ADVERTISEMENT

മുത്തൂ....എന്ന വിനുവിന്റെ വിളിയുടെ മറുതലയ്ക്കല്‍ മരച്ചിലകളില്‍ അനക്കം കാണാം.. കുറച്ച് സമയത്തിനുള്ളില്‍ മരത്തിന് മുകളില്‍ നിന്ന് മുത്തു എന്നു വിളിക്കുന്ന മലയണ്ണാന്‍ ഇറങ്ങി വരും. 3 വര്‍ഷം മുന്‍പു തുടങ്ങിയ ഇഴമുറിയാത്ത സൗഹൃദത്തിന്റെ നേർക്കാഴ്ചയാണിത്. 2018 ഏപ്രില്‍ മാസത്തിലാണ് അതിരപ്പിള്ളിയിലെ തോട്ടം തൊഴിലാളിയായ വിനുവിന് കണ്ണ് തുറക്കാത്ത പരുവത്തില്‍ കാറ്റില്‍ പിടിവിട്ട് മുറ്റത്ത് വീണ മലയണ്ണാന്‍ കുഞ്ഞിനെ കിട്ടുന്നത്. അല്പപ്രാണനായ മലയണ്ണാന്‍ കുഞ്ഞ് വിനുവിന്റെ പരിചരണത്തില്‍ ജീവിതത്തിലേക്ക് മെല്ലെ തിരിച്ചു വന്നു. അതോടെ അവര്‍ അരുമ മൃഗത്തിന് മുത്തു എന്നു പേരുമിട്ടു. വിനുവിന്റെ 2 ആണ്‍ മക്കള്‍ക്കൊപ്പം മുത്തുവും ആ കുടുംബത്തിന്റെ സ്‌നേഹ തണലില്‍ പാലും പഴവും ബിസ്‌ക്കറ്റും കഴിച്ച് വളര്‍ന്നു. 

വിനുവിന്റെ മക്കള്‍ക്കൊപ്പം ലാളനയേറ്റ് സ്വതന്ത്രനായാണ് മുത്തുവും വളര്‍ന്നത്. 4 മാസത്തോളം വീടിന്റെ അകത്തളങ്ങളില്‍ വീട്ടുകാരുടെയും അയല്‍പക്കത്തുള്ളവരുടെയും കണ്ണിലുണ്ണിയായി മുത്തു വളര്‍ന്നു. പിന്നെ പതുക്കെ വീട്ടുമുറ്റത്തും സമീപമുള്ള മരങ്ങളിലേക്കും മുത്തുവിന്റെ യാത്ര നീണ്ടു. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ വീട്ടുകാര്‍ താമസം മാറിയതോടെ മുത്തു തന്റെ ആവാസ മേഖലയിലേക്ക് കുടിയേറി. മുത്തുവിനെ വേര്‍പ്പെട്ട നൊമ്പരത്തില്‍ കഴിഞ്ഞ കുടുംബം 1 മാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവരെ പ്രതീക്ഷിച്ച് മുത്തുവും മരത്തിന് മുകളില്‍ കാത്തിരിപ്പുണ്ടായിരുന്നു.

 'Muthu' the Indian giant squirreland its tale of unusual friendship with Vinu
ചിത്രം: ബാബു അതിരപ്പിള്ളി

തുടര്‍ന്ന് പഴയതുപോലെ തന്നെ മുത്തു വീട്ടുകാരുടെ സ്‌നേഹത്തിന്റെ പങ്കുപറ്റി കഴിഞ്ഞു .പ്ലാന്റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കുടുംബം മറ്റൊരിടത്ത് വീടുവെച്ച് താമസം മാറുന്നതിനു തീരുമാനമായി അതോടൊപ്പം മുത്തുവിന്റെ കാര്യത്തില്‍ ആശങ്കയും. നിയമ തടസങ്ങള്‍ സ്‌നേഹ ബന്ധങ്ങള്‍ക്ക് വിലങ്ങുതടിയായി മാറുമെന്നിരിക്കെ എന്തു ചെയ്യണമെന്നറിയാതെ നിന്ന പ്രിയിപ്പെട്ടവര്‍ക്ക് മുമ്പില്‍ മുത്തു തന്നെ പരിഹാരവുമായെത്തി. ഒരുനാള്‍ മരചില്ലകളില്‍ ചുറ്റികറങ്ങിയ ശേഷം മുത്തു ഇണയുമായിട്ടാണ് തിരിച്ചെത്തിയത്. 

ആളുകളുമായി അകലം സൂക്ഷിക്കുന്ന മുത്തുവിന്റെ കൂട്ടുകാരി കയ്യെത്തും ദൂരത്തില്‍ നിന്ന് വീട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കഴിക്കാറുണ്ട്. മുത്തു ഒറ്റയ്ക്കല്ലെന്ന ആശ്വാസത്തില്‍ താമസം മാറിയ കുടുബാംഗങ്ങളുമായുള്ള ബന്ധം ഇപ്പോഴും  ഇഴയറ്റു പോകാതെ മുത്തുവും വിനുവും സൂക്ഷിക്കുന്നു. താമസം മാറിയെങ്കിലും മുത്തുവിന് ഇഷ്ടപ്പെട്ട തീറ്റയുമായി എന്നും വിനുവെത്താറുണ്ട്. ചക്കയോടാണ് മുത്തുവിന് ഏറെയിഷ്ടം. ഭക്ഷണവുമായെത്തുന്ന വിനുവിന്റെ ആ വിളി കേൾക്കാനായി കാത്ത് സമീപമുള്ള മലയില്‍ മുത്തുവും ഇണയും മരചില്ലയില്‍ കൂടൊരുക്കി കാത്തിരിപ്പുണ്ട്.

English Summary: 'Muthu' the Indian giant squirreland its tale of unusual friendship with Vinu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com