ADVERTISEMENT

ഇത്തവണ വനിതാദിനത്തിൽ പരിസ്ഥിതി രംഗത്ത് ഏറെ പ്രശസ്തയായത് തുർക്കിയിൽ നിന്നുള്ള ഒരു അറുപത്തിനാലുകാരി മുത്തശ്ശിയാണ്. തയ്യിബ് ഡെമിറേൽ. തന്റെ ജന്മദേശത്ത് വൻതോതിൽ നടത്തുന്ന ഖനിവത്കരണത്തിനെതിരെയുള്ള ഒറ്റയാൾ പോരാട്ടമാണ് തയ്യിബിനെയും അവരുടെ ആറേക്കർ വരുന്ന ഒലീവ് മരത്തോപ്പിനെയും രാജ്യാന്തര ശ്രദ്ധയിൽ എത്തിച്ചത്. കാൻസർ ബാധിതയാണ് തയ്യിബ്. 

വടക്കുപടിഞ്ഞാറൻ തുർക്കിയിലെ യാറ്റഗാൻ എന്ന പട്ടണത്തിനു സമീപമാണ് തയ്യിബിന്‌റെ നാടായ ടുർഗുറ്റ്. പട്ടണത്തെ ചുറ്റിക്കിടക്കുന്ന അനേകം ഗ്രാമങ്ങളിൽ ഒരെണ്ണം. ഖനനം വളരെ ശക്തമായ മുഗ്ല എന്ന മേഖലയിൽ പെട്ടതാണ് ടുർഗുറ്റ്.

ഒരിക്കൽ ഈ ഗ്രാമങ്ങളിൽ പച്ചപ്പ് വിരിഞ്ഞു നിന്നിരുന്നു. ഒലീവ് മരങ്ങളും തുലിപ്പും ഡെയ്‌സിയും നിറഞ്ഞ പൂന്തോട്ടങ്ങഴും അവയിലെത്തുന്ന പൂമ്പാറ്റകളും കിളികളും. തന്‌റെ ബാല്യ, യൗവ്വന കാലത്തെ സ്മരണകളിൽ ഇതെല്ലാം നിറം പിടിപ്പിച്ച ഏടുകളായി തയ്യിബ് സൂക്ഷിക്കുന്നുണ്ട്. എന്നാൽ ഇന്ന്. യാറ്റഗാനു സമീപം ഒരു താപനിലയമുണ്ട്. കൺസ്ട്രക്ഷൻ, ഊർജം, ടൂറിസം തുടങ്ങി വിവിധമേഖലകളിൽ സാന്നിധ്യമുള്ള ലിമാക് എന്ന വമ്പൻ കമ്പനിക്കാണ് ഇതിന്റെ ഉടമസ്ഥത. ടർക്കിയിലെ ഊർജ ഉത്പാദനത്തിന്റെ നല്ലൊരു ശതമാനം ലിമാക്കിന്റെ താപനിലയങ്ങളിൽ നിന്നാണ്.

ലിമാക്ക് താപനിലയത്തിലെ ഊർജ ആവശ്യങ്ങൾക്കു വേണ്ടി കൽക്കരി ഖനനം ചെയ്യാൻ തുടങ്ങിയതോടെയാണ് മുഗ്ലയുടെ മുഖച്ഛായ മാറിയത്. ഇതിനിടെ തുർക്കിയിലെ കൽക്കരി ഉത്പാദനം ഇരട്ടിയാക്കാൻ സർക്കാർ നിർദേശിക്കുകയും ചെയ്തു. ഊർജമേഖലയിലെ വിദേശ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇതോടെ ഖനനവും കൂടുതൽ വേഗത്തിലായി. മുഗ്ലയിൽ 5000 ഹെക്ടറുകളോളം ഭൂമി കഴിഞ്ഞ നാൽപതു വർഷത്തിനിടയിൽ ഖനനമേഖലയായി മാറിയെന്നാണു കണക്ക്. 8000 ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്തീർണം ഇവയ്ക്കു വരുമെന്നാണു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ഖനനം ടുർഗുറ്റിനു സമീപമുള്ള എസ്‌കിഹിസാർ, യെസിൽബാഗ്‌സിലർ തുടങ്ങി അഞ്ച് ഗ്രാമങ്ങളെ മരുഭൂമിയാക്കിയത് പേടിയോടെയാണ് തയ്യിബ് വീക്ഷിച്ചത്. പതിയെ ആ ഖനനം ടുർഗുറ്റിനു നേർക്കു വന്നു. തന്റെ ആറേക്കർ ഒലീവ് തോട്ടം വാങ്ങാനായി വന്ന കമ്പനിയുടെ ജീവനക്കാരോട് പറ്റില്ലെന്നു ശാഠ്യത്തോടെ തയ്യിബ് പറഞ്ഞു. പക്ഷേ നാൾക്കു നാൾ സമ്മർദ്ദം ഏറി വന്നു.

ഒടുവിൽ കമ്പനിയുമായി നേരിട്ടൊരു പോരാട്ടത്തിനിറങ്ങാൻ തന്നെ തയ്യിബ് തീരുമാനിച്ചു. ഇതിനായി മുഗ്ലയിലെ ജനങ്ങളെ അണിചേർത്ത്, ഖനനത്തെ ചെറുക്കാൻ ഒരു കൂട്ടായ്മയ്ക്കു തയ്യിബ് തുടക്കമിട്ടു. അതോടൊപ്പം തന്നെ നിയമവഴിയുള്ള പരിഹാരത്തിനും ശ്രമങ്ങൾ തുടങ്ങി. 

ഖനനം മൂലം ടുർഗുറ്റ് ഗ്രാമത്തിന്‌റെ ജലശ്രോതസ്സുകൾ വരണ്ടിരുന്നു. ഇക്കാര്യവും തയ്യിബ് ചൂണ്ടിക്കാട്ടി. ഒലീവ് മരത്തോപ്പുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ഒരു മുൻകോടതി വിധിയുടെ കാര്യം തയ്യിബിന്‌റെ അഭിഭാഷകനായിരുന്ന മെഹ്‌മത് കോടതിയിൽ സമർപ്പിച്ചു.  അതോടെ ടുർഗുറ്റിലേക്കു ഖനനം വ്യാപിപ്പിക്കുന്നതിൽ നിന്നു ലിമാക്കിനെ കോടതി താൽക്കാലികമായി തടഞ്ഞു. എന്നാൽ ശക്തമായ കമ്പനിക്ക് ഇതൊന്നും വലിയ കാര്യമല്ലെന്ന ആശങ്കയിലാണ് തയ്യിബ്, നിയമം തെറ്റിച്ചാൽ തന്നെയും പിഴയടച്ച് ഊരിപ്പോരാനുള്ള ശക്തി അവർക്കുണ്ട്. 

കമ്പനിയുടെ ഉദ്യോഗസ്ഥർ തന്നോടു സംസാരിച്ചെന്നും, ബാക്കിയെല്ലാം സ്ഥലങ്ങളും ഖനികളാകുകയും തയ്യിബിന്‌റെ ആറേക്കർ തോട്ടം മാത്രം നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥ വരുമെന്നും അതു കഷ്ടമായിരിക്കുമെന്ന് അവർ അറിയിച്ചെന്നും തയ്യിബ് പറയുന്നു. എന്നാൽ പരിസ്ഥിതി നാശത്തിനു പുറമേ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഖനനം യാറ്റഗാനിലുണ്ടാക്കുന്നുണ്ടെന്ന് തയ്യിബ് അഭിപ്രായപ്പെടുന്നു.  

സൾഫർ ഡയോക്‌സൈഡിന്‌റെ സാന്നിധ്യം യാറ്റഗാനിൽ മറ്റുള്ള പ്രദേശങ്ങളെ വച്ചു താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി അളവിലാണ്. ഇതു ബ്രോങ്കൈറ്റിസ്, ആസ്മ, ക്യാൻസർ തുടങ്ങിയ രോഗങ്ങളെ മേഖലയിൽ സാധാരണമാക്കി. 

തയ്യിബിന് കാൻസറിനോടൊപ്പം ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങളുണ്ട്. എന്നാലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യിബ് തയാറല്ല. ' കുറേക്കാലം കഴിയുമ്പോൾ എന്‌റെ പേരക്കിടാവ് വലുതാകും, മുത്തശ്ശിയുടെ സ്ഥലമേതാണെന്ന് അവനപ്പോൾ ചോദിക്കും. അപ്പോഴെനിക്കു ചൂണ്ടിക്കാണിക്കാൻ ടുർഗുറ്റ് വേണം, പച്ചപ്പു നിറഞ്ഞ ടുർഗുറ്റ്' . അവർ പറയുന്നു. യൂറോപ്പിലും തുർക്കിയിലും തയ്യിബിന്‌റെ പോരാട്ടം ഇതിനിടെ വലിയ രീതിയിൽ ശ്രദ്ധേയമായിട്ടുണ്ട്. യൂറോപ്യൻ പരിസ്ഥിതി സംഘടനയായ ഹീൽ ഒക്കെ ഇവർക്കു പിന്തുണയുമായി എത്തി. 

English Summary: Turkish olive farmer battles to save her land from coal mine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com