ADVERTISEMENT

അധിനിവേശ ജീവിയായ ബർമീസ് പെരുമ്പാമ്പുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഫ്ലോറിഡ നിവാസികൾ. ഈ പെരുമ്പാമ്പുകൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ല. 1980 ലാണ് എവർഗ്ലേഡിൽ ആദ്യമായി ബർമീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വളർത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥർ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ വനത്തിലെത്താൻ കാരണം. 1992 ആയപ്പോഴേക്കും ഇവ ക്രമാതീതമായി പെറ്റുപെരുകിയിരുന്നു. 

ബർമീസ് പെരുമ്പാമ്പിനെ അകത്താക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അധികം എതിരാളികളൊന്നും ഇല്ലാത്തതാണ് ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകാൻ കാരണം. ഇവിടെയാണ് അമേരിക്കയുടെ തദ്ദേശീയ ജീവിയായ ചീങ്കണ്ണി പെരുമ്പാമ്പിനെ ഭക്ഷിച്ച് മാതൃകയായത്. എവർഗ്ലേഡ്സ് നാഷണൽ പാർക്കിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. 6 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ചീങ്കണ്ണിയുടെ വായിൽ ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെ കാണാം. റിച്ചാർഡ് പെട്രോസ്ക്കിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്. എന്നാൽ ഫ്ലോറിഡയിൽ ഇതാദ്യമായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ഇവിടെ കണ്ടെത്തിയ പെൺ പെരുമ്പാമ്പിൽ വിരിയാൻ തയാറായ 73 മുട്ടകളുമുണ്ടായിരുന്നു. ജനുവരി മുതൽ ഏപ്രിൽവരെയാണ് ബർമീസ് പെരുമ്പാമ്പുകളുടെ പ്രജജന കാലം. അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾ പെറ്റുപെരുകിയതോടെ പ്രാദേശിക ജീവികൾക്ക് ഇവ കടുത്ത ഭീഷണിയായി .ഇതോടെയാണ് ബർമീസ് പെരുമ്പാമ്പുകളെ വേട്ടയാടാൻ അനുമതി നൽകാൻ ഫ്ലോറിഡയിലെ വന്യജീവി വിഭാഗം നിർബന്ധിതരായത്. 

പ്രാദേശികമായി കാണപ്പെട്ടിരുന്ന ചെറു ജീവികളികളെയെല്ലാം കൊന്നൊടുക്കിയായിരുന്നു ഇവയുടെ മുന്നേറ്റം. 1997 നടത്തിയ പഠനങ്ങളനുസരിച്ച് പ്രാദേശിക ജീവിയായ റക്കൂണുകളുടെ എണ്ണം 99.3 ശതമാനമായി കുറഞ്ഞിരുന്നു. ഒപ്പോസത്തിന്റെ അംഗസംഖ്യയും 98.9 ശതമാനമായി. ബോബ് ക്യാറ്റുകളുടെ എണ്ണത്തിലും കുത്തനെ കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കി. മാർഷ്, കോട്ടൺ ടെയ്ൽ, കുറുക്കൻമാർ തുടങ്ങി പല ജീവികളെയും പ്രദേശത്തു നിന്നും തുടച്ചുമാറ്റിയായിരുന്നു ബർമീസ് പെരുമ്പാമ്പുകളുടെ ജൈത്രയാത്ര. നിലനിൽപിനായി തദ്ദേശീയരായ ജീവികളും പൊരുതി തുടങ്ങി എന്നു വേണം ഈ ദൃശ്യങ്ങളിൽ നിന്നു മനസ്സിലാക്കാൻ.

Florida Alligator Devours Burmese Python

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com