ലോക്ഡൗൺ പട്ടിണിയിലാക്കിയ തെരുവു മൃഗങ്ങൾക്ക് കരുതലേകി റിലയൻസ് ഫൗണ്ടേഷൻ

RelianceFoundation is helping feed stray animals
SHARE

കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യമാകെ ലോക്ഡൗണിലേക്ക് കടന്നിട്ട് ഏതാണ്ട് ഒന്നര മാസം  പിന്നിടുന്നു. മനുഷ്യനെ ബാധിക്കുന്ന കൊറോണ മൂലം  കഷ്ടപ്പെടുന്നത് പക്ഷേ മനുഷ്യർ മാത്രമല്ല. ഇന്ത്യയിലെ തെരുവുകളിൽ ഉടനീളം  വിശന്നുവലഞ്ഞു കഴിയുന്നത്  പതിനായിരക്കണക്കിന് മൃഗങ്ങൾ കൂടിയാണ്. ഭക്ഷണശാലകളെയും  മനുഷ്യർ നൽകുന്ന ഭക്ഷണത്തെയും ആശ്രയിച്ചു ജീവിച്ചിരുന്ന തെരുവ് മൃഗങ്ങൾ തെരുവുകൾ വിജനമായതോടെ പൂർണ്ണമായും പട്ടിണിയിലായി. ഈ സാഹചര്യത്തിൽ തെരുവ് മൃഗങ്ങൾക്ക് കരുതലേകി മുന്നോട്ടു വന്നിരിക്കുകയാണ് റിലയൻസ് ഫൗണ്ടേഷൻ.

തെരുവ് മൃഗങ്ങൾക്ക് ഭക്ഷണമെത്തിക്കുക എന്ന ദൗത്യമാണ് റിലയൻസ് ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്താകമാനമുള്ള വിവിധ സന്നദ്ധസംഘടനകളുമായി കൈകോർത്താണ് ഇത് നടപ്പിലാക്കി വരുന്നത്.  മൃഗങ്ങൾക്ക് വെള്ളവും അവയുടെ സ്വാഭാവിക രീതിക്ക് അനുസരിച്ചുള്ള ഭക്ഷണവുമാണ് എത്തിച്ചുകൊടുക്കാൻ ശ്രമിക്കുന്നത്. കന്നുകാലികൾക്ക് ടൺ കണക്കിന് കച്ചിയും പക്ഷികൾക്കായി ധാന്യങ്ങളുമെല്ലാം രാജ്യത്തുടനീളം സംഘടന എത്തിച്ചുകൊടുക്കുന്നു.

'ഒരു രാജ്യത്തിൻറെ മഹത്വവും ധാർമിക പുരോഗതിയും ആ രാജ്യത്തെ മൃഗങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിൽ നിന്നും മനസ്സിലാക്കാം' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് റിലയൻസ് ഫൗണ്ടേഷൻ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി. 

'കൊറോണ തോൽക്കും ഇന്ത്യ ജയിക്കും' എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളിലും റിലയൻസ് ഫൗണ്ടേഷൻ ഏർപ്പെടുന്നുണ്ട്. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിച്ചുകൊടുക്കുകയുമാണ് അവയിൽ ചിലത്. കോവിഡ് 19 രോഗത്തിന് മാത്രമായി മുംബൈയിൽ ഒരു ആശുപത്രിയും റിലയൻസ് ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്.

English Summary:  RelianceFoundation is helping feed stray animals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.