പത്മശ്രീ തുളസി ഗൗഡ വനങ്ങളുടെ എൻസൈക്ലോപീഡിയ; നട്ടുവളർത്തിയത് ഒരുലക്ഷത്തിലധികം മരങ്ങള്‍!

Tulasi Gowda
ചിത്രത്തിന് കടപ്പാട് : ഫേയ്‌സ്ബുക്ക്
SHARE

വനങ്ങളുടെ എൻസൈക്ലോപീഡിയ എന്നു വിശേഷിപ്പിക്കപ്പെടുന്ന തുളസി ഗൗഡ ഇനി പത്മശ്രീ തുളസി ഗൗഡയാണ്. പരിസ്ഥിതി സംരക്ഷണത്തിൽ ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ്  72 കാരിയായ തുളസി ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത തുളസി ഗൗഡയ്ക്ക്‌ വനങ്ങളെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചും ഔഷധച്ചെടികളെക്കുറിച്ചുമുള്ള പാണ്ഡിത്യം അഗാധമാണ്. വനസംരക്ഷണം സ്വന്തം കടമയായി ഏറ്റെടുത്ത ഈ മുത്തശ്ശി ഇതുവരെ നട്ടുവളർത്തിയത് ഒരുലക്ഷത്തിലധികം മരങ്ങളാണ്.

കർണാടകയിലെ ഹോനല്ലി ഗ്രാമത്തിലെ ഹലക്കി ഗോത്ര വർഗത്തിലെ അംഗമാണ് തുളസി ഗൗഡ. പതിറ്റാണ്ടുകളായി വന സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടുവരികയാണ് അവർ. ഇതിനുപുറമേ വനം വകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതിസംരക്ഷണ പരിപാടികളിലെല്ലാം സ്ഥിര സാന്നിധ്യവുമാണ് തുളസി ഗൗഡ.

പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ സമാനതകളില്ലാത്ത സംഭാവനകളാണ് തുളസി ഗൗഡ നൽകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർ യെല്ലപ്പ റെഡ്ഡി അഭിപ്രായപ്പെടുന്നു.  അപൂർവമായ മരങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് അവർക്കുണ്ട്. വനം കയ്യേറ്റം ചെയ്യുന്നവരെ ഒറ്റയ്ക്ക് നേരിട്ടും വനവൽക്കരണത്തിലൂടെ കാട്ടുതീ നിയന്ത്രിച്ചും പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ തുളസി ഗൗഡ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.

ഒരുലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച തുളസി ഗൗഡ അവ ഓരോന്നും സ്വയം വളരാൻ പാകമാകുന്നതുവരെ  അതീവശ്രദ്ധയോടെ പരിപാലിക്കും. പരിസ്ഥിതി സംരക്ഷണവും വനവൽക്കരണവുമെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങുന്ന കാലത്ത്  പതിറ്റാണ്ടുകളായി വനസംരക്ഷണത്തിന് വേണ്ടി സ്വന്തം ജീവിതം ഉഴഞ്ഞുവെച്ച തുളസി ഗൗഡ ലോകത്തിനുതന്നെ മാതൃകയാണ്.

English Summary: Tulasi Gowda: The Padma Shri Recipient Who Planted Over One Lakh Trees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA