ADVERTISEMENT

കുഞ്ഞുന്നാളിൽ ജെയ്ൻ ഗൂഡാളെന്ന (Jane Goodall ) പെൺകുട്ടിയ്ക്ക് ആരോ സമ്മാനമായി നൽകിയതായിരുന്നു ജൂബിലിയെന്നു വിളിക്കപ്പെട്ട ഒരു ചിമ്പാൻസി പാവക്കുട്ടി. അന്ന് നെഞ്ചോടു ചേർത്തു പിടിച്ച ചിമ്പാൻസിപ്പാവയുടെ രൂപം മായ്ക്കാനാവാത്ത വിധം ഗൂഡാളിന്റെ മനസ്സിലും ജീവിതത്തിലും മായാത്ത ജീവനുറ്റ ചിമ്പാൻസികളായി മാറിയെന്നു പിന്നീട് ലോകം കണ്ടു. 2020 ജൂലൈ മാസത്തിൽ, പശ്ചിമ ടാൻസാനിയായിലെ ഗോംബേ ദേശീയോദ്യാനത്തിൽ ചിമ്പാൻസികളെക്കുറിച്ച് പഠിക്കാൻ  ഗുഡാൾ എത്തിയതിന്റെ അറുപതു വർഷങ്ങൾ തികയുകയാണ്.

മഹത്തായ ക്ഷമയുടെ മാതൃക

ലോകത്തിലെ മുൻനിര ശാസ്ത്ര ജേണലുകളിലൊന്നായ സയൻസ് മാഗസിൻ ജൂലൈ 10-ന് പുറത്തിറക്കിയ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ ജെയ്ൻ ഗുഡാളിന്റെ സമാനതകളില്ലാത്ത സംരക്ഷണ പ്രവർത്തങ്ങളുടെ അറുപതു വർഷങ്ങൾ ഓർമിപ്പിക്കുകയാണ്. സയൻസ് ജേണലുകളുടെ എഡിറ്റർ -ഇൻ - ചീഫായ ഹോൾഡൻ തോർപ്പ് താനെഴുതിയ കുറിപ്പിന് നൽകിയിരിക്കുന്ന തലക്കെട്ട്  "Monumental patience" എന്നാണ്. കാലാവസ്ഥാമാറ്റവും വംശവെറിയും അതിവേഗം പടർന്നു പിടിക്കുന്ന കോവിഡ് മഹാമാരിയും ഭൂഗോളത്തെ തകർത്തു തരിപ്പണമാക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്തിനു മുൻപിൽ ജെയ്ൻ ഗൂഡാളിന്റെ ജീവിതകഥയ്ക്ക് പുത്തൻ മാനങ്ങൾ കൈവരുന്നതായി പ്രസ്തുത മുഖപ്രസംഗം സൂചിപ്പിക്കുന്നു. കലർപ്പില്ലാത്ത ശാസ്ത്ര ജിജ്ഞാസ, നിശ്ചയദാർഢ്യം, പ്രകൃതിയോടും മാനവരാശിയോടുമുള്ള അദമ്യമായ സ്നേഹം തുടങ്ങി നമ്മൾ വർത്തമാനകാലത്ത് കാണാനാഗ്രഹിക്കുന്ന ഗുണങ്ങളുടെ അളവറ്റ സാന്നിധ്യമുള്ളതാണ് അവരുടെ ജീവിതമെന്ന് തോർപ്പ് സാക്ഷ്യപ്പെടുത്തുന്നു. 

മഹത്തായ ശാശ്വതമായ ക്ഷമയുള്ള വ്യക്തിത്വമാണ് ഗുഡാളിനുള്ളതെന്ന് സാക്ഷ്യപ്പെടുത്തിയത് മറ്റാരുമല്ല, ഗുഡാളിന്റെ ഗുരുവായ ലോകപ്രസിദ്ധ പാലിയോ ആന്ത്രപ്പോളജിസ്റ്റായിരുന്ന ലൂയിസ് ലീക്കി (Louis Leakey) യായിരുന്നു. അത്രമാത്രം ക്ഷമയോടെയായിരുന്നു അവർ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തിയതും അവ രേഖപ്പെടുത്തുകയും ചെയ്തിരുന്നത്. സാങ്കേതികവിദ്യ അതിവേഗം വളർന്ന കാലത്തും ചിലയവസരങ്ങളിലെങ്കിലും നിരീക്ഷണ ഫലങ്ങൾ കൈപ്പടയിൽ നോട്ബുക്കിലെഴുതുന്നതിൽ അവർ നിർബന്ധം പുലർത്തുന്നു.ഒപ്പം ഡിജിറ്റൽ സങ്കേതങ്ങളെ പൂർണമായും തള്ളിപ്പറയുന്ന പഴഞ്ചൻ സമീപനവും അവർക്കില്ല. ചിമ്പാൻസികളോട് അടുത്തിടപഴകി, അവരുടെ വ്യക്തിത്വ സവിശേഷതകളും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ പ്രത്യേകതകളും പഠിക്കുകയെന്നതായിരുന്നു ഗുഡാളിന്റെ എന്നത്തേയും അഭിനിവേശം. കഴിഞ്ഞ 60 വർഷമായി അവർ അതു  കൃത്യമായ ഫലപ്രാപ്തിയോടെ തുടരുകയും ചെയ്യുന്നു.

ശാസ്ത്രവളർച്ചയുടെ 60 വർഷങ്ങൾ

chimpanzee

ഗോംബേ നാഷണൽ പാർക്കിൽ തുടക്കം കുറിച്ച ചിമ്പാൻസികളെക്കുറിച്ചുള്ള ശാസ്ത്ര പഠനം പരിണമിച്ചും മാറ്റങ്ങൾ ഉൾക്കൊണ്ടും വികസിച്ചും  വളർന്നു കൊണ്ടിരിക്കുന്നു..1977-ൽ സ്ഥാപിക്കപ്പെട്ട ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു കൊണ്ട് വാഷിങ്ടൺ സർവകലാശാലയിലെ നരവംശശാസ്ത്ര പ്രൊഫസറായ ക്രിക്കറ്റെ സാൻസ് ( Crickette Sanz )ചിമ്പാൻസി കളേക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.. ചിമ്പാൻസികൾ  ഉപകരണങ്ങൾ ഉപയോഗിക്കന്നതിനേക്കുറിച്ചുള്ള നിലവിലുള്ള അറിവു വിപുലപ്പെടുത്തുകയാണ് സാൻസിന്റെ ലക്ഷ്യം. തന്റെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ ഗുഡാൾ ചെയ്ത സഹായങ്ങൾ സാൻസ് ഓർക്കുന്നു. റിപ്പബ്ളിക് ഓഫ് കോംഗോയിൽ സാൻസ് പഠനം തുടങ്ങിയ കാലത്ത് ഗുഡാൾ  വിമാനത്തിലും  ട്രക്കിലും ബോട്ടിലുമായി നിരവധി ദിവസങ്ങളിലെ യാത്രകൾക്കു ശേഷം, ഇരുപതു കിലോമീറ്ററോളം നടന്നായിരുന്നു  ഗവേഷണ സ്ഥലത്ത് എത്തിയത്. 

"ലോകം ഗുഡാളിന്റെ പ്രതീക്ഷ, സഹാനുഭൂതി, പരിവർത്തനം തുടങ്ങിയ ആദർശങ്ങൾക്കു വേണ്ടി കൊതിക്കുകയായിരുന്നു " എന്നാണ് സാൻസിന്റെ സാക്ഷ്യം. ഇത്തരം ആശയാദർശങ്ങളുടെ പ്രചരണത്തിലാണ് ഗുഡാൾ ഇപ്പോൾ കൂടുതലായും മനമൂന്നുതെങ്കിലും, 300-ൽ അധികം ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഗോംബെയിലെ ഗവേഷക സംഘത്തിൽ നിന്നു ഇതിനകം പുറത്തു വന്നിരിക്കുന്നുവെന്നത് ശാസ്ത്രം ഗുഡാളിന് ഇപ്പോഴും പ്രധാനമെന്ന് തെളിയിക്കുന്നു. ഇനിയുള്ള കാലങ്ങളിൽ മനുഷ്യകുലത്തെയും ജീവപ്രകൃതിയെയും  പ്രതീക്ഷയോടും ആദരവോടും കാണുന്നതിനായുള്ള സംസ്ക്കാര സൃഷ്ടിക്കായി താൻ നടത്തുന്ന ശ്രമങ്ങളേക്കുറിച്ചുള്ള  സംസാരവേളകളിൽ അവർ വീണ്ടും ഒരു പ്രകാശം പരത്തുന്ന പെൺകുട്ടിയാകുന്നു. The Lake Tanganyika Catchment Reforestation and Education( TACARE) പദ്ധതി പോലെയുള്ള പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമായ രീതിയിലാണ് അവർ മുന്നോട്ടു കൊണ്ടു പോകുന്നത്. 

സാറ്റ്‌ലെറ്റ് ദൃശ്യങ്ങൾ, മൊബൈൽ ,മറ്റു സാങ്കേതിക വിദ്യകൾ എന്നിവയുടെ സഹായത്തോടെ പ്രാദേശിക സമൂഹങ്ങളെ തനതായ ഭൂവിനിയോഗ മാർഗങ്ങൾ സ്വയം വികസിപ്പിച്ചെടുക്കാനും പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കാനും ഗുഡാൾ ശ്രമിക്കുന്നു. വികേന്ദ്രീകൃതവും സഹകരണത്തിലൂന്നിയതും ശാസ്ത്രീയാടിസ്ഥാനത്തിലുള്ളതുമായ ഇത്തരം സംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാവരെയും പങ്കാളികളാക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ. ഭാവിയിലും യുവാക്കളിലും പൂർണ്ണ പ്രതീക്ഷയർപ്പിച്ചു കൊണ്ട് ഗുഡാൾ പ്രവർത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമാണ് Roots & Shoots. തന്റെ ഗവേഷണ പരിരക്ഷണ പ്രവർത്തനങ്ങളുടെ അറുപതാം വർഷത്തിൽ ലോകത്തേക്കുറിച്ചുള്ള  നിരവധി ആശങ്കകളാണ് അവർ പങ്കു വെയ്ക്കുന്നത്. അവയിൽ ഹരിത സമ്പദ് വ്യവസ്ഥ, ദാരിദ്ര്യ നിർമാർജ്ജനം, പരിസ്ഥിതിസംരക്ഷണം, ജൈവവൈവിധ്യ നാശം തുടങ്ങിയ കാലിക പ്രശ്നങ്ങൾ മുൻപിൽ നിൽക്കുന്നു.

നിലപാടുകൾ മാതൃക

ഭൂമിയുടെ ഭാവിയേക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ സ്വന്തം ജീവിതത്തെയും നിലപാടുകളെയും പ്രവർത്തനങ്ങളേയുമാണ് ആശയിക്കുന്നത്. അത് യുവാക്കൾക്ക് പ്രചോദനമാകുമെന്നാണ് ഗുഡാളിന്റെ പ്രതീക്ഷ. അദ്ഭുതങ്ങൾ നിറയുന്ന ഈ ഭൂമിയുടെ ഓരോ പ്രദേശങ്ങളേക്കുറിച്ചും, ചെറുതും വലുതുമായ ഓരോ ജീവികളെപ്പറ്റിയുമുള്ള ഉത്കണ്ഠയും ശ്രദ്ധയും അവരെ വ്യത്യസ്തയാക്കുന്നു. ഓരോ മനുഷ്യനും  പഠിതാവിനും ഗവേഷകനും ഉണ്ടായിരിക്കേണ്ട സഹാനുഭൂതിയേക്കുറിച്ചാണ് ഗുഡാൾ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നത്.

ജീവിതം, പ്രവർത്തനങ്ങൾ

പ്രമുഖ പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലൂയിസ് ലീക്കി (Louis Leakey) യുടെ വ്യക്തിപരമായ ശ്രദ്ധയിലും ശിക്ഷണത്തിലുമാണ് ജെയ്ൻ ഗുഡാളിന്റെ വളർച്ച. മനുഷ്യപരിണാമ പഠനത്തിലേക്ക് ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി, ജീവിതംതന്നെ അതിനായി സമര്‍പ്പിച്ച ഗവേഷകരായിരുന്നു ലീക്കിയും ഭാര്യ മേരി ലീക്കിയും. പശ്ചിമ ടാന്‍സാനിയായിലെ ഗോബേ സ്ട്രീം ദേശീയോദ്യാനത്തില്‍ ചിമ്പാന്‍സികളെപ്പറ്റിയുള്ള തന്റെ പഠനത്തിന് ജെയ്ന്‍ തുടക്കമിട്ടു. ബാല്യം മുതല്‍ക്കേ പ്രകൃതിയോടും, മൃഗങ്ങളോടും ചങ്ങാത്തം കൂടാനായിരുന്നു ജെയിനിന് താല്‍പര്യം. ഒരുനാള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മൃഗങ്ങളെപ്പറ്റി പഠിയ്ക്കുവാന്‍ പോകുമെന്ന് കുഞ്ഞു ജെയ്ന്‍ സ്വപ്നം കണ്ടു. തനിക്ക് സമ്മാനമായി ലഭിച്ച ജൂബിലിയെന്ന ചിമ്പാന്‍സി പാവയായിരുന്നു അവളുടെ പ്രചോദനം.

ഗോംബെ നാഷണല്‍ പാര്‍ക്കില്‍ തികച്ചും വന്യമൃഗങ്ങളായ ചിമ്പാന്‍സികളോട് ക്ഷമയോടും, ധൈര്യത്തോടും ജെയ്ന്‍ സഹവര്‍ത്തിച്ചു. ചിമ്പാന്‍സികള്‍ ജെയിനിനെ പതുക്കെ അവരില്‍ ഒരാളായി സ്വീകരിച്ചു. ആദ്യമായി സൗഹൃദം സ്ഥാപിച്ച ചിമ്പാന്‍സിയെ അവര്‍ ഡേവിഡ് ഗ്രേബിയേര്‍ഡ് എന്നു പേരിട്ടു വിളിച്ചു. ഈ ചിമ്പാന്‍സിയാണ് ആദ്യമായി ഒരു പണിയായുധം ഉപയോഗിക്കുന്നതായി ജെയ്ന്‍ കണ്ടെത്തിയത്. ചിതല്‍പ്പുറ്റില്‍ നിന്നും ചിതലുകളെ പുറത്തെടുത്ത് ഭക്ഷിക്കാനായി അവനൊരു പുല്‍കഷ്ണം ഉപയോഗിക്കുന്നു. ചിമ്പാന്‍സികള്‍ ഭക്ഷണത്തിനായി വേട്ടയാടുമെന്നും, മാംസം ഭക്ഷിക്കുമെന്നും, അവരവരുടെ അധീനപ്രദേശം സംരക്ഷിക്കുന്നതിനായി തീക്ഷ്ണമായി പോരാടുമെന്നും, പെണ്‍ ആള്‍ക്കുരങ്ങുകള്‍ക്ക് പ്രമുഖസ്ഥാനങ്ങളുണ്ടെന്നും, അവര്‍ക്കിടയില്‍ വളരെ തീവ്രമായ മാതൃശിശു ബന്ധം നിലനില്‍ക്കുന്നുവെന്നും, ആംഗ്യംകൊണ്ടുള്ള അവരുടെ ആശയവിനിമയം മനുഷ്യരുടേതിന് സമാനമാണെന്നും ജെയ്ന്‍ കണ്ടെത്തി.

ചിമ്പാന്‍സികളുടെ സംരക്ഷണത്തിനും, ഗവേഷണത്തിനുമായി 1977-ല്‍ ജെയ്ന്‍ ഗുഡോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. 1986-ല്‍ തന്റെ 26 വര്‍ഷങ്ങളിലെ ഗവേഷണം പൂര്‍ത്തിയാക്കി 'ചിമ്പാന്‍സീസ് ഓഫ് ഗോംബെ-പാറ്റേണ്‍സ് ഓഫ് ബിഹേവിയര്‍' എന്ന സമഗ്ര പഠനം പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജെയ്ന്‍, 1991 ല്‍ പ്രശസ്ത പരിസ്ഥിതി യുവജന പ്രസ്ഥാനം റൂട്ട് ആന്റ് ഷൂട്‌സ്ന് തുടക്കമിട്ടു. ലണ്ടനില്‍ ജനിച്ച് ആഫ്രിക്കയിലെത്തി ലൂയി ലീക്കിയുടെ  കീഴില്‍ ചിമ്പാന്‍സികളെക്കുറിച്ച് പഠനം നടത്തി,അവയ്ക്കായി ജീവന്‍ ഉഴിഞ്ഞുവെച്ച ഗുഡാൾ ,ലീക്കിയുടെ പ്രസിദ്ധരായ മൂന്നു ശിഷ്യകളിൽ ഒരാളാണ്." ലീക്കിയുടെ മാലാഖമാർ'' എന്നാണ് ഇവർ അറിയപ്പെടുന്നത്.

drsabingeorge10@gmail.com

English Summary: Jane Goodall, how a woman redefined mankind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com