വമ്പൻ സ്രാവിനെ വേട്ടയാടുന്ന കൊലയാളി തിമിംഗലങ്ങൾ; ദൃശ്യങ്ങൾ കൗതുകമാകുന്നു!

Killer whales surround ‘monster’ great white shark during attack
SHARE

കടലിനു നടുവിൽ ഇരപിടിക്കാനെത്തിയതായിരുന്നു കൂറ്റൻ ഗ്രേറ്റ് വൈറ്റ് ഷാർക്ക് വിഭാഗത്തിൽ പെട്ട സ്രാവ്. എന്നാൽ അവിടെ സ്രാവിനെ കാത്തിരുന്നതാകട്ടെ ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളും. സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും 250 മൈൽ അകലെ സമുദ്രത്തിലൂടെ വിനോദ സഞ്ചാരത്തിനായി ബോട്ടിൽ പോവുകയായിരുന്ന സംഘമാണ് അപൂർവമായ കാഴ്ച കണ്ടത്. സംഘത്തെ നയിച്ചിരുന്ന ഡോനാവൻ സ്മിത്ത് ഉടൻതന്നെ അത് ക്യാമറയിലും പകർത്തി.

3.5 മീറ്ററോളം നീളം വരുന്ന കൂറ്റൻ സ്രാവിനെയാണ് തിമിംഗലങ്ങൾ വളഞ്ഞത്. രക്ഷപ്പെടാനായി ഓരോ ഭാഗത്തേക്കു നീങ്ങുമ്പോഴും  അവിടെയെല്ലാം കൊലയാളി തിമിംഗലങ്ങൾ അതിനെ ആക്രമിക്കാനായി പാഞ്ഞടുത്തു. തിമിംഗലങ്ങളിൽ നിന്നു രക്ഷനേടാനായി ഒടുവിൽ സ്രാവ് ബോട്ടിനു സമീപമെത്തി. എന്നാൽ അവിടേക്കും തിമിംഗലങ്ങളെത്തുന്ന ദൃശ്യങ്ങളാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. 

ഇടയ്ക്ക് സ്രാവ് തിമിംഗലങ്ങളുടെ പിടിയിലാവുകയും കടിയേറ്റ് വാല് നഷ്ടമാവുകയും ചെയ്യുന്നുണ്ട്.  തിമിംഗലങ്ങളുടെ പിടിയിൽ നിന്നും കുതറിമാറി രക്ഷപ്പെടാൻ കിണഞ്ഞു പരിശ്രമിക്കുന്ന സ്രാവിനെ വിഡിയോയിൽ കാണാം. എന്നാൽ തിമിംഗലങ്ങളിൽ നിന്നും സ്രാവിന് രക്ഷപെടാൻ കഴിഞ്ഞോ എന്നത് വിഡിയോയിൽ വ്യക്തമല്ല. 

കൊലയാളി തിമിംഗലങ്ങൾ സാധാരണയായി സ്രാവുകളെ തന്നെയാണ് പ്രധാന ഭക്ഷണമാക്കുന്നത്. ഇര തേടിയെത്തുന്ന സ്ഥലത്ത്  തിമിംഗലങ്ങൾ ആക്രമണത്തിനെത്തിയാൽ അവിടെ നിന്നും രക്ഷപ്പെടുന്ന സ്രാവുകൾ പിന്നെ  ഒരു വർഷത്തേക്കെങ്കിലും ആ പ്രദേശത്തേക്ക് തിരികെയെത്താറില്ലെന്ന് മോൻഡറി ബെ അക്വേറിയത്തിലെ ഗവേഷകനായ സാൽവദോർ ജോർജൻസെൻ പറയുന്നു.

കഴിഞ്ഞ  വർഷങ്ങളിലായി തിമിംഗലങ്ങളുടെ വേട്ടയാടലിൽ കൊല്ലപ്പെടുന്ന സ്രാവുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.  സ്രാവുകളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തവയിലെ മുറിപ്പാടുകൾ പരിശോധിച്ചപ്പോൾ അവയിൽ ഏറെയും തിമിംഗലങ്ങൾ  കടിച്ചുണ്ടായവയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

English Summary: Killer whales surround ‘monster’ great white shark during attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA