കഞ്ചാവാണോ? എന്തിന് മുടിയും താടിയും? 'ഉട്ടോപ്യൻ' ജീവിതരീതി പരീക്ഷിച്ച എൽദോക്ക് നേരിടേണ്ടി വന്നത്?

SHARE

വാണിജ്യാടിസ്ഥാനത്തിൽ ഓർഗാനിക് ഫാമിങ് ചെയ്യാനുള്ള പദ്ധതിയുമായിട്ടാണ് ആർക്കിടെക്ടും സംരംഭകനുമായ എൽദോ പച്ചിലക്കാടൻ ഇടുക്കി സേനാപതി പഞ്ചായത്തിലെ സ്വർഗമേട്ടിൽ സ്ഥലം വാങ്ങിയത്. എന്നാൽ, പ്രകൃതിക്കിണങ്ങുന്ന കൃഷിരീതിയെപ്പറ്റിയുള്ള അന്വേഷണം എൽദോയെ കൊണ്ടെത്തിച്ചത് പരിണാമസിദ്ധാന്തത്തിലൂന്നിയ ജീവിതചര്യയിലേക്കായിരുന്നു. അത് എൽദോയെ മാത്രമല്ല മാറ്റി മറിച്ചത്. ഒരു കാലത്ത് ഏലത്തോട്ടമായിരുന്ന, ജലക്ഷാമം നേരിട്ടിരുന്ന സ്വർഗമേട്ടിലെ 20 ഏക്കർ ഭൂമിയെക്കൂടി ആയിരുന്നു. ഇവിടം വെള്ളമില്ലെന്നു പറഞ്ഞു പോയവരുടെ മുന്‍പിലേക്ക് കുളിക്കാനും കുടിക്കാനും സമൃദ്ധമായി ജലം ലഭിക്കുന്ന രണ്ടു കുളങ്ങള്‍ നിര്‍മിച്ചു കാണിച്ച്  എല്‍ദോ അമ്പരപ്പിച്ചു. ഇന്നിവിടം അത്യപൂർവ പഴങ്ങളും ചെടികളുമുള്ള 'ഭക്ഷണക്കാട്' ആണ്. ആ വാക്കിന്റെ അഴകു ചേർത്തുവയ്ക്കുന്ന എൽദോയുടെ 'സ്വർഗ'ത്തിൽ പേരറിയാത്ത പുഴുക്കളും പൂമ്പാറ്റകളും മുതൽ പേരിട്ടു വിളിക്കുന്ന പൂക്കളും ചെടികളും കാഴ്ചകളും ജീവികളും ജീവിതങ്ങളുമുണ്ട്. അവരെ കണ്ടും കേട്ടും നിരീക്ഷിച്ചും എൽദോയുടെ മക്കളായ ആൽബിച്ചനും റോസാപ്പെണ്ണും അവരുടേതായ ഹരിതകാഴ്ചപ്പാടുകൾ കൗതുകത്തോടെ കണ്ടെടുക്കുന്നു.

This one-time architect has turned barren land into a fruit forest

മേഘങ്ങൾ അതിരിടുന്ന സ്വർഗമേട്ടിലെ ഒറ്റമുറി വീട്ടിലാണ് എൽദോയും ഭാര്യ ബിൻസിയും മക്കളും താമസിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന പഴങ്ങളാണ് ഇവരുടെ പ്രധാന ആഹാരം. അതുകൊണ്ട് ഈ വീട്ടിൽ അടുക്കളയില്ല. ടോബി, മിസിസ് ടോബി, പ്രകൃതി, വികൃതി, കുട്ടൂസൻ, സസാ എന്നിങ്ങനെ ആൽബിച്ചനും റോസാപ്പെണ്ണും പേരിട്ടു വിളിക്കുന്ന പട്ടിക്കൂട്ടത്തിനുള്ള ഭക്ഷണം സ്വർഗമേട്ടിലെ കടകളിൽ നിന്നും ലഭിക്കുന്ന കോഴിവേസ്റ്റും മറ്റുമാണ്. അതിഥികളായെത്തുന്ന സുഹൃത്തുക്കൾക്കും സഞ്ചാരികൾക്കും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ടെന്റുകളിൽ താമസിക്കാം. അല്ലെങ്കിൽ രണ്ടു മരങ്ങൾക്കിടയിൽ കെട്ടിയിരിക്കുന്ന തുണിയൂഞ്ഞാലിൽ വിശ്രമിക്കാം. ഇവർക്കുള്ള ഭക്ഷണം ആവശ്യമെങ്കിൽ പ്രത്യേകമായി പാകം ചെയ്തു കൊടുക്കും. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് വേറിട്ടൊരു വഴി പരിചയപ്പെടുത്തുകയാണ് എൽദോ പച്ചിലക്കാടൻ. ഇവിടത്തെ തണുപ്പുള്ള കാറ്റും സ്വദേറുന്ന പഴങ്ങളും തെളിനീരു പോലുള്ള വെള്ളവും അനുഭവിക്കാൻ ഈ സ്വർഗം തേടി നിരവധി പേർ എത്തുന്നുണ്ട്. ഈ സ്വർഗത്തിലെ ജീവിതപരീക്ഷണ കഥകളുമായി മനോരമ ഓൺലൈനിനൊപ്പം എൽദോ ചേരുന്നു.  

