പിടികൂടിയത് 200 രാജവെമ്പാലകളെ; ഡബിൾ സെഞ്ച്വറി തികച്ച് വാവ സുരേഷ്!

Vava Suresh
SHARE

പാമ്പുകളുടെ രാജാവെന്നാണ് രാജവെമ്പാലകൾ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്നായ രാജവെമ്പാലകളെ എവിടെ കണ്ടാലും ആളുകൾ ആദ്യം വിളിക്കുക വാവ സുരേഷിനെയാണ്. രാജവെമ്പാലകളെ ഏറെ വൈദഗ്ധ്യത്തോടെയാണ് വാവ സുരേഷ് പിടികൂടുന്നത്. 200 മത്തെ രാജവെമ്പാലയെയും പിടിച്ച് ഡബിൾ സെഞ്ചറി തികച്ചിരിക്കുകയാണ് ഇപ്പോൾ ഈ പാമ്പുപിടുത്ത വിദഗ്ധൻ. കൊല്ലം ജില്ലയിലെ തെൻമലയിൽ നിന്നാണ് ഇരുന്നൂറാമത്തെ രാജവെമ്പാലയെ പിടികൂടിയത്. കൊല്ലം ജില്ലയിലെ വനം വകുപ്പിന്റെ ഡിപ്പോയിൽ നിന്നാണ് 14 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉൾവലത്തിൽ കൊണ്ടുപോയി തുറന്നു വിട്ടു. 200 രാജവെമ്പാലകളെ പിടികൂടിയ വാവ സുരേഷിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.

സർപ്പരാജാവായ രാജവെമ്പാല

ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്.ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പായ രാജവെമ്പാലയാണ് ഇന്ത്യയുടെ ദേശീയ ഉരഗജീവിയും. സർപ്പരാജാവ് എന്ന പദവിയും രാജവെമ്പാലയ്‌ക്കാണ്. പതിനെട്ടടിടിയോളം വളരുന്ന രാജവെമ്പാലയുടെ ശരീരത്തിന് ചാരമോ കറുപ്പോ ഇരുണ്ട ഒലിവു നിറമോ മഞ്ഞകലർന്ന തവിട്ടുനിറമോ ആയിരിക്കും. അതിൽ വെള്ളയോ മഞ്ഞയോ വളയങ്ങളുണ്ടാകും. കാലാവസ്‌ഥപരവും ഭൂമിശാസ്‌ത്രപരമായും ഉള്ള വർണവ്യതിയാനം സാധാരണമാണ്. ഉദാഹരണത്തിന് അരുണാചൽ പ്രദേശിൽ കാണുന്ന പൂർണ വളർച്ചെയെത്തിയ രാജവെമ്പാലയ്‌ക്കു വളയങ്ങളൊന്നുമില്ലാതെ നേർത്ത നീലകലർന്ന കറുപ്പു നിറമാണ്. 

ഇടതൂർന്ന അടിക്കാടുകളുള്ള വനങ്ങളിലും ഈറ്റ, മുളങ്കാടുകളിലും മറ്റു നിത്യഹരിത വനങ്ങളിലും അർധനിത്യ ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലുമെല്ലാം രാജവെമ്പാല കാണപ്പെടുന്നു. പാമ്പുകളാണ് പ്രധാന ആഹാരം. തരംകിട്ടിയാൽ ഉടുമ്പിനെയും മറ്റും അകത്താക്കും. ശരീരത്തിന്റെ മൂന്നിലൊന്ന് ഭാഗം ഉയർത്താനും ആ നിലയിൽതന്നെ വളരെ മുന്നോട്ടാഞ്ഞ് ഇരയെ ആക്രമിക്കാനും കഴിയും.

മുട്ടയിടാനായി കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പും രാജവെമ്പാലയാണ്. കരിയിലകൾ കൂട്ടി കൂടുണ്ടാക്കിയാണു മുട്ടയിടുന്നത്. മുട്ട വിരിയുന്നതുവരെ അമ്മ മുട്ടകൾക്കൊപ്പം കഴിയും. പത്തി ഉയർത്തിനിൽക്കുന്ന സ്വഭാവമുണ്ടെങ്കിലും ഫണത്തിനു മൂർഖന്റേതുപോലെ അഴകോ ഗാംഭീര്യമോ ഇല്ല. 

ലോകത്തെ ഏറ്റവും വലിയ വിഷപ്പാമ്പാണ് സർപ്പരാജാവായ രാജവെമ്പാല. ഓരോ കടിയിലും ഏൽപിക്കുന്ന വിഷത്തിന്റെ അളവ് കൂടുതലായതിനാൽ വളരെ പെട്ടെന്നുതന്നെ മരണം സംഭവിക്കും. പ്രതിവിഷം തായ്‌ലൻഡിൽ മാത്രമേ ഇപ്പോൾ നിർമിക്കുന്നുള്ളൂ. പക്ഷേ, കൊടുംകാടുകളിൽ വസിക്കുന്നതിനാൽ മനുഷ്യനുമായുള്ള സമ്പർക്കം കുറയുന്നതുകൊണ്ടു സ്വാഭാവിക സാഹചര്യങ്ങളിൽ രാജവെമ്പാലയുടെ കടിയേറ്റുള്ള മരണം അപൂർവമാണ്.

ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ഇന്ത്യ, ദക്ഷിണചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ട്. കേരളത്തിൽ പശ്‌ചിമഘട്ടമലനിരകളിൽ രാജവെമ്പാലയെ കാണാം. പൂർണ്ണവളർച്ചയെത്തിയാൽ 18 അടിയോളം നീളം ഉണ്ടാകാം. 

രാജവെമ്പാലയുടെ ‘ജീവനും അപകടത്തിൽ’

ഏറ്റവും വിഷമേറിയ പാമ്പെന്നു വിലയിരുത്തപ്പെടുന്ന രാജവെമ്പാലയുടെ ‘ജീവനും അപകടത്തിൽ’. ആവാസവ്യവസ്‌ഥ തകരാറിലാകുന്നതും മരുന്നിനും മറ്റുമായി വ്യാപകമായി പിടികൂടുന്നതുമാണ് ഇവയ്‌ക്കു ഭീഷണിയായിട്ടുള്ളതെന്ന് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്ന സംഘടന പറയുന്നു. ഇന്ത്യയിലെ പശ്‌ചിമഘട്ട വനങ്ങളും ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ വനങ്ങളുമാണ് ഈ സർപ്പരാജന്റെ പ്രധാന ആവാസകേന്ദ്രങ്ങൾ. മരുന്നു നിർമാണത്തിനും വിഷപ്രതിരോധ ഔഷധം ഉണ്ടാക്കാനും രാജവെമ്പാലയെ പിടികൂടുന്നുണ്ട്. ഇത്തരം വേട്ടയും ഇവയുടെ നിലനിൽപ് അപകടത്തിലാക്കുന്നു. 

English Summary: Vava Suresh, "The Snake Man of India" who rescued 200 King Cobras

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA