ഇനി നീണ്ട ആ കൊമ്പുകൾ മാത്രം; കെനിയയുടെ സ്വന്തം ‘ബിഗ് ടിം’ ഓർമയായി!

Tim the tusker
SHARE

കെനിയയിലെ ഏറ്റവും വലിയ കൊമ്പനാനകളിലൊന്നായ ടിം ഓർമയായി. ആമ്പോസ്‌ലി ദേശീയ പാർക്കിലാണ് ചൊവ്വാഴ്ച പുലർച്ചെ ചരിഞ്ഞ നിലയിൽ ടിമ്മിനെ കണ്ടെത്തിയത്. ടിമ്മിന്റെ ശരീരത്തിൽ മുറിവും മറ്റുമില്ലാത്തതിനാൽ സ്വാഭാവിക മരണമാണെന്ന് അധികൃതർ വ്യക്തമാക്കി. നീണ്ട കൂറ്റൻ കൊമ്പുകളായിരുന്നു കിമ്മിന്റെ പ്രധാന ആകർഷണം.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊമ്പിനുടമയായ ആനയായിരുന്നു ടിം. കെനിയയിലെ അറിയപ്പെടുന്ന ആനകളിലൊന്നായിരുന്നു അമ്പത് വയസ്സു പ്രായമുള്ള ടിം. 45 കിലോയോളം ഭാരമുണ്ടായിരുന്നു ടിമ്മിന്റെ നീണ്ട കൊമ്പുകൾക്ക്. ആഫ്രിക്കൻ ആനകളുടെ സംരക്ഷണത്തിലേർപ്പെട്ടിരിക്കുന്നവരുടെയും ഇവിടെ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രവും പ്രതീക്ഷയുമൊക്കെയായിരുന്നു ടിം. എന്നാൽ സമീപ ഗ്രാമത്തിലെ കർഷകർക്ക് ടിം എന്നുമൊരു പേടി സ്വപ്നമായിരുന്നു.

കൃഷിയിടത്തിലിറങ്ങി വിള നശിപ്പിക്കുന്നത് ടിമ്മിന്റെ പതിവായിരുന്നു. ഇതാണ് ടിം ഗ്രാമവാസികൾക്ക് വെറുക്കപ്പെട്ടവനാകാൻ കാരണം. ഒന്നലധികം തവണ ഗ്രാമവാസികളുടെ കുന്തംകൊണ്ടുള്ള ആക്രമണത്തിനും ടിം ഇരയായിട്ടുണ്ട്. ഇതിനു തടയിടാനാണ് 2016 ൽ ടിമ്മിന് കോളർ ഘടിപ്പിച്ചത്. ടിമ്മിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ പിന്നീട് ഇതുപകരിച്ചു. കോളർ ഘടിപ്പിച്ച ആദ്യവർഷം 183 തവണയായണ് ടിം കൃഷിയിടത്തിനു സമീപമെത്തിയത്. ടിമ്മിന്റെ രാത്രികാല സഞ്ചാരം പല അപകടത്തിലും ചാടിച്ചിട്ടുണ്ട്. 2018 ൽ കൃഷിയിടത്തിനു സമീപമുള്ള വലിയ കുഴിയിൽ വീണ് അപകടം സംഭവിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് അന്ന് ടിമ്മിനെ കെനിയയിലെ വനം വകുപ്പും ബിഗ് ലൈഫ് പൗണ്ടേഷനും ചേർന്ന് രക്ഷിച്ചത്.

ഒട്ടേറെ പ്രത്യേകതകളുള്ള ആനയായിരുന്നു ടിമ്മെന്ന് സേവ് ദ എലിഫന്റ് സംഘടനയിയെ മുൻ ഫീൽഡ് അസിസ്റ്റന്റായ റയാൻ വിക്കി വ്യക്തമാക്കി. ബുദ്ധിശക്തിയിലും വികൃതിയിലുമെല്ലാം മുന്നിലായിരുന്നു ടിം എന്ന് അദ്ദേഹം കുറിച്ചു. ആഫ്രിക്കൻ ആനകളുടെ പ്രതിനിധിയായിരുന്ന ടിമ്മിന്റെ വേർപാട് നികത്താനാവത്തതാണ്.

ടിമ്മിന്റെ ശരീരം കെനിയയിലെ വനം വകുപ്പ് നെയ്റോബിയിലുള്ള നാഷണൽ മ‍്യൂസിയത്തിനു കൈമാറി. പഠനാവശ്യങ്ങൾക്കും മറ്റുമായി ശരീരം സൂക്ഷിക്കാനാണ് തീരുമാനം. ടിമ്മിന്റെ ജനുസ്സിൽ പെട്ട ആനകൾ ഇനിയും അവിടെയുണ്ടാകും.എന്നാൽ ഇനിയൊരുക്കലും നീണ്ട കൊമ്പുകളും കുറുമ്പുമായി സ്വീകരിക്കാൻ ടിം ഉണ്ടാവില്ല എന്നതാണ് എല്ലാവരേയും നൊമ്പരപ്പെടുത്തുന്നത്.

English Summary: RIP Tim the tusker: Kenya says farewell to one of Africa's most iconic elephants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA