ADVERTISEMENT

കോടിക്കണക്കിനു വരുന്ന ജീവികളുടെ ജീവനെടുത്ത ഓസ്ട്രേലിയന്‍ കാട്ടുതീ ഇനിയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. തീ കടന്നു പോയ പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അധികൃതരും സാധാരണക്കാരുമെല്ലാം ഈ ശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. അതേസമയം മനുഷ്യര്‍ മാത്രമല്ല ചില മൃഗങ്ങളും അറിയാതെയെങ്കിലും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി എന്നതാണ് കൗതുകകരമായ കാര്യം.

വോംബാറ്റ് എന്ന ചെറു സസ്തനികളാണ് മനഃപൂര്‍വമല്ലെങ്കിലും കാട്ടുതീ പടര്‍ന്ന സമയത്ത് മറ്റ് ചെറു ജീവികള്‍ക്ക് രക്ഷകരായത്. ചെറു സസ്തനി എന്നു വിളിക്കുമെങ്കിലും അത്ര ചെറുതല്ല വോംബാറ്റുകള്‍. 25 കിലോ വരെ ഭാരമുള്ള ഒരു മീറ്ററിലധികം വരെ നീളം വയ്ക്കുന്നവയാണ് ഈ ജീവികള്‍. രോമങ്ങള്‍ നിറഞ്ഞ ഇവയുടെ ശരീരം എലികളോടു സാദൃശ്യമുള്ളതാണെങ്കിലും വാല് തീരെ ചെറുതാണ്. അതേസമയം എലികള്‍, കീരികള്‍ തുടങ്ങിയവയെ പോലെ മാളം നിര്‍മിച്ചാണ് ഇവയുടെ താമസം.

വോംബാറ്റുകള്‍ രക്ഷകരായത് എങ്ങനെ?

കാട്ടുതീ പടര്‍ന്ന് പിടിച്ച സമയത്ത് മുയലുകളും, കോലകളും മുതല്‍ ചെറു ക്ഷുദ്രജീവികള്‍ വരെ അഭയം തേടിയത് വോംബാറ്റുകളുടെ മാളത്തിലാണ്. മണ്ണിനടിയിലായതിനാല്‍ തന്നെ കാട്ടുതീ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ മാളത്തില്‍ അഭയം തേടിയത് കൊണ്ട്  ഇവയ്ക്കു കഴിഞ്ഞു. പക്ഷേ എങ്ങനെയാണ് വോംബാറ്റുകളുടെ മാളങ്ങള്‍ക്ക് ഇത്രയധികം ജീവികളെ ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണ് ഉയരുന്ന ചോദ്യം. കൂടാതെ വോംബാറ്റുകള്‍ ഈ ജീവികളെ ഉള്ളിലേക്കെത്താന്‍ എങ്ങനെ അനുവദിച്ചുവെന്നതും.

വോംബാറ്റുകള്‍ തങ്ങളുടെ മാളങ്ങള്‍ മറ്റു ജീവികള്‍ക്കു വേണ്ടി തുറന്നു കൊടുത്തുവെന്നും തീ പിടിച്ച സമയത്ത് മറ്റ് ചെറുജീവികളെ വോംബാറ്റുകള്‍ സ്വന്തം മാളത്തിലേക്കു വഴികാട്ടിയെന്നുമെല്ലാം അവകാശപ്പെടുന്ന നിറം പിടിപ്പിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. മറ്റു ചിലരാകട്ടെ വോംബാറ്റുകളുടെ മാളം ജീവികള്‍ക്ക് സുരക്ഷിത താവളമായി എന്ന റിപ്പോര്‍ട്ടുകളെ പുച്ഛിച്ച് തള്ളുകയും ചെയ്യുന്നു. ഈ രണ്ട് കൂട്ടരുടെയും നിലപാട് യാഥാഥ്യം തിരിച്ചറിയാതെയാണെന്ന് വോംബാറ്റുകളെ കുറിച്ചുള്ള പഠനങ്ങളും ഇവയെ കുറിച്ച് പഠനം നടത്തിയ ഗവേഷകരും ചൂണ്ടിക്കാട്ടുന്നു.

വോംബാറ്റുകളുടെ മാളങ്ങള്‍

വോംബാറ്റ് മാളങ്ങളുടെ പ്രത്യേക തന്നെയാണ് ഇത്രയധികം ജീവികള്‍ക്ക് സുരക്ഷിതത്വമൊരുക്കാന്‍ കഴിയുന്നതിനു കാരണമായത്. സാധാരണയിലധികം വലുപ്പമുള്ള റോഡന്‍റ് ജീവികളാണ് വോംബാറ്റുകള്‍. അതുകൊണ്ട് തന്നെ ഈ വലുപ്പം അവയുടെ മാളങ്ങള്‍ക്കുമുണ്ട്. 300 മീറ്റര്‍ വരെ നീളമുള്ള വോംബാറ്റുകളുടെ മാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവയുടെ മാളങ്ങള്‍ക്ക് പലയിടത്തായി പുറത്തേക്കുള്ള വഴികളുണ്ട്. അതിനാല്‍ ഒരു മാളം എന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍പല മാളങ്ങള്‍ കൂടിച്ചേര്‍ന്ന സങ്കേതം എന്നു വിളിക്കുന്നതിയാരിക്കും വോംബാറ്റുകളുടെ വാസസ്ഥലത്തിനു ചേരുന്ന വിശേഷണം.

ഇത്ര വലിയ സങ്കേതത്തില്‍ ഒട്ടനവധി ചെറു ജീവികള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും കയറി കൂടാനാകും. ഇവ പരസ്പരം കാണണമെന്ന് തന്നെ നിര്‍ബന്ധമില്ലെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ മണ്ണിനടിയിലേക്ക് ആഴത്തലാണ് ഇവയുടെ മാളങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ പുറത്തെ താപനിലയിലെ വ്യത്യാസമോ ചൂടോ അകത്ത് സാരമായി ബാധിക്കില്ല. പുറത്ത് താപനിലയില്‍ 24 ഡിഗ്രി സെല്‍ഷ്യസിന്‍റെ വ്യത്യാസം വരുമ്പോള്‍ പോലും വോംബാറ്റുകളെ മാളത്തില്‍ പരമാവധി മാറ്റം വരുക 1 ഡിഗ്രി സെല്‍ഷ്യസായിരിക്കും. അതിനാല്‍ തന്നെ കാട്ടു യുടെ ചൂടില്‍ നിന്നും ഈ മാളത്തിലെത്തുന്ന ജീവികള്‍ക്കു സംരക്ഷണം ലഭിക്കും.

അതായത് വോംബാറ്റുകള്‍ മറ്റ് ജീവികളെ സ്വന്തം വീട്ടിലേക്ക് സ്വീകരിച്ചുവെന്നും അതിലൂടെ രക്ഷിച്ചുവെന്ന തരത്തിലുള്ള കഥകള്‍ അതിശയോക്തിപരമാണ്. അതേസമയം ഇവയുടെ മാളങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാനാകില്ലെന്ന നിരീക്ഷണവും തെറ്റാണ്. കാട്ടുതീ പോലെ അപായകരമായ അവസ്ഥയില്‍ സുരക്ഷിതമായ ഏത് സ്ഥലവും ജീവന്‍ രക്ഷിക്കാന്‍ ജീവികള്‍ തിരഞ്ഞെടുക്കും. ഇത്തരം ഓട്ടപ്പാച്ചിലില്‍ ഒട്ടനവധി ചെറുജീവികള്‍ വോംബാറ്റുകളുടെ മാളം സ്വയരക്ഷയ്ക്കായി തിരഞ്ഞെടുത്തു. മാളത്തിന്‍റെ വലുപ്പവും അതിലെ താപനിയന്ത്രിതമായ അന്തരീക്ഷവും അവയ്ക്ക് സഹായകരമായി എന്നതാണ് സത്യം.

English Summary: Wombats Share Their Burrows During Australian Fires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com