കൂറ്റൻ മരത്തിനു മുകളിൽ സിംഹക്കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ബബൂൺ. ഏതെങ്കിലും സിനിമയിലേതല്ല ഈ ദൃശ്യങ്ങൾ. ക്രൂഗർ ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ. പെൺ ബബൂണാണ് സിംഹക്കുട്ടിയെ വളർത്തുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ഒരു ആൺ ബബൂണാണ് സിംഹക്കൂട്ടത്തിൽ നിന്നും തട്ടിയെടുത്ത സിംഹക്കുട്ടിയെ പരിപാലിക്കുന്നത്.
ക്രൂഗർ ദേശീയ പാർക്കിൽ ഔദ്യോഗികാവശ്യത്തിനെത്തിയ കർട്ട് ഷൾട്സ് ആണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. ഫെബ്രുവരി ഒന്നിന് പാർക്ക് സന്ദർശിക്കാനിറങ്ങിയപ്പോഴാണ് ബബൂണുകൾ അസാധാരണമായി ബഹളം വയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അതിരാവിലെ ബബൂണുകൾ ഇങ്ങനെ ബഹളം കൂട്ടുന്നത് അപൂർവമാണ്. സ്കുകൂസായിക്കു സമീപമാണ് ബബൂൺ കൂട്ടത്തെ കണ്ടത്. ശ്രദ്ധിച്ചപ്പോൾ കൂട്ടത്തിൽ ഒരു ബബൂണിന്റെ കൈയിൽ എന്തോ ഇരിക്കുന്നതായി തോന്നി. ആ ബബൂണിലാണ് മറ്റ് ബബൂണുകളും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കർട്ട് മനസ്സിലാക്കി. അല്പ സമയം ബബൂണിനെ വീക്ഷിച്ചതിനു ശേഷമാണ് അതിന്റെ കൈയിലുള്ളത് സിംഹക്കുട്ടിയാണെന്ന് മനസ്സിലായത്.
ബബൂണുകൾ കൂട്ടമായി കാണപ്പെട്ട പ്രദേശത്തിനു സമീപത്തായി പാറക്കൂട്ടമുണ്ട്. ഇവിടെ സിംഹക്കുട്ടികളുമുണ്ടായിരുന്നു. തലേന്നു രാത്രി പാറക്കൂട്ടത്തിനിടയിൽ വിശ്രമിച്ച ബബൂണുകൾ പുലർച്ചെ ഭക്ഷണം തേടിയിറങ്ങിയപ്പോഴാണ് കൂട്ടത്തിൽ ഒരു ബബൂണിന്റെ കൈയിലുള്ള സിംഹക്കുട്ടിയെ കണ്ടത്. സിംഹക്കുട്ടിയെ സിംഹങ്ങളുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്തതാവാനാണ് സാധ്യത.

മറ്റ് ബബൂണുകൾ ഭക്ഷണം തേടി പോയപ്പോൾ സിംഹക്കുട്ടിയുമായി ബബൂൺ തൊട്ടടുത്തുള്ള കൂറ്റൻ മരത്തിലേക്ക് കയറി. ആദ്യം കർട്ട് കരുതിയത് ഇതൊരു പെൺ ബബൂൺ ആണെന്നായിരുന്നു. പിന്നീടാണ് സിംഹക്കുട്ടിയെ ചേർത്തുപിടിച്ചിരിക്കുന്നത് ആൺ ബബൂണാണെന്ന് മനസ്സിലായത്. സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നതു പോലെയായിരുന്നു സിംഹക്കുട്ടിയോടുള്ള ബബൂണിന്റെ പെരുമാറ്റം.

ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് സംഭവസ്ഥലത്തു നിന്നും കർട്ട് മടങ്ങിയത്. ബബൂൺ കൂട്ടങ്ങൾ പുലിക്കുട്ടികളെയും സിംഹക്കുട്ടികളെയുമൊക്കെ കൂട്ടം ചേർന്ന് ആക്രമിച്ചു കൊല്ലുന്ന സംഭവങ്ങൾ മുൻപ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ സിംഹക്കുട്ടിയെ വളർത്തുന്നത് കണ്ടിട്ടില്ല . തന്റെ 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്തരമൊരു സംഭവം നേരിട്ട് കാണുന്നത് ആദ്യമായിട്ടാണെന്നും കർട്ട് വ്യക്തമാക്കി. കർട്ട് പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കാര്യം ഇങ്ങെയൊക്കെയാണെങ്കിലും ബബൂണിന്റെ കൈയിൽ അകപ്പെട്ട സിംഹക്കുട്ടിയുടെ കാര്യത്തിൽ കടുത്ത ആശങ്കയും ആളുകൾക്കുണ്ട്. കൊല്ലാനാണോ വളർത്താനാണോ കൊണ്ടുപോകുന്നതെന്ന് കണ്ടറിയണം.
English Summary: Baboon Adopts and Grooms Lion Cub