നിഴലുപോലെ ഒപ്പം നിന്ന പ്രിയതമയുടെ പേരിട്ട് വിളിച്ച സാലിം അലിയുടെ പ്രിയപ്പെട്ട പക്ഷി!

 Dinopium benghalense tehminae
SHARE

ഒരുകാലത്ത് ഇന്ത്യയിലെ കിളികൾക്ക് ഏറ്റവും ധൈര്യത്തോടെ കൂടുകൂട്ടാൻ ഒരിടമുണ്ടായിരുന്നെങ്കിൽ അത് സാലിം അലിയുടെ വീടിന്റെ പരിസരത്തായിരിക്കും. പക്ഷികൾക്ക് പോലും അത്ര ഉറപ്പായിരുന്നു ആ മെലിഞ്ഞ കുഞ്ഞുമനുഷ്യൻ അവരുടെ കൂടുകളെ ഒന്നുതൊടുക പോലുമില്ലെന്ന്. ഒരുപക്ഷേ അവയുടെ അടുത്തേക്ക് പോലും വരില്ലെന്നും.  പക്ഷികളോട് എപ്പോഴും ഒരു ബൈനോക്കുലർദൂരം പാലിച്ച ആ മനുഷ്യനാണ് പക്ഷേ ഇന്ത്യയിലെ ചിറകുള്ള ചങ്ങാതിമാരുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ. 

ആയിരക്കണക്കിനു പക്ഷികളെ കണ്ടറിഞ്ഞിട്ടുണ്ട് സാലിം അലി. പക്ഷേ ഏതായിരിക്കും അദ്ദേഹത്തിനു പ്രിയപ്പെട്ട പക്ഷി? ഓരോ പക്ഷികളും എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവയ്ക്കൊപ്പമുള്ള തന്റെ ജീവിതം കൊണ്ടുതന്നെ തെളിയിച്ചതാണ് അദ്ദേഹം. പക്ഷേ സാലിമിന്റെ കാര്യത്തിൽ ഒന്നുറപ്പ്. അദ്ദേഹത്തിന്റെ പ്രിയപക്ഷികളുടെ പട്ടികയിൽ ഒലിവ് നിറത്തിലുള്ള കുപ്പായമിട്ട്, തലയിൽ തൂവൽകിരീടം ചാർത്തിയ ഒരു മരംകൊത്തിയായിരിക്കും ഏറ്റവും മുന്നിൽ. നിഴലുപോലെ എന്നും ഒപ്പം നിന്ന പ്രിയതമയുടെ പേരിട്ട് അദ്ദേഹം വിളിച്ച പക്ഷി–ഒരു നാട്ടുമരംകൊത്തിയായിരുന്നു അത്. 

Salim Ali, the 'Birdman of India'

മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ ജീവശാസ്ത്രപഠനകാലത്താണ് തെഹ്മിയെന്ന പെൺകുട്ടി സാലിമിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. 1918 ഡിസംബറിലായിരുന്നു ഒരു അകന്ന ബന്ധു കൂടിയായ തെഹ്മിനയുമായുള്ള സാലിമിന്റെ വിവാഹം.ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ജർമനിയിൽ പോയി ഓർണിത്തോളജിയും പഠിച്ച് തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് ആഗ്രഹിച്ച പ്രകാരം ജോലിയൊന്നും ലഭിച്ചില്ല. ഭാര്യ കൂടി ഒപ്പമുള്ളതിനാൽ ജോലി അത്യാവശ്യം. 

അങ്ങനെ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി മ്യൂസിയത്തിൽ  ക്ലർക്കായി ചേരുകയായിരുന്നു. ഇടയ്ക്ക് തെഹ്മിനയുടെ നാടായ കിഹിമിലേക്കും പോകുന്നത് പതിവാക്കിയിരുന്നു അദ്ദേഹം. കടലോരത്തുള്ള ഈ മഹാരാഷ്ട്ര ഗ്രാമമാണ് തുക്കണാംകുരുവികളെക്കുറിച്ചുള്ള നിർണായക പഠനം പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന് സഹായകരമായത്. അത്രമാത്രം ശാന്തസുന്ദരമായ പ്രദേശം. തുക്കണാംകുരുവികളുടെ ജീവിതരീതിയെപ്പറ്റി 1930ൽ പഠനം പ്രസിദ്ധീകരിച്ച ശേഷമാണ് പക്ഷി സർവേകൾ നടത്താനുള്ള അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തിത്തുടങ്ങിയതും. 

അങ്ങനെ ഇന്ത്യയിലെ പലയിടങ്ങളിലും ഒരു ബൈനോക്കുലറും തൂക്കിനടക്കുന്ന സഞ്ചാരമായി സാലിമിന്റെ ജീവിതം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഗ്രാമങ്ങളിലും കാടുകളിലും പർവതങ്ങളിലുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. ഈ യാത്രകളിലെല്ലാം ഒപ്പം കൈപിടിക്കാൻ തെഹ്മിനയുമുണ്ടായിരുന്നു. 

