ADVERTISEMENT

തെരുവ് നായ്ക്കളുടെ വയറു നിറഞ്ഞാൽ മനസ്സ് നിറയുന്ന ഒരാളുണ്ട് കണ്ണൂരിൽ പേര് ശ്യാം. കണ്ണോത്തുംചാൽ സ്വദേശി. ദിവസവും വൈകിട്ട് ശ്യാമും കൂട്ടുകാരും എത്തിച്ചുനൽകുന്ന ഭക്ഷണം കഴിച്ചാണ് നഗരത്തിലെ മുന്നൂറോളം തെരുവു നായ്ക്കൾ കഴിയുന്നത്. നഗരത്തിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന ഭക്ഷണവും നാട്ടുകാർ വാങ്ങി നൽകുന്ന ബിസ്ക്കറ്റുകളുമാണ് ശ്യാം നായ്ക്കൾക്ക് എത്തിച്ചു നൽകുന്നത്. കല്യാണ വീടുകളിൽ ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ചെത്തിച്ചും ശ്യാം നായ്ക്കളെ ഊട്ടാറുണ്ട്. വൈകുന്നേരങ്ങളിൽ ചൂളമടിച്ചു നായ്ക്കളെ വിളിച്ച് അവയ്ക്കു ഭക്ഷണം നൽകുന്ന കാഴ്ച ഏറെ കൗതുകം നിറഞ്ഞതാണ്. 

∙ കടിപിടി വേണ്ട, എല്ലാവർക്കുമുണ്ട്

നായ്ക്കളെ ഊട്ടുന്നതു മാത്രമല്ല, അവരെ അനുസരിപ്പിക്കുന്നതും ശ്യാം തന്നെ. മനുഷ്യരെപ്പോലെ തന്നെ അതിർത്തി തർക്കങ്ങളുണ്ട് നായ്ക്കൾക്കിടയിലും. പയ്യാമ്പലം ശ്മശാനത്തിൽ കഴിയുന്ന നായ്ക്കൾക്കുള്ള ഭക്ഷണവുമായി ശ്യാം എത്തുമ്പോൾ, ബീച്ച് ഭാഗത്ത് തമ്പടിച്ച നായക്കൂട്ടം ശ്മശാന ഭാഗത്തേക്കു വരും. അപ്പോൾ ശ്മശാനത്തിൽ കഴിയുന്ന നായ്ക്കൾ പ്രതിരോധിക്കും. പിന്നെ, ഇവരെ അനുനയിപ്പിക്കുന്നതും ഇരുകൂട്ടർക്കും തുല്യമായി ഭക്ഷണം വീതം വയ്ക്കുന്നതും എല്ലാം ശ്യാം തന്നെയാണ്. ശ്യാം പറഞ്ഞാലേ അവർ അനുസരിക്കുകയുമുള്ളൂ. 

∙ ലോക്കിടാത്ത കാരുണ്യം...

കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് തെരുവ് നായ്ക്കളുടെ ദയനീയാവസ്ഥ ശ്യാമിനെ വല്ലാതെ അലട്ടിയത്. നഗരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പയ്യാമ്പലം ബീച്ച് ലോക്ഡൗണിൽ അടച്ചിട്ടു. അതോടെ അവിടെയുള്ള നായ്ക്കളും പട്ടിണിയിലായി. പിന്നെ, ശ്യാമും കൂട്ടുകാരും നായ്ക്കൾക്കുള്ള ഭക്ഷണവുമായി എല്ലാ ദിവസവും എത്താൻ തുടങ്ങി. അന്നുതൊട്ട് ഇന്നുവരെ പയ്യാമ്പലത്തെ നായ്ക്കൾ വിശപ്പറിഞ്ഞിട്ടില്ല, ശ്യാം അറിയിച്ചിട്ടില്ല എന്നു പറയുന്നതാകും കൂടുതൽ ഉചിതം. 

∙ ജിങ്കനാണ് കേമൻ...

ശ്യാമും കൂട്ടുകാരും ബീച്ചിൽ ഫുട്ബോൾ കളിക്കുമ്പോൾ കൂടെ കൂടിയതാണ് ജിങ്കൻ എന്ന. അങ്ങനെ ജിങ്കനും ഒരു കളിക്കാരനായി. എത്രദൂരത്തേക്കു പന്തടിച്ചിട്ടാലും ജിങ്കൻ ഓടിച്ചെന്ന് പന്തുമായി തിരിച്ചെത്തും. മാത്രവുമല്ല, ശ്യാമും കൂട്ടുകാരും കളിക്കുമ്പോൾ കാഴ്ചക്കാർ ആരും കളത്തിലിറങ്ങാതിരിക്കാനും ജിങ്കൻ ശ്രദ്ധിക്കും. അറിയാതെ ആരെങ്കിലും കളത്തിലിറങ്ങിയാൽ കുരച്ച് പുറത്തുചാടിച്ചിട്ടേ ജിങ്കൻ വിശ്രമിക്കുകയുള്ളൂ.

∙ ഒരു ബെൽറ്റ് കഥ !

ആരെങ്കിലും വളർത്തിയ ശേഷം ഉപേക്ഷിച്ചതാണോ പയ്യാമ്പലത്തുള്ള നായ്ക്കൾ എന്ന സംശയം ഇവിടെ എത്തുന്ന പലർക്കുമുണ്ടാകാം.  പയ്യാമ്പലത്തെ നായ്ക്കളിൽ ചിലതിന്റെ കഴുത്തിൽ ബെൽറ്റ് കാണുന്നതു കൊണ്ടാണ് ഈ സംശയം. സംശയിക്കേണ്ട, ആ ബെൽറ്റ് അണിയിച്ചതും ശ്യാം തന്നെയാണ്. പയ്യാമ്പലത്ത് എത്തുന്നവർ നായ്ക്കളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടിയുള്ള ശ്യാമിന്റെ ഒരു തന്ത്രമായിരുന്നു അത് !

∙ ആരോഗ്യം ശരീരത്തിനു മാത്രമല്ല, മനസ്സിനും...

നല്ലൊരു കായികതാരം കൂടിയാണ് ശ്യാം. രാവിലെയും വൈകിട്ടും പയ്യാമ്പലം ബീച്ചിലെത്തി കായിക പരിശീലനത്തിലേർപ്പെടും. മാത്രവുമല്ല, നാട്ടിലെ കൂട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ, കബഡി തുടങ്ങിയവയിൽ ശ്യാമിന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും നൽകിവരുന്നുണ്ട്. ലോക്ഡൗൺ മൂലം ബീച്ച് അടച്ചിട്ടതിനാൽ തൽക്കാലം പരിശീലനം മുടങ്ങിയിരിക്കുകയാണ്. പുതുതലമുറയെ ലഹരിക്കു വിട്ടുകൊടുക്കാതെ കാക്കാനാണ് ശ്യാമിന്റെ ശ്രമം. 

∙ തണൽ മാത്രം പോരാ...

പക്ഷികൾക്കും വരുംതലമുറയ്ക്കും കായ്ഫലങ്ങളും കിട്ടണം എന്നാണ് ശ്യാമിന്റെ പക്ഷം. നാടു മുഴുവൻ തണൽ മരം നട്ടുപിടിപ്പിക്കുമ്പോൾ ശ്യാം നടുന്നത് ഫലവൃക്ഷങ്ങളാണ്. ചുമ്മാ അങ്ങ് നട്ടുപോവുകയല്ല, മറിച്ച് ആ മരങ്ങളെ പരിപാലിക്കാൻ എല്ലാ ദിവസവും ശ്യാം എത്തും.  

∙ കാരുണ്യ യാത്ര

വർഷങ്ങളുടെ പഴക്കമുണ്ട് ശ്യാമിന്റെ കാരുണ്യ യാത്രയ്ക്ക്. നാട്ടിലെ രോഗികളെയും കൂട്ടി ആശുപത്രിയിൽ പോകാനും മരുന്നു വാങ്ങാനും പാവപ്പെട്ട രോഗികൾക്ക് ഓക്സിജൻ എത്തിക്കാനും എന്തിനേറെ, കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർക്കുള്ള റേഷൻ വാങ്ങാനുമെല്ലാം ശ്യാം മുന്നിൽത്തന്നെയുണ്ടാകും. ഇതിനെല്ലാം ശ്യാമിനു കൂട്ടായുള്ളത് ചങ്ക് പറിച്ചു നൽകുന്ന കൂട്ടുകാരാണ്. ഇതൊന്നും ആരും അറിയരുതെന്ന നിർബന്ധം ശ്യാമിനുണ്ടായിരുന്നു. പക്ഷെ, ആരെങ്കിലുമൊക്കെ ഇതൊക്കെ ചെയ്യണം എന്ന ആഗ്രഹവും ശ്യാമിനുണ്ട്.

English Summary: Kannur Man Feeding 300 Stray Dogs Amid Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com