ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഏതു പാർട്ടിക്ക് അനുകൂലമായാലും ആലപ്പുഴയുടെ മണ്ണിന് ഈ തിരഞ്ഞെടുപ്പുകാലം ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പാണ്. കാരണം വോട്ടെടുപ്പു നടന്ന ഒറ്റദിവസംകൊണ്ട് ആയിരക്കണക്കിനു മരങ്ങളാണ് ആലപ്പുഴ നഗരസഭയുടെ പലഭാഗങ്ങളിലായി നട്ടുപിടിപ്പിക്കപ്പെട്ടത്. മനുഷ്യന്റെ ഓരോ ചുവടുവയ്പ്പും പരിസ്ഥിതിക്ക് കൈത്താങ്ങേകിക്കൊണ്ടാകണമെന്ന് സ്വന്തം ജീവിതത്തിലൂടെ ഓർമപ്പെടുത്തുന്ന ഒരു ആലപ്പുഴക്കാരൻ തന്നെയാണ് ഈ ഉദ്യമത്തിനു പിന്നിൽ. രണ്ടര പതിറ്റാണ്ടിലേറെയായി പരിസ്ഥിതി - ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫിറോസ് അഹമ്മദ് തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനോരമ ഓൺലൈനു വേണ്ടി മനസ്സു തുറക്കുന്നു.

ഓരോ വോട്ടും പരിസ്ഥിതിക്ക്

സുരക്ഷാ മുൻകരുതലുകളോടെ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമാകാനും അതിനോടൊപ്പം വരും തലമുറയ്ക്കായി ഒരു വൃക്ഷത്തൈ നടാനും ഓരോ വോട്ടറെയും ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ‘വോട്ട് ഫോർ നേഷൻ, മാസ്ക് ഫോർ ലൈഫ്, ട്രീ ഫോർ നേച്ചർ’ എന്ന പദ്ധതിക്കു തുടക്കം കുറിച്ചത്. വോട്ടെടുപ്പു ദിവസം ആലപ്പുഴ നഗരസഭയിലെ മാതൃകാ പോളിങ് ബൂത്തിലായിരുന്നു വൃക്ഷത്തൈ വിതരണം. വോട്ടർമാർക്കായി മാസ്ക് വിതരണവും നടത്തി.

green-initiative-cast-a-vote-plant-a-tree-spreads-roots-in-alappuzha

പത്തുവർഷത്തോളമായി പ്രകൃതി സംരക്ഷണത്തിൽ ഓരോ സമ്മതിദായകന്റെയും പങ്ക് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ഫിറോസ് സീഗിഫ്റ്റ് എന്ന പേരിൽ എന്നറിയപ്പെടുന്ന ഈ പരിസ്ഥിതി പ്രവർത്തകൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്ന നിലയിൽ ജനുവരി മുതൽ വോട്ടെടുപ്പു ദിവസം വരെ ആറായിരത്തിൽപരം  ഫലവൃക്ഷത്തൈകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഫിറോസ് വിതരണം ചെയ്തത്.

രാജ്യത്ത് ചുരുങ്ങിയത് 100 കോടി ജനങ്ങൾ രാജ്യസഭ - നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഭാഗമാകുന്നു. ഇത്രയും ജനങ്ങൾ അവർ ചെയ്ത വോട്ടിന്റെ ഓർമയ്ക്ക് ഒരു മരം വീതം നട്ടു പിടിപ്പിച്ചാൽ അത് രാജ്യത്തിന്റെ പരിസ്ഥിതി മേഖലയ്ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന ചിന്തയാണ് വോട്ടെടുപ്പു ദിവസം വൃക്ഷത്തൈ വിതരണം ചെയ്യുകയെന്ന ആശയത്തിലേക്കു നയിച്ചതെന്ന് ഫിറോസ് പറയുന്നു. 2014 ലെ പാർലമെന്റ് തെരഞ്ഞടുപ്പ് മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും ഫിറോസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി ഫല വൃക്ഷത്തൈ വിതരണം നടക്കുന്നുണ്ട്.

മറ്റു പരിസ്ഥിതി പ്രവർത്തനങ്ങൾ

തിരഞ്ഞെടുപ്പു കാലത്തു മാത്രം ഒതുങ്ങുന്നതല്ല ഫിറോസിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ. ഓരോ അവസരത്തിലും പരിസ്ഥിതിക്ക് നാം നൽകേണ്ട കരുതലിനെ കുറിച്ചുള്ള ഓർമപ്പെടുത്തലുമായി നിരവധി ക്യാംപെയ്നുകളാണ് ഫിറോസ് നടത്തുന്നത്. ലഹരിവിരുദ്ധ ദിനത്തിലും വനദിനത്തിലുമെല്ലാം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. ‘എന്റെ പ്രകൃതിക്ക് എന്റെ മരം’, ‘ആയിരം കുടുംബത്തിന് ആയിരം തൈ’, ‘എന്റെ അടുക്കളയ്ക്ക് എന്റെ തോട്ടം’ എന്നിങ്ങനെ ഫിറോസ് തുടക്കംകുറിച്ച പരിസ്ഥിതി സംരക്ഷണ പദ്ധതികൾ ഏറെയാണ്. പല ക്യാംപെയ്നുകളിലൂടെ ഫലവൃക്ഷത്തൈകളും പച്ചക്കറിത്തൈകളും ഔഷധസസ്യങ്ങളുമടക്കം ഒരു ലക്ഷത്തിലേറെ തൈകൾ വിതരണം ചെയ്തു. മട്ടുപ്പാവ് കൃഷിയുടെയും പാരപ്പറ്റ് കൃഷിയുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ തന്നെയുണ്ട്.

കടലറിഞ്ഞ് തുടക്കം

തീരെ ചെറിയ പ്രായത്തിൽ കടൽക്കരയിലൂടെ നടക്കുമ്പോൾ മത്സ്യബന്ധനത്തൊഴിലാളികൾ വീശുവലയിൽനിന്നു കിട്ടുന്ന ചെറിയ മത്സ്യങ്ങളെ തീരത്തു തന്നെ ഉപേക്ഷിക്കുന്നതു കണ്ട് വിഷമം തോന്നിയിരുന്നു. അവ അവിടെക്കിടന്ന് ചത്തു പോവുകയാണ് പതിവ്. ഇതേതുടർന്ന്, എത്രത്തോളം പ്രകൃതിസമ്പത്ത് ഇത്തരത്തിൽ ഒരു കാരണവുമില്ലാതെ നഷ്ടപ്പെട്ടുപോകുന്നു എന്ന ചിന്ത ഉടലെടുത്തു. മത്സ്യബന്ധനം നടത്തുന്നവരോട് വലയിൽ കുടുങ്ങുന്ന ചെറിയ മീനുകളെ കടലിൽ തിരികെ വിടണമെന്നു പറഞ്ഞുകൊടുത്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് കടലിലെ ജൈവവൈവിധ്യത്തെപ്പറ്റി സ്വന്തം നിലയിൽ ഗവേഷണം തുടങ്ങി. കടൽ ശൽക്കങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് കൂടുതൽ ശ്രദ്ധിച്ചത്.

ശാസ്ത്രീയമായി പഠിക്കാതെ തന്നെ സ്വന്തം നിലയിൽ കടലിനെ കുറിച്ച് ആഴത്തിലുള്ള അറിവ് നേടിയ ഫിറോസ് ഇന്ന് കോൺകോളജിസ്റ്റ് എന്ന നിലയിലും അറിയപ്പെടുന്നു. സമുദ്രജീവി ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് തന്റെ അറിവ് പകർന്നു കൊണ്ട് ഗൈഡ് എന്ന നിലയിലും പ്രവർത്തിക്കുന്നുണ്ട്.

Green initiative Firoz Ahammed

അംഗീകാരങ്ങൾ

മികച്ച പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകർക്ക് സംസ്ഥാനത്തെ വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്കാരം 2016 ൽ ഫിറോസിനെ തേടിയെത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിൽവച്ച് നടത്തിയ ഔദ്യോഗിക ശിൽപശാലയിൽ കേരള ചീഫ് ഇലക്ടറൽ ഓഫിസർക്കുവേണ്ടി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അതേ പരിപാടിയിൽ ഏറ്റവും മികച്ച രീതിയിൽ പങ്കാളിയായതിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് അംഗീകാരം ഏറ്റുവാങ്ങുകയും ചെയ്തു. 

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര വികസന ഗ്രാൻഡ് അഞ്ചു തവണ തുടർച്ചയായി നേടാനായതും ഫിറോസിന്റെ ചരിത്രപരമായ നേട്ടമാണ്. പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷകൻ എന്നതിനുപുറമേ മത്സരപരീക്ഷാ പരിശീലകൻ, പ്രാദേശിക മാധ്യമപ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

കുടുംബം

വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും മുളപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമടക്കം ഫിറോസിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണയേകി, വീട്ടമ്മയായ ഭാര്യ നാസിലയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബവും കൂടെയുണ്ട്. 

English Summary: Green initiative ‘Cast a vote, plant a tree’ spreads roots in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com