ADVERTISEMENT

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പരിസ്ഥിതി സ്നേഹത്തിന്റെ മികച്ച ഒരു മാതൃകയാണ്. കേരള സർക്കാരിന്റെ 2020ലെ ഊർജസംരക്ഷണ അവാർഡ് പട്ടികയിൽ  കെട്ടിടങ്ങളുടെ വിഭാഗത്തിൽ പുരസ്കാരം നേടിയ കോളജിലെ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സ്നേഹത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു നല്‍കുന്ന ഒരു മാതൃകാ അധ്യാപകനുണ്ട്. കോളേജിന്റെ വൈസ് പ്രിൻസിപ്പലും കായികാധ്യാപകനും അതിലുമുപരി നാട്ടു മരങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനുമായ ഫാ. ജോയി പീണികപറമ്പിൽ. കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന നാടൻ മാവുകളോടും പ്ലാവുകളോടുമുള്ള അടങ്ങാത്ത പ്രണയം മൂലം വിദ്യാർഥികളും നാട്ടുകാരും സ്നേഹത്തോടെ ‘മാപ്ലാ അച്ചൻ’ എന്നു വിളിക്കുന്ന ഫാ. ജോയി മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

ഗോളിൽ പിറന്ന ആശയം

Fr.Joy Peenikaparambil

ചെറുപ്പംമുതലേ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ ഏറെ താൽപര്യമുണ്ടായിരുന്നു ജോയി അച്ചന് . ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നതിനിടെ 2010ലാണ് ക്യാമ്പസിനുള്ളിൽ നിറയെ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക എന്ന ആശയം മനസ്സിലേക്കെത്തുന്നത്.അതിനു കാരണമായതാകട്ടെ ലോകകപ്പ് ഫുട്ബോൾ മത്സരവും. ഫുട്ബോൾ പ്രേമത്തിന് പേരുകേട്ട മലപ്പുറത്ത് മാത്രം 2010 ൽ  ലോകകപ്പുമായി ബന്ധപ്പെട്ട് രണ്ടു കോടിയിൽ പരം രൂപയുടെ ഫ്ലക്സുകളാണുയർന്നത്.പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഫ്ലക്സുകൾക്ക് പകരം  ഗോളടിക്കുന്ന ഓരോ കളിക്കാരന്റെയും പേരിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാൽ പരിസ്ഥിതിയ്ക്ക് എത്രത്തോളം ഗുണകരമാകുമെന്നതായി അച്ചന്റെ ചിന്ത. ഈ ആശയത്തിന് വിദ്യാർഥികളും പിന്തുണയുമായി എത്തിയതോടെ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പിറക്കുന്ന ഓരോ ഗോളിനും ഗോൾ അടിച്ച കളിക്കാരന്റെ പേരിൽ ഓരോ മരം നടാൻ തുടങ്ങി.'ഓരോ ഗോളിനും ഒരു മരം' എന്ന പേരാണ് പദ്ധതിക്ക് നൽകിയത്.146 ഗോളുകളാണ് സൗത്ത് ആഫ്രിക്കയിൽ അന്നു പിറന്നത്.എന്നാൽ പദ്ധതി പ്രകാരം 146 മരങ്ങളാണ് നടേണ്ടിയിരുന്നതെങ്കിലും ആയിരത്തി അഞ്ഞൂറിൽപ്പരം മരങ്ങളാണ് ക്യാമ്പസിനുള്ളിൽ നടാൻ കഴിഞ്ഞത്. അടിച്ച ഓരോ ഗോളും ലോകകപ്പിന്റെ കണക്ക് താളുകളിൽ ഉറങ്ങുമ്പോൾ അതിന്റെ പേരിൽ നട്ട മരങ്ങൾ വളർന്ന് ക്യാമ്പസിന് തണലും ഫലങ്ങളും നൽകുന്നു.

പ്രിയം മാവുകളോടും പ്ലാവുകളോടും..

Fr.Joy Peenikaparambil

കേരളത്തിന്റെ തനത് ഫലങ്ങളിൽ പലതും ഇപ്പോൾ കിട്ടാക്കനിയാണ്. അങ്ങനെ ചിന്തിച്ചപ്പോഴാണ് നാടൻ വൃക്ഷങ്ങൾ കൂടുതൽ പ്രചാരത്തിലെത്തിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. മാവുകളുടെയും പ്ലാവുകളുടെയും നാടൻ വിത്തുകൾ ശേഖരിച്ച് മുളപ്പിച്ച് ഇപ്പോൾ ധാരാളമായി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നുണ്ട്.  ചാവറയച്ചൻ കൂനമ്മാവിൽ സേവനമനുഷ്ഠിക്കുന്ന കാലത്ത് നട്ടു മുളപ്പിച്ച മാവിൻ തൈ പിൽക്കാലത്ത് പ്രിയോർ മാവ് എന്ന് അറിയപ്പെട്ടിരുന്നു. 2014 ൽ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച സമയത്ത് 'ഓരോ വീടിനും ഓരോ പ്രിയോർ മാവിൻതൈ' എന്ന പേരിൽ ഈ  മാവിൻ തൈകൾ വിതരണം ചെയ്തു. 600 തൈകൾ ആണ് ആ വർഷം മുളപ്പിച്ച് വിതരണം ചെയ്തത്. ഇതേ രീതിയിൽ നമ്പ്യാർ മാമ്പഴം, മൂവാണ്ടൻ, ചന്ദ്രക്കാരൻ  തുടങ്ങിയ തനത് നാടൻ മാവുകളുടെ വിത്തുകൾ വിശ്വാസികളുടെയും വിദ്യാർഥികളുടെയുമെല്ലാം സഹായത്തോടെ എത്തിച്ച് മുളപ്പിച്ചു വരുന്നു.

കൊറോണക്കാലം എത്തിയതോടെ കേരളത്തിൽ നഷ്ട പ്രതാപം വീണ്ടെടുത്ത ഫലമാണ് ചക്ക. വിഷം കലരാത്തത് എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരേ ഒരു ഫലവും ചക്കയാണ്. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് മാവിൻ തൈകൾക്കൊപ്പം പ്ലാവിൻ തൈകളും ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി മുളപ്പിച്ചു തുടങ്ങിയത്. പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്നതിനായി  'എന്റെ മരം, നമ്മുടെ ആഹാരം, ദാരിദ്ര്യത്തിന് ഉത്തരം' എന്ന പേര് നൽകിയ പദ്ധതിക്ക്  കഴിഞ്ഞവർഷം രൂപം നൽകിയിരുന്നു.അപൂർവ ഇനത്തിൽപെട്ട ചെമ്പരത്തി ചക്ക, വിയറ്റ്നാം ചക്ക എന്നിവയുടെയെല്ലാം തൈകൾ ജോയി അച്ചന്റെ  ശേഖരത്തിലുണ്ട്. താൻ താമസിക്കുന്ന ക്രൈസ്റ്റ് ആശ്രമത്തിൽ  കൊറോണക്കാലത്ത് ഒരുനേരമെങ്കിലും ചക്ക കൊണ്ടുള്ള വിഭവം ഒരുക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനങ്ങൾ കടന്ന വൃക്ഷ സ്നേഹം

വിപുലമായ രീതിയിൽ വൃക്ഷത്തൈകൾ നടാൻ ആരംഭിച്ചത് 2010 ൽ ആണെങ്കിലും അതിനുമുൻപ് തന്നെ  പറ്റുന്ന ഇടങ്ങളിലെല്ലാം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കാൻ ജോയി അച്ചൻ ശ്രമിച്ചിരുന്നു.1990-കളിൽ തിയോളജി പഠന കാലത്ത് മഹാരാഷ്ട്രയിലെ ധൂലെയിൽ കേരളത്തിൽ നിന്നും ചക്കക്കുരു എത്തിച്ച് മുളപ്പിച്ച നട്ടിരുന്നു. അവിടുത്തെ കൊടിയെ ചൂടിന് തന്നെക്കൊണ്ടാകും വിധമുള്ള പരിഹാരമെന്നോണമാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Fr.Joy Peenikaparambil

വികസനമാകാം മരങ്ങളെ മറക്കാതിരിക്കാം 

ലോകകപ്പ് ഫുട്ബോളിന് ശേഷവും വൃക്ഷങ്ങൾ നടുന്നതിനായി  ക്യാമ്പസിന് അകത്തും പുറത്തുമായി പല പദ്ധതികൾക്കും രൂപം നൽകിയിരുന്നു. ഒരു വ്യക്തിക്ക് വേണ്ട ഓക്സിജൻ ലഭിക്കുന്നതിന് രണ്ടു മരങ്ങളെങ്കിലും വേണം എന്നതാണ്  ഏകദേശ കണക്ക്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും രൂക്ഷമായ സാഹചര്യത്തിൽ  മനുഷ്യന്റെ നിലനിൽപ് ഉറപ്പുവരുത്താൻ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കേണ്ടത്  അത്യാവശ്യമാണ്. വികസനത്തിന് വേണ്ടി മരങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നേക്കാം, എന്നാൽ മുറിക്കുന്ന ഓരോ മരത്തിനും മറ്റെവിടെയെങ്കിലും പത്ത് മരങ്ങളെങ്കിലും പകരമായി നടേണ്ടതുണ്ട് എന്നാണ് അച്ചന്റെ പക്ഷം. 

Fr.Joy Peenikaparambil

നിലവിലെ ജീവിതസാഹചര്യങ്ങളിൽ ഓരോ വീട്ടുമുറ്റത്തും മരങ്ങൾ നടുക എന്നത് പ്രായോഗികമല്ല. അതിനാൽ   സർക്കാരുകളുടെ അധീനതയിലുള്ള  പൊതു ഇടങ്ങളിലും പള്ളികളുടെയും ക്ഷേത്രങ്ങളുടെയും മറ്റും തുറസായ സ്ഥലങ്ങളിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വിദ്യാർത്ഥികൾക്ക്  പുസ്തകത്തിലെ പാഠങ്ങൾ പഠിക്കുന്നതിനൊപ്പം വൃക്ഷങ്ങൾ വളർത്തിയെടുക്കുന്നത് ഒരു അസൈൻമെന്റ് പോലെ നൽകുന്നത് ഗുണം ചെയ്യും.സ്കൂൾതലം മുതൽ ഇത്തരം പ്രവർത്തനങ്ങളുണ്ടാകണം എന്നാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം.

വൃക്ഷ സ്നേഹത്തിനും അധ്യാപന ജീവിതത്തിനും തേടിയെത്തിയ അംഗീകാരങ്ങൾ

പരിസ്ഥിതി സംരക്ഷണത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് 2014 ൽ പ്രകൃതി മിത്ര പുരസ്കാരവും  2015 ൽ കേരള വനം വന്യജീവി വകുപ്പ് ഏർപ്പെടുത്തിയ വനമിത്ര പുരസ്കാരവും ഫാ. ജോയ് പീണിക്കപറമ്പിലിനെ തേടിയെത്തി. കായികാധ്യാപന രംഗത്തെ മികവിന് 2017 ൽ ജി.വി രാജാ അവാർഡിനും അദ്ദേഹം അർഹനായിരുന്നു.

English Summary: Interview with Fr.Joy Peenikaparambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com