ഇത് ഞങ്ങളുടെ ഭക്ഷണക്കാട്

Eldho Pachilakkadan, this one-time architect has turned barren land into a fruit forest

ഞാൻ ആർക്കിടെക്ട് ആയിരുന്നു. 35 വയസൊക്കെ ആയപ്പോൾ ബിസിനസും മറ്റു പരിപാടികളും അവസാനിപ്പിച്ച് സുസ്ഥിരമായ ജീവിതം എങ്ങനെ സാധ്യമാക്കാം എന്ന അന്വേഷണത്തിലേക്ക് തിരിഞ്ഞു. പരിണാമസിദ്ധാന്തത്തിലൂന്നിക്കൊണ്ട് അത്തരമൊരു കൃഷിജീവിത പരീക്ഷണത്തിലാണ് ഇപ്പോൾ. ഞാൻ സ്വർഗമേട്ടിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ പൂർണമായും കൃഷിയെന്ന് വിളിക്കാൻ കഴിയില്ല. ഞങ്ങൾ ഇവിടെ ഒരു ഭക്ഷണക്കാട് ഉണ്ടാക്കുകയാണ്. സുസ്ഥിര ഭക്ഷണക്കാട് അഥവാ Permanant Food Forest! നമ്മുടെ ചുറ്റുവട്ടത്ത് ഏറ്റവും നല്ല രീതിയിൽ വളരുകയും ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുകയും ചെയ്യുന്ന ചെടികളെയാണ് പ്രധാനമായും ഈ ഭക്ഷണക്കാട്ടിൽ വച്ചു പിടിപ്പിക്കുന്നത്. കേരളത്തിൽ കിട്ടാവുന്ന മിക്കവാറും എല്ലാ ചെടികളുടെയും തൈകൾ വാങ്ങി ഇവിടെ നട്ടിട്ടുണ്ട്. അതെല്ലാം വളർന്നു വരുന്നുണ്ട്. മിക്കവാറും പഴങ്ങൾ തരുന്ന ചെടികളും മരങ്ങളും ഒരു സീസണിലാണ് കായ്ക്കുന്നത്. എന്നാൽ വർഷം മുഴുവൻ കായ്ക്കുന്ന ചില ചെടികളുമുണ്ട്. ഉദാഹരണത്തിന് വാഴ, പൈനാപ്പിൾ, പപ്പായ, തെങ്ങ് തുടങ്ങിയവ. വർഷത്തിൽ എല്ലാ ദിവസവും ഭക്ഷണം കിട്ടുന്നതിനുവേണ്ടി ഇവയെ പ്രധാനമായും പരിപാലിക്കുകയും അതിനൊപ്പം മാവ്, പ്ലാവ് തുടങ്ങിയവും വളർത്തുന്നു. കൂടാതെ യാത്ര ചെയ്യുമ്പോഴൊക്കെ കിട്ടുന്ന അപൂർവ ചെടികളും ഇവിടെ നട്ടിട്ടുണ്ട്. അത്, ഇതിനിടക്ക് ഒരു ആഘോഷം എന്ന നിലയിൽ മാത്രം.

പരിണാമ സിദ്ധാന്തവും ജീവനും

Eldho Pachilakkadan, this one-time architect has turned barren land into a fruit forest

നാമിന്നു കാണുന്ന ജൈവവൈവിധ്യമുള്ള ഭൂമിയേലേക്ക് എത്തിയത് പരിണാമം എന്ന പ്രതിഭാസത്തിലൂടെയാണെന്ന് സംശയലേശമന്യേ ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. എന്നാൽ, ആ പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി ഒരു കമ്മ്യൂണിറ്റി ഉണ്ടായിട്ടില്ല. മനുഷ്യൻ ഒരു സാമൂഹിക ജീവി ആണല്ലോ. ഹ്യൂമന്‍ സ്പീഷീസിന്റെ അടിസ്ഥാന യൂണിറ്റ് കുടുംബം അല്ല, കമ്മ്യൂണിറ്റി ആണ്. സുസ്ഥിരമായും സ്വയംപര്യാപ്തതയോടും ജീവിക്കാൻ കഴിയുന്ന ഒരു കമ്മ്യൂണിറ്റിയെ വളർത്തിയെടുക്കുക എന്ന ആഗ്രഹത്തോടെയാണ് ഉട്ടോപ്യ യുണൈറ്റഡ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു എൻജിഒ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ പലയിടങ്ങളിലും സ്വർഗത്തിന് സമാനമായ ഭക്ഷണക്കാടുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ലോകത്തുള്ള ലക്ഷ്വറി പൂർണമായി ഉപേക്ഷിക്കണം... യാതൊരു സുഖസൗകര്യങ്ങളും വേണ്ട... ടെക്നോളജി ഉപയോഗിക്കാൻ പാടില്ല... ഇങ്ങനെയുള്ള ചിന്തകളൊന്നും ഇല്ല. ജീവന് അത്യന്തം ആവശ്യമായ ചില സംഗതികളുണ്ട്. ശരിയായ കാലാവസ്ഥ, വെള്ളം, വായു, ഭക്ഷണം, സഹജീവികളുമായുള്ള സഹവർത്തിത്വം എന്നിവ. ഇവയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ദ്രുതപരിണാമത്തിന് കാരണമാകും. ആരോഗ്യപ്രശ്നങ്ങളിലൂടെ മാത്രമേ പരിണാമം നടക്കുകയുള്ളൂ. ഈ അഞ്ചു ഘടകങ്ങൾക്ക് കാര്യമായി പരിക്ക് വരുത്താത്ത ലക്ഷ്വറിയും ടെക്നോളജിയും എല്ലാം ഉപയോഗിക്കാം. അതാണ് യഥാർത്ഥത്തിൽ ശാസ്ത്രീയമായതെന്നാണ് ഞാൻ പറയുന്നത്. പരിണാമത്തെ മനസിലാക്കുന്ന ഫിലോസഫിയും രീതികളുമാണ് ജീവന്റെ കാര്യത്തിൽ വർക്കൗട്ട് ആവുകയുള്ളൂ. അല്ലാത്ത ഏതു രീതിയും പരാജയപ്പെടും.

എല്ലാ ജീവികളുടെയും സ്വര്‍ഗം

Eldho Pachilakkadan, this one-time architect has turned barren land into a fruit forest

രണ്ടു പട്ടികളുമായിട്ടാണ് ഞാൻ ആദ്യം ഈ സ്വർഗത്തിലെത്തുന്നത്. കുട്ടൂസനും ഡാകിനിയും. അതിൽ ഡാകിനി ഇപ്പോഴില്ല. അവരുടെ സന്തതിപരമ്പരകളിൽപ്പെട്ട പട്ടികളും ഇവിടെ വന്നു കയറിയ പട്ടികളും അടക്കം വലിയൊരു സംഘം ഇവിടെയുണ്ട്. ടോബി എന്നു വിളിക്കുന്ന കക്ഷിയാണ് ഇപ്പോൾ ഇവരുടെ നേതാവ്. കാട്ടിലൊക്കെ പോകുമ്പോൾ വഴികാട്ടിയായും ഗാർഡ് ഡോഗ് പോലെയുമൊക്കെ ടോബിയും പരിവാരങ്ങളും കാണും. കൂടാതെ കുറെ പക്ഷികള്‍, പൂമ്പാറ്റകള്‍, മോത്തുകള്‍... അങ്ങനെ ഒരുപാടു ജീവജാലങ്ങള്‍ സഹവര്‍ത്തിത്വത്തോടെ ഞങ്ങളുടെ സ്വര്‍ഗത്തിലുണ്ട്. ഞാന്‍ കുട്ടികൾക്ക് ദൈവത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതിനു പകരം പരിണാമത്തെക്കുറിച്ചാണ് പറഞ്ഞുകൊടുക്കുക. അവർക്ക് അതു നേരിട്ട് എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്നുണ്ട്. പ്രകൃതിയിലേക്ക് നോക്കിക്കാണാൻ പറ്റുന്നുണ്ട്. ഒരു പുസ്തകത്തിന്റെ പോലും സഹായമില്ലാതെ നോക്കിയും നിരീക്ഷിച്ചും പഠിക്കാൻ പറ്റുന്നതാണല്ലോ പ്രകൃതി. അവര്‍ക്ക് ചിന്തിക്കാന്‍ ഇടമുണ്ട്. അല്ലാതെ ഇതെല്ലാം ദൈവം ഉണ്ടാക്കിയതാണ് എന്നു പറഞ്ഞ് അവരുടെ ചിന്തയെ കെടുത്തുന്നില്ല.  

പഴങ്ങള്‍ മാത്രം കഴിച്ചു ജീവിക്കാമോ

Eldho Pachilakkadan, this one-time architect has turned barren land into a fruit forest

കുറച്ചു വർഷങ്ങളായി ഭക്ഷണത്തില്‍ കൂടുതലുമുള്ളത് പഴവർഗങ്ങളാണ്. കേരളം പോലുള്ള ട്രോപിക്കല്‍ മേഖലയില്‍ പഴവര്‍ഗങ്ങളായിരിക്കും കൂടുതല്‍ അനുയോജ്യം. ലോകത്ത് ഓരോ മേഖലയിലും അതിനു അനുയോജ്യമായ ഭക്ഷണരീതികളുണ്ട്. വേവിച്ച ഭക്ഷണം പരാമവധി ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണരീതിയാണ് ഞങ്ങളുടെ സ്വർഗത്തിലുള്ളത്. എനിക്ക് രണ്ടു മക്കളാണ്. അവര്‍ പഠിക്കുന്നത് കൂത്താട്ടുകുളത്താണ്. ഒഴിവുള്ള സമയത്തെല്ലാം അവര്‍ ഇവിടേക്കു വരും അവരും. ഭാര്യ ബിന്‍സി കോളജ് അധ്യാപികയാണ്. മക്കള്‍ രണ്ടുപേരും പഴവർഗങ്ങളാണ് കഴിച്ചു ശീലിച്ചിട്ടുള്ളത്. ഭക്ഷണം കഴിക്കാറായ സമയം മുതല്‍ മകൾക്ക് കുക്ക് ചെയ്തു കൊടുക്കാവുന്ന ഒന്നും കൊടുത്ത് ശീലിപ്പിച്ചിട്ടില്ല. ചോറിനും കുറുക്കിനുമൊക്കെ പകരം ജ്യൂസും സ്മൂത്തിയും മാത്രമേ ചെറുപ്പത്തിൽ കൊടുത്തിട്ടുള്ളൂ. അതുകൊണ്ട് അവരെ ഒരിക്കലും ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കേണ്ടി വരാറില്ല. എന്നാൽ ഇവിടെ വരുന്നവരോട് ഈ രീതി പിന്തുടരണമെന്ന നിർബന്ധം വയ്ക്കാറില്ല. ഈ ഭക്ഷണമേ കഴിക്കാവൂ എന്ന് ആരെയും നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് അവരുടെ ഇഷ്ടമാണ്. തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് അത്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ശീലങ്ങള്‍ മാറ്റുന്നതില്‍ കാര്യമില്ല. 

പരിഹാരം പരിണാമം മാത്രം

Eldho Pachilakkadan, this one-time architect has turned barren land into a fruit forest

ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും പരിണാമം എന്തായിരിക്കും എന്ന ചിന്തയാണ് ഉട്ടോപ്യയെ നയിക്കുന്നത്. ഈ ലോകത്തുള്ള എല്ലാം പരിണമിക്കുന്നുണ്ട്. ഭാഷ, സാഹിത്യം, കല, ശാസ്ത്രം, സാങ്കേതികവിദ്യ, നമ്മുടെ പ്രശ്നങ്ങൾ ഇവയെല്ലാം കാലത്തിനൊപ്പം പരിണമിക്കുന്നുണ്ട്. ഭക്ഷണകാര്യത്തിൽ നാം വരുത്തുന്ന ചെറിയ തിരുത്തലുകൾ പോലും നാമിപ്പോൾ നേരിടുന്ന പ്രശ്നങ്ങളെയും പരിഹരിക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയംപര്യപ്ത നേടുന്നതിലൂടെ പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാൻ കഴിയും. പലപ്പോഴും ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുന്നതിലൂടെയാണ് പ്ലാസ്റ്റിക് നമ്മുടെ വീടുകളിലെത്തുന്നത്. നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നു തന്നെ നമുക്ക് ഭക്ഷണം കണ്ടെത്താൻ കഴിഞ്ഞാൽ ഒരു പരിധി വരെ പ്ലാസ്റ്റിക്, മറ്റു മാലിന്യപ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്താം. ഞാന്‍ ഈ ജീവിതരീതിയിലേക്ക് വന്നതില്‍ പിന്നെ അസുഖങ്ങളൊന്നും വന്നിട്ടില്ല. മക്കള്‍ക്കും അങ്ങനെ തന്നെ. ഇങ്ങനെയൊരു ജീവിതരീതിയുണ്ടെന്ന് മാത്രമേ ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒന്നിനെയും എതിര്‍ക്കുന്നില്ല. 

എന്തുകൊണ്ടാണ് ഇങ്ങനെ ജീവിക്കുന്നത്?

ഇങ്ങനെയൊരു സ്ഥലത്തു വന്നു ജീവിക്കുകയും താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തുകയും ചെയ്തു കാണുമ്പോള്‍ പലര്‍ക്കും സംശയം തോന്നാം, നമ്മള്‍ എന്തെങ്കിലും ലഹരിക്ക് അടിമയാണോ എന്ന്. യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ലഹരി പ്രകൃതിയും അതിനോട് ഇണങ്ങിയുമുള്ള ജീവിതവുമാണ്. പരിണാമപരവും അല്ലാതെയുമുള്ള അറിവുകള്‍ സമ്പാദിക്കുന്നതിലൂടെ ഉണ്ടാകുന്ന ലഹരി മാത്രമാണ് ഞങ്ങളുടെ ലഹരി. മറ്റേതു ലഹരിയേക്കാള്‍ ലഹരി തരുന്നത് പ്രകൃതി തന്നെയാണ്. പൊലീസുകാര്‍ക്കൊക്കെ ഉണ്ടാകുന്ന പ്രധാന സംശയം, എന്തുകൊണ്ടാണ് ഇവരിങ്ങനെ വന്നു താമസിക്കുന്നത് എന്ന്. അവരോടുള്ള മറുപടിയും ഇതു മാത്രമാണ്. ഞാനൊത്തിരി സ്ഥലം നോക്കിയിട്ടാണ് ഈ സ്ഥലം വാങ്ങുന്നത്. ഇതിന്റെ പേരും കൂടിയാണ് ഇവിടേക്ക് എന്നെ ആകർഷിച്ചത്. സ്വർഗമേട്ടിൽ ചെറിയൊരു സ്വർഗം ഉണ്ടാക്കിയെടുക്കാനാണ് ഞങ്ങളുടെ ശ്രമം. ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർണമായും സ്വർഗം എന്നു വിളിക്കാൻ കഴിയുന്ന, നിറച്ചു പൂക്കളും പൂമ്പാറ്റകളും, ഇവിടെ വരുന്നവർക്കെല്ലാം കഴിക്കാനുള്ള ഭക്ഷണവുമൊക്കെയുള്ള ഇടമായി ഇതു മാറുമെന്നാണ് എന്റെ വിശ്വാസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA