ADVERTISEMENT

ഒഡീഷ സ്വദേശികളായ രാധാ മോഹനും മകൾ സബർമതിക്കും കൃഷി വെറും ഉപജീവന മാർഗ്ഗം മാത്രമായിരുന്നില്ല. പ്രകൃതിയോടുള്ള കടമ നിറവേറ്റൽ കൂടിയായിരുന്നു. തരിശു ഭൂമിയെ വിവിധ ഇനം വിളകൾ നിറഞ്ഞ നിബിഢ വനമാക്കി മാറ്റിയ ഈ അച്ഛന്റെയും മകളുടെയും പ്രവർത്തനങ്ങളെ രാജ്യം ആദരിച്ചത് പത്മശ്രീ നൽകിയാണ്. 

ഒഡിഷയിലെ നയാഗർഹ്  ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ 1988 ലാണ് എക്കണോമിക് പ്രഫസർ ആയി വിരമിച്ച രാധാമോഹൻ ഒരേക്കർ തരിശുനിലം വിലയ്ക്കെടുത്തത്. ഒരു കൃഷിക്കും അനുയോജ്യമല്ലെന്നും വിളകളുണ്ടാകില്ലെന്നും എല്ലാ ഭാഗത്തുനിന്നും മുന്നറിയിപ്പുമായി ആളുകളുമെത്തി. എന്നാൽ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനായിരുന്നു ഗാന്ധിയൻ കൂടിയായ രാധാമോഹന്റെ തീരുമാനം.  അച്ഛൻറെ തീരുമാനത്തിന് പൂർണപിന്തുണയുമായി മകളും ഒപ്പമെത്തി. 

ജൈവകൃഷിരീതിയാണ് തരിശു നിലത്തിൽ കൃഷിയിറക്കാൻ ഇരുവരും അവലംബിച്ചത്.  വർഷങ്ങൾക്ക് മുൻപ് ഒരേക്കർ തരിശു നിലത്തിൽ തുടങ്ങിയ കഠിനാധ്വാനം ഇന്ന്  ആയിരത്തിൽപ്പരം ഇനങ്ങളിലുള്ള സസ്യങ്ങളും മൂന്ന് വലിയ മഴവെള്ള സംഭരണികളും അഞ്ഞൂറോളം വിഭാഗത്തിൽ പെടുത്ത വിവധയിനം നെല്ലുവിത്തുകളുമെല്ലാം അടങ്ങുന്ന 90 ഏക്കർ വനത്തിൽ എത്തി നിൽക്കുന്നു!  ജലവും മണ്ണും സംരക്ഷിക്കാൻ പ്രകൃതിദത്തമായ രീതിയിൽ വിവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് ഭൂമിയെ ഇവർ വിളനിലമാക്കിയത്.

ജൈവ കൃഷിരീതിയെയും വിത്തിനങ്ങളെയും പറ്റി രാജ്യത്താകെമാനമുള്ള കർഷകർക്ക് അവബോധം നൽകുന്നതിനായി സംഭവ് എന്ന പേരിൽ റിസോഴ്സ് സെന്ററിനും 1990 ൽ രാധാമോഹനും സബർമതിയും  ചേർന്ന് രൂപം നൽകി. അമരപ്പയർ, വാൾ പയർ, കറുത്ത അരി തുടങ്ങി കൃഷി മേഖലയിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിരവധി വിളകളും ഇരുവരും ചേർന്ന് വിളയിച്ചു വരുന്നു.

ജൈവ മാലിന്യങ്ങൾ  മാത്രം ഉപയോഗിച്ച് മേൽമണ്ണ് കൃഷിക്ക് അനുയോജ്യമാക്കുകയാണ് ഇരുവരും ആദ്യം ചെയ്തത്. അതിനുശേഷം അവിടെ മരങ്ങൾ നട്ടുപിടിപ്പിച്ചു തുടങ്ങി. രാസവളങ്ങളോ കീടനാശിനികളോ ഒന്നും ഉപയോഗിക്കാതെ പൂർണമായും തരിശായ ഭൂമിയെ  പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച്  ഫലഭൂയിഷ്ടമാക്കാമെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം എന്നതു മാത്രമായിരുന്നു  തങ്ങളുടെ ലക്ഷ്യമെന്ന് പ്രഫസർ രാധാമോഹൻ പറയുന്നു. 

അസാധ്യമായതിനെ സാധ്യമാക്കിയ യാത്ര എന്നാണ് ഈ പ്രയത്നങ്ങളെ സബർമതി വിശേഷിപ്പിക്കുന്നത്. ഏറ്റവും അർഹിക്കുന്ന കരങ്ങളിൽ തന്നെയാണ് പത്മശ്രീ പുരസ്കാരങ്ങൾ എത്തുന്നതെന്ന് പുരസ്കാര ജേതാക്കൾക്ക് ആദരം അർപ്പിച്ചു കൊണ്ടുള്ള വിഡിയോയിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.

English Summary: Padma Shri For Father-Daughter Who Transformed Wasteland Into A Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com