ഓരോ സ്ഥലത്തും ക്യാംപ് ചെയ്യുമ്പോഴും അത് തന്റെ വീടാണെന്നു തോന്നിപ്പിക്കും വിധമായിരുന്നു തെഹ്മിനയുടെ പ്രവർത്തനങ്ങളെന്നായിരുന്നു സാലിം അതിനെ ഓർമിച്ചത്. യാത്രയിലെ സുഹൃത്ത് മാത്രമല്ല നല്ലൊരു പക്ഷിനിരീക്ഷക കൂടിയായിരുന്നു തെഹ്മിന. മാത്രവുമല്ല സാലിം ഓരോ പക്ഷികളെക്കുറിച്ചും എഴുതി വയ്ക്കുന്ന കുറിപ്പുകൾ എഡിറ്റ് ചെയ്തിരുന്നതും അവരായിരുന്നു. ഇംഗ്ലണ്ടിൽ ബിരുദപഠനം പൂർത്തിയാക്കിയ തെഹ്മിന ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ സാലിമിനെ സഹായിച്ച പങ്കും ചെറുതല്ല.

തിരുവിതാംകൂർ–കൊച്ചി പ്രദേശങ്ങളിലും പക്ഷിസർവേയുടെ ഭാഗമായി സാലിം വന്നപ്പോൾ ഒപ്പം തെഹ്മിനയുമുണ്ടായിരുന്നു. രണ്ട് ദശാബ്ദക്കാലം തെഹ്മിന സാലിമിന്റെ കൈപിടിച്ച് ഒപ്പം പറന്നു. പക്ഷേ 1939ൽ നടത്തിയ ഒരു ശസ്ത്രക്രിയയ്ക്കിടെ തെഹ്മിനയുടെ ജീവൻ ചിറകടിച്ചുയർന്നു പോവുകയായിരുന്നു. സാലിം ഒറ്റയ്ക്കായി. അതോടെ മുഴുവൻ സമയവും തന്റെ പ്രിയതമയുടെ ഓർമക്കൈകളും പിടിച്ച് പക്ഷിനിരീക്ഷണത്തിനായി ചെലവിട്ടുതുടങ്ങി അദ്ദേഹം. 

ആയിടെ കേരളത്തിലെ പശ്ചിമഘട്ടയാത്രകളിലാണ് മരംകൊത്തിപ്പക്ഷികളിലൊന്നിലെ ഉപവിഭാഗത്തിനെ അദ്ദേഹം കണ്ടെത്തുന്നത്. കറുത്ത കഴുത്തിൽ വളരെ ചെറിയ വെളുത്ത പുള്ളികളാണ് ഇവയുടെ പ്രത്യേകത. മറ്റുള്ള മരംകൊത്തികളിൽ മഞ്ഞനിറത്തിൽ കാണുന്ന പുറം, ഇവയിൽ ഒലിവു നിറത്തിലുമാണ്. പശ്‌ചിമഘട്ടത്തിൽ മാത്രമാണ് ഇവ കാണപ്പെടുന്നതും. ‘നാട്ടുമരംകൊത്തി’ എന്നറിയപ്പെടുന്ന പക്ഷിയുടെ ഉപസ്‌പീഷീസിന്റെ പേരായാണ് ഇത് ശാസ്‌ത്രീയനാമത്തിലുൾപ്പെടുന്നത്. അതായത് ഡിനോപിയം ബെംഗാലെൻസ്’ എന്ന സ്‌പീഷീസിന്റെ ഉപസ്‌പീഷീസായി എഴുതപ്പെടുമ്പോൾ അതിന് ‘തെഹ്മിനെ’ (Dinopium benghalense tehminae) എന്നു രൂപമാറ്റം വരുന്നുവെന്നുമാത്രം. 

ഒരുമിച്ചു ‘പറന്ന’ 21 വർഷക്കാലത്തോളം സാലിം അലിയും തെഹ്മിനയും കടന്നുചെല്ലാത്ത പക്ഷിപ്രദേശങ്ങൾ ഇന്ത്യയിൽത്തന്നെ അപൂർവമായിരുന്നു. അതിൽത്തന്നെ കേരളത്തിനോട് അദ്ദേഹത്തിന് പ്രത്യേക സ്നേഹവും ഉണ്ടായിരുന്നു. പാലക്കാട്ടെ കുരിയാർകുറ്റിയിൽ തെഹ്മിനയ്ക്കൊപ്പം പലപ്പോഴും വന്നിട്ടുണ്ട് അദ്ദേഹം. പ്രിയപ്പെട്ടവളുടെ മരണശേഷവും അവിടേയ്ക്ക് ഇടയ്ക്കിടെ വരുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അക്കാലത്ത് തെഹ്മിനയ്ക്കൊപ്പം ട്രാമിൽ സ‍ഞ്ചരിച്ചതെല്ലാം തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ‘റൊമാന്റിക്’ ഓർമകളാണെന്നാണ് അദ്ദേഹം പിന്നീട് കുറിച്ചത്.

English Summary: Remembering Salim Ali 'The Birdman of India'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA