കൊടുംതണുപ്പ്, കൊടുംചൂട്, അതിഭീകര റേഡിയേഷൻ, ഒരുതരി പ്രാണവായുവില്ലാത്ത അവസ്ഥ, ശരീരത്തിലെ ഞരമ്പുകളെ പൊട്ടിക്കുന്ന മർദവ്യതിയാനം, ബഹിരാകാശ റേഡിയേഷൻ... ഇങ്ങനെ മനുഷ്യനു താങ്ങാനാകാത്ത എല്ലാ പ്രശ്നങ്ങളെയും ‘കൂളായി’ നേരിടുന്ന ഒരു ജീവിയുണ്ട്. ടാർഡിഗ്രാഡെന്നാണു പേര്. ചട്ടിയിലിട്ടു വറുത്താലും വെള്ളത്തിലിട്ടു പുഴുങ്ങിയാലും യാതൊരു കുഴപ്പവും പറ്റാത്ത ഈ കുഞ്ഞന് ആകെ 0.5 മില്ലിമീറ്ററേയുള്ളൂ വലുപ്പം. ചൂടും തണുപ്പുമെല്ലാമേൽക്കുമ്പോൾ ശരീരത്തിലെ മറ്റെല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് മൃതാവസ്ഥയിലേക്കു മാറുന്നതാണ് ഇവയുടെ രീതി. ശരീരത്തിലെ ഒരു പ്രത്യേകതരം പ്രോട്ടിനാണ് അതിന് ഇവയെ സഹായിക്കുന്നത്. അനുകൂല സാഹചര്യം വരുമ്പോൾ ശാരീരിക പ്രവർത്തനം പുനഃരാരംഭിക്കും.
എന്നാൽ ലോകത്തിൽ ഒന്നിനും കൊല്ലാനാകില്ലെന്നു കരുതിയ ടാർഡിഗ്രേഡിനും ‘വീക്ക് പോയിന്റുണ്ടെന്ന്’ ഒടുവിൽ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. അതായത് ഇവയ്ക്കും പ്രതിരോധിക്കാൻ പറ്റാത്ത ഒരവസ്ഥയുണ്ട്. കൊടുംചൂട് ഏറെനേരത്തേക്ക് ഇവയ്ക്കു നേരെ പ്രയോഗിച്ചാൽ മതിയെന്നാണ് കോപ്പൻഹേഗൻ സർവകലാശാല ഗവേഷകരുടെ കണ്ടെത്തൽ. തുടർച്ചയായി ചൂടേറ്റാൽ ജീവൻ നിലനിർത്താനുള്ള ഇവയുടെ സാധ്യതയും അതിനനുസരിച്ച് കുറഞ്ഞുവരും, ഒടുവിൽ ചത്തുപോകും. ആഗോളതാപനത്തിന്റെ പ്രശ്നങ്ങളെപ്പറ്റി പഠിച്ചപ്പോഴായിരുന്നു ഇത്തരമൊരു കണ്ടെത്തലിലെത്തിയത്.

ടാർഡിഗ്രേഡുകളുടെ ‘വീക്ക് പോയിന്റ്’ കണ്ടെത്താനുള്ള പരീക്ഷണത്തിനായുള്ള സാംപിളുകൾ ഡെന്മാർക്കിലെ ഒരു വീടിനു മുകളിൽ നിന്നാണു ഗവേഷകർ ശേഖരിച്ചത്. ഇവ ‘ആക്ടീവ്’ ആയിരിക്കുന്ന അവസ്ഥയിലും ‘മൃതമായ’ അവസ്ഥയിലും തുടർച്ചയായി കൊടുംചൂട് പ്രയോഗിച്ചു. രണ്ടിലും മരണമായിരുന്നു ഫലം. ചൂടിന്റെ തോത് കൂട്ടിയും കുറച്ചുമെല്ലാം പരീക്ഷണം നടത്തി. 151 ഡിഗ്രി സെൽഷ്യസ് ചൂട് വരെ അരമണിക്കൂറോളം താങ്ങാൻ ഇവയ്ക്കാകുമെന്ന് 2006ൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ ‘അതിജീവനത്തിനുള്ള’ ശേഷി ഇവയ്ക്ക് കുറഞ്ഞുവരികയാണെന്നാണു പുതിയ കണ്ടെത്തൽ. സയന്റിഫിസ് റിപ്പോർട്ട്സ് ജേണലിലാണു പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൂമിയിലെ കടലുകൾ സ്ഥിരമായി തിളയ്ക്കുന്ന ഒരവസ്ഥ വന്നാൽ ടാർഡിഗ്രേഡുകളും ഇല്ലാതാകുമെന്നു നേരത്തേ കണ്ടെത്തിയിരുന്നു. അതിന് കോടിക്കണക്കിനു വർഷം ഇനിയും വേണം. ആഗോളതാപനം ഇവ്വിധത്തിൽ തുടർന്നാൽ ആ കാലാവധി പിന്നെയും കുറയുമെന്നാണു ഗവേഷകർ പറയുന്നത്. അന്റാർട്ടിക്കിൽ കാണപ്പെടുന്ന ഒരുതരം ടാർഡിഗ്രേഡ് (Acutuncus antarcticus) കാലാവസ്ഥാ വ്യതിയാനം കാരണം വംശനാശഭീഷണിയിലാണെന്ന് 2018ൽ റിപ്പോർട്ടുണ്ടായിരുന്നു. Ramazzottius varieornatus എന്നയിനം ജലക്കരടികളും ഇതേ പ്രശ്നം നേരിടുന്നുണ്ട്.

ഏകദേശം 1300 ഇനത്തിൽപ്പെട്ട ടാർഡിഗ്രേഡുകളുണ്ട്. രൂപത്തിലെ കൗതുകം കാരണം ജലക്കരടിയെന്നും ഇവയ്ക്കു പേരുണ്ട്. 0.3 മുതൽ 0.5 മില്ലിമീറ്റർ വരെയാണു പലതിന്റെയും വലുപ്പം. കടൽ, ശുദ്ധജല തടാകങ്ങൾ, നദികൾ, ഓവുചാലുകൾ, മഞ്ഞുതടാകങ്ങൾ തുടങ്ങി തണുത്ത പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കാണുക. ചെറുവീപ്പ പോലെയാണു ശരീരം, എട്ടു ചെറിയ കാലുകളുമുണ്ട്. ഡാമേജ് സപ്രസ്സർ എന്നാണ് ഇവ ഉൽപാദിപ്പിക്കുന്ന പ്രോട്ടിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഡിസപ് എന്ന് ചുരുക്കപ്പേര്. 2016ലാണ് കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ആദ്യമായി ഇവയുടെ ശരീരത്തിലെ ഈ പ്രോട്ടിൻ കണ്ടെത്തുന്നത്.
ടാർഡിഗ്രേഡിന്റെ ശരീരകോശങ്ങൾക്ക് ചുറ്റിലും മേഘപടലം പോലെ ഒരു ആവരണം സൃഷ്ടിച്ചാണ് ഡിസപ് സഹായിക്കുന്നത്. പ്രോട്ടീനു രണ്ടു ഭാഗങ്ങളുണ്ട്. ഇതിലൊന്ന് കോശങ്ങളിലെ ക്രോമാറ്റിനോടു ചേർന്നിരിക്കുന്നു. രണ്ടാമത്തേതാണ് ഡിഎൻഎയെ പുറത്തുനിന്നുള്ള ആക്രമണങ്ങളിൽ നിന്ന് ആവരണം തീര്ത്തു സംരക്ഷിക്കുന്നു. കോശങ്ങളിൽ ഡിഎൻഎ സ്ഥിതി ചെയ്യുന്നത് ക്രോമാറ്റിനുള്ളിലാണ്. അകത്തും പുറത്തും ഒരേസമയം സംരക്ഷണം തീര്ക്കാൻ ഡിസപിനാകുമെന്നു ചുരുക്കം. ഇതിന്റെ സഹായത്താലാണ് ലോകം കണ്ട അഞ്ചു മഹാവംശനാശങ്ങളിൽ നിന്ന് ഈ ജലക്കരടി രക്ഷ നേടിയതും.
English Summary: Tardigrades Are Basically Indestructible, But Scientists Just Found Their Weak Point