ADVERTISEMENT

കടൽ ജീവികളുടെ ആക്രമണത്തിൽ നിന്നും പൊരുതി രക്ഷപ്പെട്ടവരുടെ കഥകൾ  സിനിമകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതിനു സമാനമായ സംഭവമാണ് നിക്കി മിനോഗ് എന്ന അറുപതുകാരനു ജീവിതത്തിൽ നേരിടേണ്ടി വന്നത്. സർഫിങ്ങിനിടെ തന്നെ ആക്രമിക്കാനെത്തിയ കൂറ്റന്‍ സ്രാവിന്റെ ആക്രമണത്തിൽ നിന്നു ഏറെ പണിപ്പെട്ടാണ് നിക്കി രക്ഷപെട്ടത്.

ന്യൂസീലൻഡിലെ പവാനുയി ബീച്ചിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇവിടെ സർഫിങ്ങിനിറങ്ങിയ നിക്കിയെ ഗ്രേറ്റ് വൈറ്റ് ഷാർക്കാണ് ആക്രമിച്ചത്. സർഫിങ് ബോർഡിൽ തുഴഞ്ഞു നീങ്ങുകയായിരുന്ന നിക്കിയുടെ കൈയിൽ എന്തോ ശക്തിയായി തട്ടിയതായി തോന്നി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും  സ്രാവിന്റെ പല്ലുകൾ സർഫിങ് ബോർഡിന്റെ മുൻഭാഗത്ത് അമർന്നു കഴിഞ്ഞിരുന്നു. ഇത്രയും അടുത്ത് സ്രാവുമായി നേർക്കുനേർ കാണേണ്ടി വന്നെങ്കിലും മനഃസാന്നിധ്യം കൈവിടാത്തതാണ് നിക്കിക്ക്‌ തുണയായത്.

സ്രാവുകൾക്ക് കണ്ണിൽ പ്രഹരമേൽക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കേട്ടറിവ് വച്ച് സ്രാവിന്റെ കണ്ണിൽ ആഞ്ഞിടിക്കാൻ ശ്രമിക്കുകയാണ് നിക്കി ആദ്യം ചെയ്തത്‌. ആദ്യശ്രമത്തിൽ സ്രാവിനു പ്രഹരമേൽപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എന്നാൽ ധൈര്യം കൈവിടാതെ സർവശക്തിയുമെടുത്ത് രണ്ടാമത്തെ ശ്രമത്തിൽ സ്രാവിന്റെ കണ്ണിൽ തന്നെ അദ്ദേഹം ശക്തമായി ഇടിച്ചു. ഇതേതുടർന്ന് നിലതെറ്റിയ സ്രാവ് സർഫിങ് ബോർഡിൽനിന്നും പിടിവിട്ടു. സമയം ഒട്ടും പാഴാക്കാതെ നിക്കി വേഗത്തിൽ മുൻപോട്ടു നീങ്ങിയെങ്കിലും സ്രാവിന്റെ വശങ്ങളിലെ ചിറകുകൾ ശരീരത്തിൽ മുട്ടിയതായി തനിക്ക് അനുഭവപ്പെട്ടന്ന് നിക്കി വ്യക്തമാക്കി.

നിക്കിയെ കൂടാതെ മറ്റൊരാൾ കൂടി ആ പ്രദേശത്ത് സർഫിങ് ചെയ്യുന്നുണ്ടായിരുന്നുവെന്നും തന്റെ നിലവിളികേട്ട് അദ്ദേഹവും പരമാവധി വേഗത്തിൽ തുഴഞ്ഞ് കരകയറിയെന്നും നിക്കി കൂട്ടിച്ചേർത്തു. വിദഗ്ധർ നടത്തിയ പരിശോധനയിൽ സർഫിങ് ബോർഡിൽ പതിഞ്ഞത് ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ പല്ലുകൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ശരീരം മുഴുവൻ മറയത്തക്ക രീതിയിലുള്ള  വസ്ത്രം ധരിച്ചിരുന്നതിനാൽ നിക്കിക്ക്‌ സ്രാവുമായുള്ള ഏറ്റുമുട്ടലിൽ കാര്യമായ പരുക്കുകൾ സംഭവിച്ചിട്ടില്ല. എന്തായാലും സ്രാവിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് നിക്കി.

English Summary: Surfer Fights off Great White Shark by Punching It in the Eyes Twice in New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com