ആശുപത്രിയിൽ ദിനംപ്രതി എത്തുന്നത് ഡസൻകണക്കിന് കോലകള്‍; ഇപ്പോൾ അവശേഷിക്കുന്നത്?

Koala
SHARE

ഓസ്ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ ഏറ്റവുമധികം നാശം നേരിട്ടത് കോലകൾക്കാണ്. കങ്കാരു ഐലൻഡിലെ വൈൽഡ് ലൈഫ് പാർക്കിലുള്ള കോല ആശുപത്രിയിൽ ദിനംപ്രതി എത്തുന്നത്  ഡസൻകണക്കിന് കോലകളാണ്. കൂടകളിലും ചെറു ബാസ്കറ്റ്കളിലുമൊക്കെയായി രക്ഷിക്കാവുന്നിടത്തോളം കോലകളെ ഇവിടെയത്തിക്കുകയാണ് ആളുകൾ. 

ദിനംപ്രതി കൂടി വരുന്ന കോലകളുടെ എണ്ണം മൂലം ഇപ്പോൾ അവയ്ക്ക് പേരുകൾ നൽകാതെ നമ്പറുകളിട്ടാണ് പരിചരണം നൽകുന്നത്. ആശുപത്രിയിലെത്തിക്കുന്നവയെ എല്ലാം രക്ഷപ്പെടുത്താനും സാധിക്കാറില്ല. ആഴത്തിലുള്ള മുറിവു പറ്റി ദയനീയ അവസ്ഥയിലായതിനെ തുടർന്ന് നിരവധി  കോലകൾക്ക് ദയാവധവും നൽകേണ്ടിവന്നു.

46,000 കോലകൾ ആണ് കാട്ടുതീ പടർന്നതിനുമുൻപ് ഐലൻഡിൽ ഉണ്ടായിരുന്നത്. അവയുടെ എണ്ണം ഇപ്പോൾ 9000 മാത്രമായി ചുരുങ്ങിയെന്ന് സൗത്ത് ഓസ്ട്രേലിയയിലെ വെറ്ററിനറി എമർജൻസി മാനേജ്മെൻറ് ടീമിൻറെ തലവനായ സ്റ്റീവൻ സെൽവുട്‌ പറയുന്നു. സ്വതവേ വേഗത കുറവായ ജീവികളായതിനാലാണ് ഇത്രയധികം   കോലകൾ അപകടത്തിൽപ്പെട്ടത്.

കങ്കാരു ഐലൻഡിലെ പകുതിയിലേറെ ഭാഗം തീപിടുത്തത്തിൽ നഷ്ടപ്പെട്ടതായാണ്  കണക്കാക്കുന്നത്. ഇവിടെയുണ്ടായിരുന്ന കോലകളിൽ 80 ശതമാനവും  കാട്ടുതീയിൽ തുടച്ചുനീക്കപ്പെട്ടു. വനത്തിന്റെ വലിയൊരു ഭാഗം തന്നെ നഷ്ടപ്പെട്ടതിനാൽ ചികിത്സയിലിരിക്കുന്ന മൃഗങ്ങൾ രക്ഷപ്പെട്ടാൽ അവയെ എവിടെ പാർപ്പിക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്. രക്ഷപ്പെട്ട ശേഷവും വാസസ്ഥലമില്ലാത്തതിനാൽ മിക്ക മൃഗങ്ങളെയും കൂട്ടിൽ തന്നെ പാർപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

English Summary: Makeshift Koala Hospital in Australia Scrambles to Save Animals Hurt in Bushfires

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA