ഒലീവ് കടലാമകളുടെ 'അരിബാഡ': മനുഷ്യരൊഴിഞ്ഞ ഒഡീഷ തീരങ്ങളിൽ ജീവന്റെ ഉത്സവം

ARRIBADA
Olive Ridley Turtle Arribada
SHARE

മൃഗാധിപത്യം വരുന്ന സമയമുണ്ടായാൽ ഭൂമിയുടെ അവകാശികളായ ജീവജാലം എത്ര സ്വതന്ത്രമായി ജീവിതം ആഘോഷിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഒഡീഷയിലെ കടൽത്തീരങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിച്ചുതരുന്നത്. വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി കടലാമകളാണ് മുഖ്യ കഥാപാത്രങ്ങൾ .കൊവിഡ് ബാധയുടെ ഭീഷണിയിൽ ലോക്ഡൗൺ വന്നതോടെ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളും, പ്രാദേശിക വാസികളും സ്ഥലം വിട്ടിരിക്കുന്നു. ഏറെ സുരക്ഷിതരായി തീർന്നതോടെ ഒലീവ് കടലാമകൾ അവരുടെ ജീവന്റെ നിലനിൽപിനായുള്ള 'അരിബാഡ' പ്രതിഭാസത്തിന്റെ ഉൽസവത്തിലേക്ക് തിരിഞ്ഞിരിക്കുന്നു.

എന്താണ് അരിബാഡ?

കടലാമകൾ അവയുടെ പ്രജനനകാലത്ത് മുട്ടയിടാനായി കടൽത്തീരത്തണയുന്ന പ്രതിഭാസമാണിത്. ആയിരക്കണക്കിന് കടലാമകളാവും ഒരുമിച്ച് എത്തുക. ARRIBADA, ഒരു സ്പാനിഷ് വാക്കാണ്. ARRIVAL എന്ന് ഇംഗ്ലീഷിൽ അർത്ഥം. ആഗമനം എന്ന് മലയാളത്തിൽ പറയാം. ഒഡീഷയിലെ ഗഹിർമാത, റിഷി കുല്യാ തീരങ്ങളിൽ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് കടലാമകൾ ഇങ്ങനെ പ്രജനന സമയത്ത് എത്താറുണ്ട്. കാലാവസ്ഥയും സുരക്ഷിതതത്വവും അനുകൂലമാകുന്ന സമയത്ത് ലക്ഷക്കണക്കിനാവും കടലാമകൾ വരുന്നത്. കോവിഡ് കാലത്ത് നിലവിൽ വന്ന കടുത്ത നിയന്ത്രണങ്ങൾ മൂലം മനുഷ്യർ പ്രത്യേകിച്ച് ടൂറിസ്റ്റുകൾ തീരത്തു നിന്ന്  ഒഴിഞ്ഞു നിന്നതിനാൽ റിഷി കുല്യാ റൂക്കറിയിൽ കഴിഞ്ഞ ആഴ്ചയിൽ മുട്ടയിടാനെത്തിയത് മൂന്നു ലക്ഷത്തോളം ഒലീവ് റിഡ്ലി പെൺ കടലാമകളാണ്. സാധാരണരീതിയിൽ രാത്രി കാലം മാത്രം മുട്ടയിടാറുള്ള ഇവർ, അത്രമേൽ സുരക്ഷിതത്വം തോന്നിയതിനാലാവണം ഇത്തവണ പകൽ സമയം കൂടി മുട്ടയിടുന്ന അസാധാരണ സ്വഭാവം കൂടി കാണിച്ചു. മറ്റു വർഷങ്ങളിൽ വിഐപികൾ ഉൾപ്പെടെയുള്ള വൻ ജനക്കൂട്ടം ഈ അസുലഭ കാഴ്‌ച കാണാനെത്തുമായിരുന്നു. എന്നാൽ കോവിഡ് മനുഷ്യനെ വീടിനകത്തിരുത്തിയപ്പോൾ, ഈ സമയം കടലാമകൾക്ക് ചാകരക്കാലമായി. മാത്രമല്ല തീരം വൃത്തിയാക്കി സൂക്ഷിച്ചും,തീരത്തണയുന്ന കടലാമകൾക്ക് സുരക്ഷയൊരുക്കിയും വനം വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ നവംബർ മുതൽ അരിബാഡയ്ക്ക് വേദിയൊരുക്കാൻ കാത്തിരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം അരിബാഡ ശുഷ്കമായിരുന്നു.എന്നാൽ 2018-ൽ രണ്ടുതവണ ഫെബ്രുവരിയിലും ഏപ്രിലിലുമായി കൂട്ടത്തോടെ മുട്ടയിടാനെത്തിയത് 473000 കടലാമകളായിരുന്നു. 1971-ൽ ആറു ലക്ഷം കടലാമകൾ തീരത്ത് മുട്ടയിടാനെത്തിയതാണ് റെക്കോർഡ് എന്നും ഓർക്കുക. എന്തായാലും തീരത്ത് ആൾക്കൂട്ടവും, പുറംകടലിൽ കപ്പലുകളും ഒഴിഞ്ഞ കൊറോണക്കാലത്ത് റിഷി കുല്യാ തീരത്തു മാത്രം അഞ്ചു ലക്ഷത്തോളം കടലാമകൾ കൂട്ടത്തോടെ കൂടുണ്ടാക്കി മുട്ടയിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ തീരം ഏറ്റു വാങ്ങുന്നത് ആറുകോടിയോളം മുട്ടകളാവും.

കടലാമകളെ അറിയുക

ഭൂമിയിൽ മനുഷ്യൻ ജനിക്കുന്നതിന് അനേക വർഷങ്ങൾക്കു മുൻപ് വാസുറപ്പിച്ച കടലാമകളെ ഒരു ചിരപുരാതന ജീവിവർഗ്ഗമെന്നു വിളിക്കാം. ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ഇവയുടെ സാന്നിധ്യമുണ്ട്. ഉരഗവർഗത്തിൽപെട്ട കടലാമകൾക്ക് കരയാമകളേപ്പോലെ ശരീരം ഉൾവലിക്കാൻ കഴിയില്ല. പ്രധാനമായും ഏഴിനം കടലാമകളാണ് ലോകത്തുള്ളത്. ലെതർബാക്ക്, ലോഗർ ഹെഡ്, ഹോക്സ് ബിൽ, ഒലീവ് റിഡ്ലി, ഗ്രീൻ, ഫ്ളാറ്റ് ബാക്ക്, കെംപ്സ് എന്നിവയാണവ. മനുഷ്യന്റെ വിവേകമില്ലാത്ത ഇടപെടൽ മൂലം പല ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നു. നൂറു വർഷത്തിലേറെ ആയുസുള്ള ഇവയ്ക്ക് വെള്ളത്തിനടിയിൽ എത്ര നേരവും ചെലവഴിക്കാൻ കഴിയും. എങ്കിലും മറ്റു ഉരഗവർഗജീവികളേപ്പോലെ അന്തരീക്ഷവായു ശ്വസിക്കുന്നു. കാഴ്ചശക്തി താരതമ്യേന കുറവെങ്കിലും മണം പിടിക്കാൻ കഴിവധികമുണ്ട്. കടൽപ്പായലുകൾ, മത്സ്യങ്ങൾ, ഞണ്ടുകൾ, ചെമ്മീനുകൾ എന്നിവ ഭക്ഷണമാക്കുന്നു.

ഒലീവ് റിഡ്ലി കടലാമകൾ

കടലാമകളിലെ കുഞ്ഞൻ.പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിൽ വാസം. ഇന്ത്യയുടെ കിഴക്ക് ഭാഗത്തെയും കേരളത്തിലെയും സമുദ്രങ്ങളിൽ കാണപ്പെടുന്ന കടലാമകളാണിവ. ആഴക്കടലിൽ സഞ്ചരിക്കുന്ന ഇവയെ സാധാരണ സമയത്ത് കാണാൻ കിട്ടാൻ പ്രയാസമാണ്. Lepidochelys olivacea എന്ന ശാസ്ത്രനാമമുള്ള ഇവർ വംശനാശ ഭീഷണിയിലാണ്. ഒരു മീറ്റർ നീളമുള്ള പുറന്തോട് പേറുന്ന ഇവർക്ക് ഏകദേശം 150 കിലോഗ്രാം ഭാരമുണ്ടാകും. പുറന്തോടിന് ഒലിവിലയുടെ പച്ച കലർന്ന തവിട്ടു നിറവും അടിഭാഗത്തിന് ഇളം മഞ്ഞ നിറവുമാണ് കാണുക. മുതുകിലും വശങ്ങളിലും ശൽക്കങ്ങളുണ്ടാകും. ആഴക്കടലിലെ സഞ്ചാരത്തിന്റെ 10-15 മിനിറ്റ് ഇടവേളകളിൽ അന്തരീക്ഷവായു  ശ്വസിക്കാൻ ജലോപരിതലത്തിൽ എത്തുന്നു. ജെല്ലി മത്സ്യം, കൊഞ്ച്, ഒച്ച്, ഞണ്ട്, മത്സ്യങ്ങൾ എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുന്നത്. ഒലീവ് റിഡ്ലി ആമകളുടെ  50 ശതമാനവും മുട്ടയിടാൻ ഒഡീഷ തീരത്താണ് എത്തുന്നത്.

നമ്മുടെ അതിഥികൾ

ഒലീവ് റിഡ്ലിക്കു പുറമേ ഗ്രീൻ, ഹോക്സ് ബിൽ, ലെതർ ബാക്ക്, ലോഗർ ഹെഡ് എന്നീ ഇനങ്ങൾ ഇന്ത്യയുടെ തീരങ്ങളിൽ മുട്ടയിടാനെത്തുന്നു. സാധാരണ നവംബർ മാസത്തിലാണ് ഇവ കൂട്ടമായി എത്താറുള്ളത്. ലോഗർ ഹെഡ് തമിഴ്നാട്ടിലെ തെക്കൻ തീരപ്രദേശങ്ങളിലും, ഹോക്സ് ബിൽ ആന്തമാൻ ദ്വീപുകളിലും ഗ്രീൻ ട ർ ട്ടിലുകൾ ഗുജറാത്ത് ലക്ഷദ്വീപ് ആന്തമാൻ തീരങ്ങളിലും അതിഥിയായെത്തുന്നു. ഒലിവ് റിഡ്ലിയാകട്ടെ ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളുടെ വിശേഷാതിഥിയാണ്.

കൗതുകകരമായ മുട്ടയിടൽ വിശേഷങ്ങൾ

നേറ്റൽ ഫിലോപാട്രി (natal Philopatry) എന്ന ജൈവ പ്രതിഭാസം മനോഹരമായി പ്രദർശിപ്പിക്കുന്ന ജീവികളാണ് കടലാമകൾ. പെൺ ആമകൾ മുട്ടയിടാനായി വർഷങ്ങൾക്കു ശേഷം തിരഞ്ഞെടുക്കുന്നത് താൻ ജനിച്ചു വീണ അതേ തീരമായിരിക്കുമെന്ന കൗതുകമാണിത്. ദേശാടനപ്രിയരായ ഇവർ ആയിരക്കണക്കിന്  കിലോമീറ്റർ ഇതിനായി യാത്ര ചെയ്യാൻ മടിക്കാറില്ല. മുട്ട വിരിഞ്ഞ് കടലിലേക്കിറങ്ങിയ ആൺ കടലാമകൾ പിന്നെയൊരിക്കലും കരയിലേക്ക് വരാറുമില്ല. എന്നാൽ പെണ്ണാമകൾ പ്രായപൂർത്തിയാവുന്ന 15-20 വർഷത്തിൽ കടലിന്റെ അനന്തതയിൽ എവിടെയായിരുന്നാലും താൻ പിറന്ന തീരം തേടിയെത്തുന്നു. രാത്രികളിൽ കടൽത്തീരത്ത് ഇഴഞ്ഞു കയറി, കുഴികൾ തുരന്നുണ്ടാക്കി അതിൽ മുട്ടയിടുന്നു. പിന്നീട് കുഴികൾ ദദ്രമായി മൂടിയതിനു ശേഷം കടൽയാത്ര തുടരുന്നു. തീരത്തെ മണൽ മണ്ണിന്റെ ചൂടേറ്റ് 45-60 ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. കടൽ മണ്ണിന്റെ ചൂടു കൂടിയാൽ വിരിഞ്ഞിറങ്ങുന്നവയിലധികം  പെണ്ണാമകളാകുമെന്ന് പഠനങ്ങളുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ആരോ പഠിപ്പിച്ചു വച്ചതു പോലെ കടൽ തേടി. യാത്രയാവുന്നു.

കടലാമകളുടെ പ്രാധാന്യം

കടലിന്റെ ആരോഗ്യപരമായ നിലനിൽപിൽ കടലാമകൾക്കും പങ്കുണ്ട്. കടൽക്കളകളെ ഭക്ഷണമാക്കുന്ന ഇവർ അവയുടെ വളർച്ചയും വ്യാപനവും ഉറപ്പാക്കുന്നു. കടൽക്കളകളാകട്ടെ മത്സ്യങ്ങളുടെ ഭക്ഷണമാകുന്നു. കടലിലെ ഭക്ഷ്യ ശൃംഖലയുടെ ആരോഗ്യപരമായ നിലനിൽപിൽ കടലാമകൾ കണ്ണിയാകുന്നു.

ഭീഷണികൾ പലവിധം

കടൽ മലിനീകരണം, തീര മലിനീകരണം ,അശാസ്ത്രീയ മത്സ്യ ബന്ധനം, തീരപ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി മനുഷ്യൻ നടത്തുന്ന  പ്രവർത്തനങ്ങൾ നേരിട്ടും അല്ലാതെയും കടലാമകളെ ബാധിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും ആമകളുടെ പ്രജനനരീതികളെയും, മുട്ട വിരിയലിനെയും മാറ്റിമറിക്കുന്നു. പ്ലാസ്റ്റിക് തിന്നേണ്ടി വരുന്ന, ട്രോളിങ് നെറ്റിൽ കുരുങ്ങുന്ന, കടൽഭിത്തി മൂലം തീരത്തണയാൻ കഴിയാത്ത കടലാമകൾ അതിജീവന ഭീഷണിയിലാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങൾക്കു പോലും കടലിൽ ജീവിതം തുടങ്ങന്നതു വരെ നിരവധി സ്വാഭാവിക ശത്രുക്കളിൽ നിന്നും രക്ഷപെടണം.

കൈത്തൊട്ടിൽ തീർക്കുന്ന പരിസ്ഥിതി സ്നേഹികൾ

എല്ലാ വർഷവും ഒരു നിശ്ചിത സമയത്ത് തീരപ്രദേശങ്ങളിൽ മുട്ടയിടാനെത്തുന്ന  കടലാമകളുടെ മുട്ടകൾ ശേഖരിച്ച് സുരക്ഷിതമായി വിരിയിച്ച് ആമക്കുഞ്ഞുങ്ങളെ കടലിലെത്തിക്കുന്ന പ്രവർത്തനം നടത്തുന്ന നിരവധി പരിസ്ഥിതി പ്രവർത്തകരും പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ തീരദേശങ്ങളിലും, നമ്മുടെ കേരളത്തിലുമുണ്ട്. കടലാമകളുടെ വംശം ക്ഷയിക്കാതിരിക്കാൻ അമ്മക്കിളി കൂടൊരുക്കുന്നവർ.ആമ മുട്ടയും ഇറച്ചിയും രോഗശമനം തരുമെന്ന് വിശ്വസിച്ച് അവയെ പിടിച്ചു വിൽക്കുന്നവരുമുണ്ട് ഇപ്പോഴും നമ്മുടെ നാട്ടിൽ. എന്തായാലും നിയമപ്രകാരം വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഒന്നാം ഷെഡ്യൂളിൽ പെടുത്തി സംരക്ഷണ കവചം തീർക്കപ്പെട്ടവയാണ് കടലാമകൾ. മനുഷ്യൻ നിസഹായനാവുന്ന കോവിഡ് കാലത്തെങ്കിലും കടൽത്തീരങ്ങളിൽ അവർ മുട്ടയിട്ട് അർമാദിക്കട്ടെ എന്ന് വിചാരിക്കാം.

Email: drsabingeorge10@gmail.com

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.