ADVERTISEMENT

'ഹിമാലയം വരുമാനമുണ്ടാക്കാനുള്ളതല്ല അത് വെള്ളത്തിനുള്ളതാണ്‌ എന്ന് ഭരണക്കൂടം മനസ്സിലാക്കണം. മൂന്നാമത് ലോകമഹായുദ്ധം ഉണ്ടാകുന്നെങ്കില്‍ അതിന് കാരണം വെള്ളമായിരിക്കും.' മുൻപ് ഒരു ദേശീയമാധ്യമ അഭിമുഖത്തിൽ പരിസ്ഥിതി സംരക്ഷകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ പറഞ്ഞതിങ്ങനെയാണ്. പരിസ്ഥിതിയെകുറിച്ച് ദീർഘദർശനം കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാലിക പ്രസക്തിയുള്ളതാണ്. ഇന്ത്യയിലെ പരിസ്ഥിതി പ്രക്ഷോഭങ്ങള്‍ക്ക് ദിശാബോധം നല്‍കിയവരില്‍ ഒരാളെയാണ് സുന്ദര്‍ലാല്‍ ബഹുഗുണയുടെ വിയോഗത്തോടെ നഷ്ടമാവുന്നത്. ഗാന്ധിയന്‍ സമരമാര്‍ഗങ്ങളിലൂടെ 1970കളില്‍ നടന്ന ചിപ്‌കോ പ്രസ്ഥാനത്തിലൂടെയാണ് സുന്ദര്‍ലാല്‍ ബഹുഗുണ ശ്രദ്ധേയനാവുന്നത്. പിന്നീട് 1980കള്‍ മുതല്‍ 2004 രെ നടന്ന തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രക്ഷോഭത്തിലും അദ്ദേഹം മുന്നണിയിലുണ്ടായിരുന്നു. 

ഇപ്പോഴത്തെ ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്തുള്ള മറോദ ഗ്രാമത്തിലായിരുന്നു 1927 ജനുവരി ഒമ്പതിന് സുന്ദര്‍ലാല്‍ ബഹുഗുണയുടെ ജനനം. പ്രദേശത്തെ പ്രമുഖ ഗാന്ധിയനായിരുന്ന ദേവ് സുമനു കീഴില്‍ പതിമൂന്നാം വയസ് മുതല്‍ തന്നെ സുന്ദര്‍ലാല്‍ പൊതുസേവനം ആരംഭിച്ചു. നാട്ടുകാരിലെ തൊട്ടുകൂടായ്മക്കെതിരെയും ഗ്രാമത്തിലെ സ്ത്രീകളെ സംഘടിപ്പിച്ച് മദ്യത്തിനെതിരെയും കൗമാരത്തില്‍ തന്നെ സുന്ദര്‍ലാല്‍ ബഹുഗുണ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

എക്കാലത്തും ഹിമാലയത്തിലെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ നിലകൊണ്ടത്. ഹിമാലയത്തിലെ നദികളും മലകളും മരങ്ങളും അടങ്ങുന്ന പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു അദ്ദേഹം പട്ടിണികിടന്നതും പ്രക്ഷോഭങ്ങളെ നയിച്ചതും. സുന്ദര്‍ലാല്‍ ബഹുഗുണ ഉയര്‍ത്തിയ 'ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യം അങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി പ്രേമികള്‍ക്ക് ആവേശമായി. കേരളത്തിലേത് അടക്കമുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളെ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. 

മൂന്ന് 'A'കളാണ് തന്നെ മുന്നോട്ട് നയിച്ച തത്വശാസ്ത്രമെന്ന് സുന്ദര്‍ലാല്‍ ബഹുഗുണ പലപ്പോഴും പറഞ്ഞിട്ടുണ്ട്. Austertiy, അഥവാ സുഖങ്ങളെ ത്യജിക്കാനുള്ള മനസ്. Alternative, ഏതൊരു പ്രശ്‌നത്തിനും ബദല്‍ പരിഹാരമാര്‍ഗ്ഗമുണ്ട്. Afforestation, വനവല്‍ക്കരണം- ഒരു പ്രശ്‌ന പരിഹാരമാര്‍ഗ്ഗമാണ്. എന്നീ മൂന്ന് വാക്കുകളിലെ ആശയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജ്ജം. 

സുന്ദര്‍ലാല്‍ ബഹുഗുണയുടെ ചിപ്‌കോ പ്രസ്ഥാനത്തിന് 1987ല്‍ റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ഗാന്ധിയന്‍ ജീവിത മാര്‍ഗ്ഗം സ്വീകരിച്ച സുന്ദര്‍ലാല്‍ ബഹുഗുണ വിവാഹത്തിന് മുമ്പ് ഒരൊറ്റ ഉപാധി മാത്രമാണ് ഭാവി വധുവിന് മുമ്പാകെ വെച്ചത്. ഗ്രാമീണ ജനങ്ങളോടൊപ്പം ഏതെങ്കിലും ഗ്രാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് അവരിലൊരാളായി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അതിന് തടസം നില്‍ക്കരുതെന്നുമായിരുന്നു അത്. വിമലക്ക് ഇതിനോട് എതിര്‍പ്പില്ലാതിരുന്നതിനാല്‍ ഇരുവരുടേയും വിവാഹം നടന്നു. 

ചിപ്‌കോ പ്രസ്ഥാനം

ഇന്ത്യയിലെ പരിസ്ഥിതി സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു 70കളില്‍ നടന്ന ചിപ്‌കോ പ്രസ്ഥാനം. ചിപ്‌കോ എന്ന വാക്കില്‍ തന്നെ ആ സമരമാര്‍ഗ്ഗത്തിന്റെ സൗന്ദര്യം ഒളിഞ്ഞിരിപ്പുണ്ട്. 'ചേര്‍ന്നു നില്‍ക്കുക' എന്നായിരുന്നു ആ വാക്കിന്റെ അര്‍ഥം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വൃക്ഷങ്ങള്‍ വലിയ തോതില്‍ വെട്ടി മാറ്റുന്നതിന് കരാറുകാര്‍ക്ക് അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തുടക്കത്തില്‍ ഗ്രാമീണര്‍ ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഒന്നും പൂര്‍ണ്ണമായും ഫലം കണ്ടിരുന്നില്ല. 

1974 ജനുവരിയില്‍ ഇന്നത്തെ ഉത്തരാഖണ്ഡിന്റെ ഭാഗമായ ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്‍ 2500 മരങ്ങള്‍ മുറിക്കാന്‍ അധികൃതര്‍ കരാറുകാര്‍ക്ക് അനുമതി നല്‍കി. 1974 മാര്‍ച്ച് 25ന് മരം മുറിക്കാനെത്തിയ തൊഴിലാളികളെ ഗ്രാമ മുഖ്യ ഗൗര ദേവിയും 27 സ്ത്രീകളും ചേര്‍ന്ന് തടഞ്ഞു. ഇവര്‍ മരത്തെ പുണര്‍ന്നുകൊണ്ട് മരം മുറിക്കാനെത്തിയവരെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. നാല് ദിവസങ്ങള്‍ക്കു ശേഷമാണ് മരം മുറി സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ് കരാറുകാര്‍ പിന്‍വാങ്ങിയത്. 

1980ല്‍ വരുന്ന 15 വര്‍ഷത്തേക്ക് ഹിമാലയന്‍ മേഖലയില്‍ വനനശീകരണം നിരോധിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടതോടെ ചിപ്‌കോ സമരം വന്‍ വിജയമായി. ചിപ്‌കോ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയവരില്‍ പ്രധാനിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ. 1981-83 കാലയളവില്‍ ഹിമാലയ ഗ്രാമങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി അദ്ദേഹം നടന്നു തീര്‍ത്തത് അയ്യായിരത്തോളം കിലോമീറ്ററുകളാണ്. ചിപ്‌കോ പ്രസ്ഥാനത്തെ ഓരോ ഹിമാലയന്‍ ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതില്‍ ഈ യാത്ര സഹായിച്ചു. 

തെഹ്‌രി അണക്കെട്ടിനെതിരെ

ഭാഗീരഥി നദിക്ക് കുറുകെ നിര്‍മ്മിച്ച തെഹ്‌രി അണക്കെട്ടിനെതിരെ നടന്ന പ്രക്ഷോഭത്തെ പതിറ്റാണ്ടുകളോളം മുന്നില്‍ നിന്ന് നയിച്ചത് സുന്ദര്‍ലാല്‍ ബഹുഗുണയായിരുന്നു. സുന്ദര്‍ലാല്‍ ബഹുഗുണയുടെ സത്യാഗ്രഹ സമരങ്ങളിലൂടെയാണ് ഈ പ്രക്ഷോഭം ശ്രദ്ധിക്കപ്പെടുന്നത്.  1995ല്‍ ഭാഗീരഥി നദിയുടെ തീരത്ത് സുന്ദര്‍ലാല്‍ ബഹുഗുണ 45 ദിവസത്തെ സത്യാഗ്രഹം നടത്തി. അന്നത്ത പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഡാം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഖാതങ്ങളെക്കുറിച്ച് പഠിക്കാന്‍ റിവ്യു കമ്മറ്റിയെ നിയോഗിച്ചതിനെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. 

പിന്നീട് എച്ച്.ഡി ദേവഗൗഡയുടെ കാലത്ത് ഇതിനേക്കാള്‍ നീണ്ട സത്യാഗ്രഹ സമരവും അദ്ദേഹം തെഹ്‌രി അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ നടത്തി. അന്ന് 74 ദിവസങ്ങളാണ് രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ സത്യാഗ്രഹം നീണ്ടത്. സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്കിടയിലൂടെ തെഹ്‌രി അണക്കെട്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

2001 ഏപ്രില്‍ 20ന് സുന്ദര്‍ലാല്‍ ബഹുഗുണ അറസ്റ്റിലായി. അതേ വര്‍ഷം തന്നെ ഡാം നിര്‍മ്മാണം പുനരാരംഭിക്കുകയും ചെയ്തു. 2004ല്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ പ്രക്ഷോഭ സ്ഥലത്തു നിന്നും തെഹ്‌രിയിലെ കൊട്ടിയിലേക്ക് മാറ്റി. പിന്നീട് അദ്ദേഹം ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലേക്ക് ഭാര്യാസമേതം താമസം മാറ്റുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com