ADVERTISEMENT

കൊറോണ ലോകത്തെ മുഴുവൻ ഭയപ്പെടുത്തി ജനങ്ങളെ മുഴുവൻ വീടുകളിൽ അടച്ച് ബോറടി നൽകി മുന്നോട്ട് നീങ്ങുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകലം കുറച്ച് സൗഹൃദവും, സാഹോദര്യവും പകരുന്ന ചില കാഴ്ചകളെങ്കിലും ഗ്രാമങ്ങളുടെ മനോഹര കാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്നു. ചങ്ങനാശ്ശേരി ഇത്തിത്താനം മലകുന്നം ചക്യായിൽ മനോഹർ തോമസിന്റെ വീട്ടിലാണ് ലോക് ഡൗണിന്റെ ആദ്യ ആഴ്ചയിൽ തന്നെ കുയിൽ അതിഥിയായി എത്തിയത്.

കക്കകളുടെ ആക്രമണത്തെ തുടർന്ന് കൂട്ടിൽ നിന്ന് താഴെ വീണ അതിഥിയെ രക്ഷിച്ചെടുത്ത് വീട്ടിൽ കൊണ്ട് വരികയും അതിന് പ്രഥമ ശുശ്രുഷകൾ നൽകി വെള്ളവും ആഹാരവും കൊടുത്ത് ആദ്യ സംരക്ഷണം നൽകിയത് ജ്യേഷ്ഠസഹോദരൻ മോൻസി തോമസാണ്.

കുയിലിന് ഒന്നു രണ്ട് ആഴ്ചക്കാലത്തെ ഹോം ക്വാറന്റയിൻ നൽകി വീട്ടുകാർക്കൊപ്പം പരിചരിച്ച ശേഷം പുറത്തേക്ക് പറഞ്ഞയച്ചു എങ്കിലും അത് ദൂരേക്ക് പോകാതെ സമീപത്തെ മാവിന്റെ കമ്പിലും, ചെടികളിലും വന്നിരുന്ന് വീട്ടുകാരെ ശബ്ദമുണ്ടാക്കി ആകർഷിച്ചു കൊണ്ടിരുന്നു. 

തുടർന്നുള്ള ദിവസങ്ങളിലും കുയിൽ വീടിനു സമീപത്തു നിന്ന് മാറാതെ വന്നപ്പോൾ വീട്ടുകാർ വീണ്ടും വീട്ടിലെ പഴവർഗങ്ങളും ധാന്യമണികളും നൽകാൻ തുടങ്ങി. തുടർന്നിങ്ങോട്ട് ലോക് ഡൗൺ അവസാനിക്കാറായ ഈ ഘട്ടമായപ്പോൾ കുയിൽ വീട്ടിലെ അംഗം ആയിക്കഴിഞ്ഞിരിക്കയാണ്. ഇപ്പോൾ വീട്ടുകാർക്ക് ആഹാരം ഉണ്ടാക്കുന്നതോടൊപ്പം വൈകുന്നേരം കുയിലിന് പ്രത്യേക മെനു തയ്യാറാക്കുന്നു.

ചെറുപയർ, വൻപയർ, കിഴങ്ങ്, കടല എന്നിവ വൈകുന്നേരം വെള്ളത്തിലിട്ടുവച്ച് രാവിലെ കുക്കറിൽ ഇട്ടു വേവിച്ചാണ് കുയിലിന് ആ ഹാരമായി നൽകുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വിശപ്പ് ഉള്ളപ്പോഴെല്ലാം ഗൃഹനാഥനായ മനോഹർ തോമസിന്റെ സമീപം പറന്നെത്തുകയും തീറ്റി സ്വീകരിച്ച് മടങ്ങി സമീപത്തെ മരക്കൊമ്പിൽ വിശ്രമിക്കുകയും ചെയ്യും. വൈകുന്നേരം ദൂരെ എവിടെയോ കൂടണയും. കുയിലുമായി നിത്യേനയുള്ള ഈ സൗഹൃദം കാണാൻ സമീപവാസികളും, സുഹൃത്തുകളും കുട്ടികളും എത്താറുണ്ട്.

ചങ്ങനാശ്ശേരിയിൽ ഫോട്ടോസ്റ്റാറ്റ് ബിസിനസ് സ്ഥാപനം നടത്തുന്ന മനോഹർ തോമസ്, സാമൂഹ്യ പ്രവർത്തകനും, കർഷകനും കൂടിയാണ്. സ്വന്തമായി വീടിനു സമീപം ജൈവ പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നു. ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന പയർ, പടവലം, പാവൽ, വെണ്ട' വഴുതന എന്നിവ വീട്ടിലേക്കും ബാക്കി സൗജന്യമായി സുഹൃത്തുക്കൾക്കും അയൽവാസികൾക്കും നൽകി വരുന്നു.ഇതേ തോട്ടത്തിലാണ് കുയിൽ നിത്യ സന്ദർശകനായി സൗഹൃദം പങ്ക് വയ്ക്കാൻ എത്തുന്നത് എന്നുള്ളതാണ് കൂടുതൽ സന്തോഷകരം എന്ന് മനോഹർ പറയുന്നു. ഭാര്യ മഞ്ജു, മക്കളായ മിലൻ, മിലിയ എന്നിവരും കുയിലിന്റെ പരിചരണത്തിനായി ഒപ്പമുണ്ട്.

English Summary: Unusual Friendship Between Humans And cuckoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com