കളിപ്പാട്ടങ്ങളും തലയിണകളുമായി മാറുന്ന സിഗരറ്റ് കുറ്റികൾ; ഇത് മാലിന്യ നിർമാർജനത്തിന്റെ വേറിട്ട ‘കോഡ്’

Cigarette ends into soft toys, cushions
SHARE

സിഗററ്റ് എന്ന് കേൾക്കുമ്പോൾ അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഏവരും ചിന്തിക്കുന്നത്. എന്നാൽ നിരത്തിൽ  കാണപ്പെടുന്ന സിഗററ്റ് കുറ്റികൾ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷത്തെപ്പറ്റി എത്ര പേർ ചിന്തിക്കുന്നുണ്ട്? ഉപയോഗ ശേഷം വലിച്ചെറിയപ്പെടുന്ന ഒരു സിഗററ്റ് കുറ്റി മണ്ണിൽ അലിഞ്ഞ് ചേരുന്നതിന് 10 വർഷം സമയമെടുക്കും. ഇവയിലെ വിഷാംശം പരിസ്ഥിതിക്ക് സാരമായ ദോഷമുണ്ടാക്കുന്നതുമാണ്. ഈ പ്രശ്നത്തിന് പരിഹാരം തേടിയുള്ള അന്വേഷണത്തിൽ നിന്നാണ് ഉപയോഗശൂന്യമായ സിഗററ്റ് കുറ്റിയിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കാം എന്ന് ഡൽഹി സ്വദേശികളായ നമൻ ഗുപ്തയും വിശാൽ കനെട്ടും കണ്ടെത്തിയത്.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു പാർട്ടിക്ക് ശേഷം ആഷ് ട്രേയിൽ അവശേഷിച്ച സിഗററ്റ് കുറ്റികളുടെ കൂമ്പാരം കണ്ടതിൽ നിന്നാണ്‌ ഈ ആശയം ഇരുവരുടെയും ഉള്ളിലേക്കെത്തിയത്. ഇവ വേഗത്തിൽ അഴുകുന്നവയാണോ എന്നും പുനരുപയോഗിക്കാൻ സാധിക്കുന്നവയാണോ യെന്നും ഇവർ അന്വേഷിച്ചു തുടങ്ങി. പോളിമറും സെല്ലുലോയ്ഡ് അസറ്റേറ്റുകളും ചേർത്തു നിർമിക്കുന്ന സിഗററ്റ് ഫിൽട്ടറുകൾക്ക് പ്ലാസ്റ്റിക്കിന്റെ അതേ സവിശേഷതകളാണുള്ളത്. അതിനാൽ സിഗരറ്റ് കുറ്റികളിൽ നിന്നും പരിസ്ഥിതിക്ക് ദോഷകരമായ ഫലങ്ങളാണുണ്ടാകുന്നതെന്ന് നമനും വിശാലും തിരിച്ചറിഞ്ഞു.

Cigarette ends into soft toys, cushions
Image Credit: Facebook

ഒരു മാസത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സിഗററ്റ് കുറ്റികളിൽ നിന്നും വിഷാംശം ഒഴിവാക്കാനുള്ള ഒരു മാർഗം കണ്ടെത്തുകയാണ് അവർ ആദ്യം ചെയ്തത്. അതിനുശേഷം സിഗററ്റിലെ പോളിമർ പുനചംക്രമണം ചെയ്യാനുള്ള സംവിധാനങ്ങളും രൂപകൽപന ചെയ്തു. അങ്ങനെ 2016ൽ സിഗററ്റ് മാലിന്യങ്ങൾ പുനചംക്രമണം ചെയ്യുന്ന  'കോഡ് എൻറർപ്രൈസസ്' എന്ന സ്ഥാപനത്തിന്  ഇരുവരും തുടക്കം കുറിച്ചു.

സിഗററ്റ് കുറ്റികൾ പുനചംക്രമണം ചെയ്യുന്നതിന്റെ സാധ്യതയെപ്പറ്റി സിഗററ്റ് വിൽക്കുന്ന കടക്കാർക്കും ജനങ്ങൾക്കും  ലഘുലേഖകളിലൂടെയും മറ്റും അവബോധം നൽകുകയായിരുന്നു അടുത്തപടി. കടകളിൽ നിന്നും മറ്റു വ്യാപാര കേന്ദ്രങ്ങളിൽ നിന്നും സിഗററ്റ് കുറ്റികൾ ശേഖരിക്കുന്നതിനായി  വി ബിൻ എന്ന പേരിൽ  പെട്ടികൾ നൽകി. ഒരു കിലോ സിഗററ്റ് മാലിന്യത്തിന് 250 രൂപ നൽകിയാണ് അവ ശേഖരിച്ചത്.

ഇത്തരത്തിൽ ശേഖരിക്കുന്ന സിഗററ്റിലെ പുറമേയുള്ള പേപ്പർ, കരിഞ്ഞ പുകയില,  ഫിൽറ്റർ എന്നിവ പ്രത്യേകമായി തരംതിരിച്ച് ഓരോന്നിൽ നിന്നും വിവിധതരം വസ്തുക്കളാണ് ഇവർ നിർമിച്ചു വരുന്നത്. പ്ലാസ്റ്റിക്കിനു സമാനമായ ഫിൽറ്റർ രാസപ്രക്രിയയിലൂടെ വിഷാംശം നീക്കം ചെയ്ത് ഇത് കോട്ടണുമായി കലർത്തി തലയിണകളും പാവകളും ബീൻ ബാഗുകളുമെല്ലാമാക്കി മാറ്റുന്നു.  പുറമേയുള്ള പേപ്പറാകട്ടെ ജീർണിക്കുന്നതായതിനാൽ വളക്കൂട്ടുകളും കൊതുകുനിവാരണകളും  ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ആരംഭിച്ച് ഒരുവർഷം കഴിഞ്ഞതോടെ വിശാൽ കമ്പനിയിൽനിന്നും പിന്മാറി. അതോടെ കോഡ് എഫർട്ട് എന്ന പേരിൽ സ്ഥാപനം സ്വന്തമായി നടത്തുകയാണ് നമൻ ഇപ്പോൾ. കോർപ്പറേറ്റുകളിൽ നിന്ന് വരെ വൻ സഹകരണമാണ് ഇൗ ഉദ്യമത്തിനു ലഭിച്ചത്. 

രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി പ്രതിമാസം 2500 കിലോഗ്രാമോളം സിഗററ്റ് മാലിന്യങ്ങൾ ഇപ്പോൾ ശേഖരിക്കുന്നുണ്ട്. ഇതിനുപുറമേ സിഗററ്റ് നിർമാതാക്കളിൽ നിന്നും വില്പനയ്ക്കെടുക്കാതെ പുറംതള്ളുന്ന സിഗററ്റുകളും ശേഖരിക്കുന്നു. കരാറുകാരുടെ  ജില്ലകളിൽ പ്രതിമാസം 500 ഉൽപന്നങ്ങളോളം ഇപ്പോൾ 'കോഡി'ൽ നിന്നും എത്തിച്ചു കൊടുക്കുന്നുണ്ട്.

English Summary: Cigarette ends into soft toys, cushions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA