ എത്തിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് കടുവകളുള്ള 21 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയുടെ  അടിസ്ഥാനത്തില്‍ തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2014-ല്‍ 2226 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് 2018-ല്‍ 2967 കടുവകളുണ്ട്. 2006-ലെ 1411 കടുവകളില്‍ നിന്ന് 12 വര്‍ഷംകൊണ്ട്  ഇരട്ടിയോളം വര്‍ദ്ധന പ്രതിവര്‍ഷം വര്‍ദ്ധനയുടെ  തോത് 6 ശതമാനം. 

കേരളത്തിലെ കടുവകളുടെ എണ്ണം 136 (2014)-ല്‍ നിന്ന് 190 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ള സംസ്ഥാനം  മദ്ധ്യപ്രദേശാണ് (526), കര്‍ണ്ണാടക (524), ഉത്തരാഖണ്ഡ് (442), മഹാരാഷ്ട്ര (312), തമിഴ്‌നാട് (264), അസം (190), ഉത്തരപ്രദേശ് (173), രാജസ്ഥാന്‍ (69), ആന്ധ്രപ്രദേശ് (48), ബീഹാര്‍ (31), തെലുങ്കാന (26), ഛത്തീസ്ഗഡ് (19), ഒഡീഷ (28), അരുണാചല്‍ പ്രദേശ് (29), ഗോവ (3) എന്നിങ്ങനെയാണ് കടുവകളുടെ എണ്ണം. മിസൊറാമിലും, കിഴക്കന്‍ ബംഗാളിലും കടുവകളെ കണ്ടെത്താനായില്ല. 

Tiger

അഭിമാന മൃഗം

1972 വരെ സിംഹമായിരുന്നു നമ്മുടെ ദേശീയ മൃഗം. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയ സ്വഭാവം കൂടുതലുള്ള കടുവയെ പിന്നീട് നമ്മുടെ ദേശീയ മൃഗമാക്കുകയായിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടേയും ദേശീയ മൃഗം കടുവയാണ്. ഹിമാലയം മുതല്‍ കന്യാകുമാരി വരെ സാന്നിധ്യമുള്ള കടുവകള്‍ രാജസ്ഥാനിലെ മരുപ്രദേശങ്ങളിലും പഞ്ചാബ്, കച്ച്, സിന്ധ് പ്രദേശങ്ങളിലും കാണപ്പെടുന്നില്ല. കടുവകളുടെ നാടായ ഇന്ത്യയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ കടുവകളുണ്ടായിരുന്നു.  കഴിഞ്ഞ നൂറു വര്‍ഷം കൊണ്ട് കടുവകളുടെ ആവാസ വ്യവസ്ഥയില്‍ തൊണ്ണൂറു ശതമാനത്തിലധികം മനുഷ്യന്‍ നശിപ്പിച്ചു കഴിഞ്ഞു.  ഇന്ന് ലോകത്തുള്ള കടുവകളുടെ എണ്ണം ഏകദേശം  നാലായിരത്തിനടുത്താണ് (3890-(2016)). ഇതില്‍ 70 ശതമാനത്തിനടുത്ത് ഇന്ത്യയിലാണ് (2,226-(2014)). കാടുകളിലെ കടുവകളുടെ എണ്ണമാണിത്. ഇതിന്റെ  മൂന്നിരട്ടി കടുവകള്‍ അമേരിക്കയിലെ കാഴ്ചബംഗ്ലാവുകളില്‍ ഉണ്ടത്രേ. 

ഇനങ്ങള്‍ 

പരമ്പരാഗതമായി എട്ടിനം കടുവകള്‍  ലോകത്തുള്ളതായി പറയുന്നു. സൈബീരിയന്‍, ബംഗാള്‍, ചൈനീസ് ഇന്നോ-റെലനീസ്, സുമാത്രന്‍, ജാവന്‍, ബലിനീസ്, കാസ്പിയന്‍ എന്നിങ്ങനെ. ഇതില്‍ അവസാനത്തെ മൂന്നെണ്ണത്തിന്  കഴിഞ്ഞ നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ചു. ബാക്കിയുള്ളവ  വംശനാശ ഭീഷണിയിലാണ്. ജനിതക പഠനങ്ങളനുസരിച്ച്  ലോകത്തില്‍ ആറിനങ്ങളേയുള്ളൂ. ഏറ്റവും പുതിയതായി ഇവയെ രണ്ട് പൊതു ഇനങ്ങളായി ചുരുക്കിയിരിക്കുന്നു. ടൈഗ്രിസ്, സുമാത്ര എന്നിവയാണിവ. ഇതില്‍ കടുവകളുടെ പൂര്‍വികരായും, ഏറ്റവും വലുപ്പമുള്ളവരായും കണക്കാക്കപ്പെടുന്നത് സൈബീരിയന്‍ (അമുര്‍) കടുവകളാണ്. റോയല്‍ ബംഗാള്‍ കടുവകളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അഭിമാനം.  

Tiger

വര്‍ഗീകരണം

മൃഗലോകത്തില്‍ (Animal Kingdom), നട്ടെല്ലുള്ള  ജീവികളില്‍ (Vertebrates), സസ്തനികള്‍ (Mammals) എന്ന ക്ലാസ്സില്‍, കാര്‍ണിവോറ എന്ന ഓര്‍ഡറിലാണ് കടുവകളുടെ സ്ഥാനം. കുടുംബ നാമം ഫെലിഡേ എന്നും ശാസ്ത്ര നാമം പാന്തെറ ടൈഗ്രിസ് (Panthera tigris) എന്നുമാണ്.  പൂച്ച കുടുംബമാണിത്. അതില്‍ത്തന്നെ ഏറ്റവും  വലിയ അംഗം.  

പ്രത്യേകതകള്‍ ഏറെ

നിറം - ചുവപ്പു കലര്‍ന്ന ഓറഞ്ചില്‍ കറുത്ത വരകള്‍

മൊത്തം നീളം - ആണ്‍ കടുവ - 270-310 സെന്റീമീറ്റര്‍

പെണ്‍ കടുവ - 240-265 സെന്റീമീറ്റര്‍

വാല്‍ നീളം - 60-90 സെന്റീമീറ്റര്‍

ഉയരം (ചുമല്‍ വരെ) - 90-110 സെന്റീമീറ്റര്‍

ശരീര ഭാരം - ആണ്‍ കടുവ - 175-260 കിലോഗ്രാം

പെണ്‍ കടുവ - 100-175 കിലോഗ്രാം

ഗര്‍ഭകാലം - 103-110 ദിവസങ്ങള്‍

കുട്ടികളുടെ എണ്ണം - 1-7 (മൂന്നെണ്ണം പതിവ്)

ആണ്‍ പെണ്‍ അനുപാതം ജനനസമയത്ത് തുല്യം

ജീവിതദൈര്‍ഘ്യം - കാട്ടില്‍ - 12-15 വര്‍ഷം

ഒറ്റയ്ക്കുള്ള ജീവിതം - 18-24 മാസം പ്രായത്തില്‍ 

ഇരയുടെ അളവ് - നിലനില്‍പ്പിന് - 40-50 കുളമ്പുള്ള ജീവികള്‍ ഒരു(ഒരു കടുവയ്ക്ക്)വര്‍ഷത്തില്‍

അമ്മമാര്‍ക്ക് 60-70 വര്‍ഷത്തില്‍

കാട്ടിലെ വേട്ടക്കാരന്‍

തല മുതല്‍ വാല്‍വരെയുള്ള പല ശാരീരിക പ്രത്യേകതകളും കടുവയെ വേട്ടയില്‍ സഹായിക്കുന്നു.  ഒരു മീറ്ററോളം നീളമുള്ള വാല്‍ ഓട്ടത്തിനിടയ്ക്ക് പെട്ടെന്ന്  തിരിയുമ്പോള്‍  ശരീരം ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു.  മുന്‍കാലുകളേക്കാള്‍ നീളമുള്ള പിന്‍കാലുകളും, കോളര്‍ എല്ലിന്റെ അഭാവവും നീളത്തില്‍ (10 മീറ്റര്‍ വരെ) ചാടാന്‍ സഹായിക്കുന്നു.  നീളം കുറഞ്ഞ ആമാശയവ്യൂഹമാണ് കടുവകള്‍ക്കുള്ളത്.  സസ്യാഹാരികളേക്കാള്‍ താരതമ്യേന ചെറിയ ആമാശയ വ്യൂഹം മതി മാംസഭുക്കുകള്‍ക്ക്. ഇത് ഇര പിടുത്തത്തിന് സഹായകരമാണ്.  ശരീരത്തിലെ തൊലിയും,രോമങ്ങളും,വരകളും ഒളിച്ചിരിക്കാനും,താപസംരക്ഷണത്തിനും സഹായം.  

30 പല്ലുകളാണ് കടുവകള്‍ക്ക്. കോമ്പല്ലുകള്‍ക്ക്  നല്‍കിയിരിക്കുന്ന സ്പര്‍ശ നാഡീ തന്തുക്കള്‍ ഇരയുടെ കഴുത്തറക്കാന്‍ ഏറെ സഹായം. അണപ്പല്ലുകളില്‍ ചിലത് പ്രത്യേകമായ കാര്‍നേഷ്യന്‍ പല്ലുകളായി മാംസത്തെ മുറിക്കാന്‍ സഹായിക്കുന്നു. ഉളിപ്പല്ലുകളാകട്ടെ ഇരയുടെ തൂവലുകള്‍ പറിക്കാനും, മാംസത്തെ എല്ലില്‍ നിന്നും വേര്‍പ്പെടുത്താനും  സഹായിക്കുന്നു.  മുന്‍കാലുകളിലെ ശക്തമായ  എല്ലുകള്‍ വലിയ ഇരകളെ കീഴടക്കാന്‍ സഹായിക്കുന്നു.  പത്തു സെന്റീമീറ്ററോളം  നീളമുള്ള നഖങ്ങള്‍, ഇരയെ പിടിക്കാന്‍ സഹായം ചെയ്യുന്നു. 

Tiger

ഇന്ദ്രിയങ്ങളുടെ ശക്തി

കടുവകള്‍ക്കുമുണ്ട് മുഖത്ത് വിസ്‌ക്കേര്‍സ് (Whiskers) എന്നറിയപ്പെടുന്ന മീശകള്‍. ഏകദേശം പതിനഞ്ചു സെന്റീമീറ്റര്‍ വരെ നീളമുള്ള ഇവ സ്പര്‍ശന സഹായിയാണ്. നാവിലെ ചെറിയ തടിപ്പുകള്‍ ഇരയുടെ തൂവലുകള്‍ മാറ്റാന്‍ സഹായകരമാകുന്നു. ശബ്ദം പിടിച്ചെടുക്കാനുള്ള കഴിവാണ് വേട്ടയാടാന്‍ ഏറെ പ്രധാനം. റഡാര്‍ ഡിഷുകള്‍പോലെ വിടര്‍ന്ന ചെവികള്‍ ഇവയ്ക്കുണ്ട്.  മണം ഇരപിടിക്കുന്നതിനേക്കാള്‍ അതിര്‍ത്തി നിര്‍ണയം, പ്രത്യുൽപാദനം, ആശയ വിനിമയം എന്നിവയ്ക്ക് സഹായം.  ഇരുട്ടില്‍ നല്ല കാഴ്ച നല്‍കുന്ന കണ്ണുകള്‍ ത്രിമാന ചിത്രങ്ങളും, ബൈനോക്കുലര്‍  കാഴ്ചയും നല്‍കി ഇരപിടുത്തം എളുപ്പമാക്കുന്നു.

കുടുംബജീവിതം 

അമ്മയുടെ തണലിലാണ് കുടുംബം. കുഞ്ഞുങ്ങളുടെ പരിപാലനവും, വളര്‍ത്തലുമൊക്കെ പെണ്‍കടുവയാണ് ചെയ്യുന്നത്. ശിശു മരണനിരക്ക് കൂടുതലാണ് കടുവകളില്‍.  കണ്ണുകള്‍ തുറക്കാത്ത പ്രസവശേഷമുള്ള  6-12 ദിവസം അമ്മയാണ് അവരുടെ ആശ്രയം. രണ്ടുമാസം വരെ അമ്മയുടെ കൂടെത്തന്നെ ജീവിതം. രണ്ടുമാസം വരെ പാലാണ് ആഹാരം.  4-8 ആഴ്ച പ്രായത്തില്‍ മാംസാഹാരം തുടങ്ങുന്നു. ആറുമാസം പ്രായത്തില്‍ ഇരതേടി തുടങ്ങുന്നു. പെണ്‍കടുവകള്‍  3, ആണ്‍കടുവകള്‍ 4 വയസ്സിലും പ്രായപൂര്‍ത്തിയെത്തുന്നു. പെണ്‍കടുവകള്‍  നീളത്തില്‍  ചെറുതെങ്കിലും വാല്‍നീളം അവര്‍ക്കാണ് കൂടുതല്‍. ആണ്‍കടുവയുടെ പാദമുദ്ര (Pugmark) വട്ടത്തില്‍ കാണപ്പെടുമ്പോള്‍ പെണ്‍കടുവയുടേത്  മുട്ടയുടെ ആകൃതിയിലായിരിക്കും.  വേട്ടയാടാനുള്ള പരിശീലനം  നല്‍കുന്നത് അമ്മയാണ്.  

Tiger

തീറ്റക്കാര്യം

ആഹാര ശൃംഖലയുടെ ഏറ്റവും മുകളിലുള്ള  കടുവകള്‍ക്ക്  ആഴ്ചയില്‍ ഒരു മാനിന്റെ വലിപ്പമുള്ള  ഇരയാണ് ആവശ്യം.  കുളമ്പുള്ള വലിയ ജീവികളാണ് ഇഷ്ടപ്പെട്ട ഇരകളെങ്കിലും പക്ഷി, മത്സ്യം, പാമ്പ് തുടങ്ങി ആനകള്‍വരെ ഇരയാകാം. ഇര കിട്ടാതെ വരുന്ന സന്ദര്‍ഭത്തിലും മുറിവേറ്റ, വയസായ അവസ്ഥകളിലും മാത്രമേ മനുഷ്യനില്‍ താല്‍പര്യമുണ്ടാകാറുള്ളൂ. സന്ധ്യമയങ്ങുമ്പോഴാണ്  ഇരപിടുത്തം. ഓടിപ്പിക്കാറില്ല പതുങ്ങിയിരുന്ന്  ചാടിപ്പിടിക്കും. മുഖത്തോടു മുഖം വന്നല്ല വശങ്ങളില്‍ നിന്നും, പിറകില്‍ നിന്നും ആക്രമണം. തന്നേക്കാള്‍ രണ്ടിരട്ടി ശരീര വലിപ്പമുള്ള ജീവികളെവരെ ഇരയാക്കും. പല്ലുകള്‍ ആഴ്ത്തിയിറക്കി കഴുത്തിലെ രക്തക്കുഴലുകള്‍ പൊട്ടിച്ച്, രക്തം വാര്‍ന്ന് കൊല്ലും. എല്ലുകള്‍പോലും തകര്‍ക്കാന്‍ ശക്തമായ പല്ലും, താടിയെല്ലും ദൂരത്തേക്ക് വലിച്ചുകൊണ്ടുപോകാനും സഹായിക്കുന്നു. ഒരുസമയത്ത് 20-40 കി.ഗ്രാം മാംസം കഴിക്കും. ദിവസം ശരാശരി 10 കി.ഗ്രാം മാംസം വേണം. ധാരാളം ജലം കുടിക്കും

കാത്തുകൊള്ളുക

1875-ല്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ജിം കോര്‍ബറ്റ് എന്ന ബ്രിട്ടീഷുകാരന്‍ കടുവാ വേട്ടക്കാരനായിരുന്നു.  1930-ല്‍ വേട്ടയവസാനിപ്പിച്ച്  വന്യജീവി സംരക്ഷണത്തിനിറങ്ങി. അദ്ദേഹത്തിന്റെ ശ്രമഫലമായി  ഇന്ത്യയിലെ  ആദ്യ കടുവാ സംരക്ഷണ കേന്ദ്രമായ ഹെയ്‌ലി കോര്‍ബറ്റിന്റെ പേര് ഇതിനു നല്‍കപ്പെട്ടു. ഉത്തരാഖണ്ഡിലാണ് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്. അദ്ദേഹം എഴുതിയ  പുസ്തകമാണ് ദി മാന്‍ ഈറേഴ്സ് ഓഫ് കുമയൂണ്‍.ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്തിരാഗാന്ധിയാണ് കടുവകളുടെ  സംരക്ഷണത്തിന്  മുന്‍കയ്യെടുത്തത്. 

ആവാസവ്യവസ്ഥയില്‍ കടുവകള്‍ കുറയുന്നത് സസ്യഭുക്കുകളുടെ എണ്ണം കൂട്ടി. പ്രകൃതിയുടെ മൊത്തം ഭക്ഷ്യശൃംഖലയെ  ബാധിക്കുമെന്ന ബോധ്യമായിരുന്നു ഇതിനു പിന്നില്‍.  കടുവകളുടെ എണ്ണം നാല്‍പതിനായിരത്തില്‍  നിന്ന് 1969-ല്‍ 2500 ആയിരുന്നു. 1972-ല്‍ വന്യജീവി സംരക്ഷണ നിയമവും 1973-ല്‍ പ്രോജക്ട് ടൈഗറും  നിലവില്‍ വന്നു.  ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ  കീഴിലാണ് ഈ പദ്ധതി.  കേന്ദ്ര പദ്ധതിയായ ഇത് സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കുന്നു. ഇപ്പോള്‍ 18 സംസ്ഥാനങ്ങളിലായി 49 ടൈഗര്‍ റിസര്‍വുകളുണ്ട്. കർണാടകയിലെ ബന്ദിപ്പൂര്‍, മധ്യപ്രദേശിലെ കന്‍ഹ, ആസാമിലെ  കാസിരംഗ, രാജസ്ഥാനിലെ  റത്തൻബോര്‍ എന്നിവ പ്രസിദ്ധമാണ്.  

Tiger

കാര്യം രസകരം

രാത്രിയില്‍ മനുഷ്യനേക്കാള്‍ ആറിരട്ടി  കാഴ്ചശക്തി. 

വെള്ളം കുടിയ്ക്കാനും, നീന്താനും ഏറെ ഇഷ്ടം

ഒറ്റയാനായി ഇരപിടുത്തം, രണ്ടുവര്‍ഷം വരെ അമ്മയോടൊത്ത് പിന്നീട് ഒറ്റയ്ക്ക്.

സ്വന്തം സാമ്രാജ്യം സംരക്ഷിക്കാന്‍ മൂത്രമൊഴിച്ചും, മരത്തില്‍ നഖമുരച്ചും അതിര്‍ത്തി നിര്‍ണ്ണയം

മികച്ച ചാട്ടക്കാരന്‍ - ആറുമീറ്റര്‍ ദൂരെ വരെ നേരെയും,നാലുമീറ്റര്‍ ഉയരത്തിലേക്കും 

ശരീരത്തിലെ വരകള്‍ ഓരോ കടുവയ്ക്കും വ്യത്യസ്തം.നമ്മുടെ വിരലടയാളം പോലെ

മാംസഭുക്കുകളില്‍ തലച്ചോറിന്റെ വലിപ്പത്തില്‍ ധ്രുവക്കരടിയുടെ മാത്രം പിന്നില്‍

ശരീഭാരം മരംകയറ്റം ബുദ്ധിമുട്ടാക്കുന്നു. പക്ഷേ ചെരിഞ്ഞ മരങ്ങളില്‍ അനായാസം കയറും 

ആംബുഷ്, സ്ട്രീക്ക് എന്നാണ് കടുവക്കൂട്ടത്തിന്റെ പേര് 

ശബ്ദാനുകരണ ശേഷി, ഉച്ചത്തില്‍ ഗര്‍ജ്ജനം

പെരിയാര്‍ നല്ല വീട്

ഇന്ത്യയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്വന്തം പെരിയാര്‍. 2018-ല്‍ രാജ്യത്തെ 50 കടുവ സങ്കേതങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സമ്മാനം. ഒപ്പം തന്നെ മധ്യപ്രദേശിലെ പെഞ്ച് കടുവ സങ്കേതവുമുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും നല്ല കടുവസംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന  സംസ്ഥാനത്തിനുള്ള  സമ്മാനവും കേരളത്തിനു തന്നെ. 18 സംസ്ഥാനങ്ങളിലായി  50 കടുവ സങ്കേതങ്ങളാണുള്ളത്. 

ഇന്ത്യയിലെ പ്രധാന കടുവാ സങ്കേതങ്ങള്‍

പെരിയാര്‍ - കേരളം

പറമ്പിക്കുളം - കേരളം

സുന്ദര്‍ബന്‍ - ബംഗാള്‍

ബക്‌സാ - ബംഗാള്‍

ഇന്ദ്രാവതി - ഛത്തീസ്ഗഡ്

വാത്മീകി - ബീഹാര്‍

നമേരി - അസം

കാസിരംഗ - അസം

മാനസ് - അസം

ഡംപ - മിസോറം

ബന്ദിപ്പൂര്‍ - കര്‍ണ്ണാടകം

ഭദ്ര - കര്‍ണ്ണാടകം

ആനമല - തമിഴ്‌നാട്

മുതുമല - തമിഴ്‌നാട്

സത്യമംഗലം - തമിഴ്‌നാട്

കലക്കാട് - തമിഴ്‌നാട്

കവാള്‍ - തെലങ്കാന

മെല്‍ഘട്ട് - മഹാരാഷ്ട്ര

ബോര്‍ - മഹാരാഷ്ട്ര

മുകന്‍ന്ദര ഹില്‍സ് - രാജസ്ഥാന്‍

രന്തംഭോര്‍ - രാജസ്ഥാന്‍

സരിസ്‌ക - രാജസ്ഥാന്‍

ദുധ്വ - ഉത്തര്‍പ്രദേശ്

പിലിബിത്ത് - ഉത്തര്‍പ്രദേശ്

ജിംകോര്‍ബറ്റ് - ഉത്തരാഖണ്ഡ്

നംദാഫ - അരുണാചല്‍ പ്രദേശ്

പഖുയി - അരുണാചല്‍ പ്രദേശ്

പലാമു - ജാര്‍ഖണ്ഡ്

സിംലിപാല്‍ - ഒഡീഷ

സാത്പുര - മധ്യപ്രദേശ്

കന്‍ഹ - മധ്യപ്രദേശ്

പെന്‍ജ് - മധ്യപ്രദേശ്

പന്ന - മധ്യപ്രദേശ്

English Summary:India tiger census shows rapid population growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com