ADVERTISEMENT

ഒരു നാട്ടിലെ ജനസംഖ്യയോളം തന്നെ പൂച്ചകളും ഉണ്ടെന്ന് കരുതുക. എന്താവും ആ നാടിന്റെ സ്ഥിതി? പൂച്ചകളുടെ എണ്ണം വർധിക്കുന്നത് തടയാൻ പ്രത്യേക സമിതിയും ആലോചനയും ആവശ്യമായ അവസ്ഥയിലാണ് ഇപ്പോൾ മെഡിറ്ററേനിയൻ ദ്വീപിലെ സൈപ്രസ് എന്ന രാജ്യം.

പണ്ട് കാലത്ത് നമ്മുടെ നാട്ടിൻപുറത്ത് ഒരു വിശ്വാസമുണ്ടായിരുന്നു. പൂച്ചകൾ വീടുകളിൽ പ്രസവിക്കുന്നത് നല്ലതാണന്ന്. കാരണം പൂച്ചകൾ വൈക്കോൽ കൂനകളിലാണത്രേ പ്രസവിക്കുക. തങ്ങൾക്ക് പ്രസവിച്ചുകിടക്കാൻ ധാരാളം നെല്ലുകൊയ്ത വൈക്കോൽ ഉണ്ടാവട്ടെ എന്നവർ പ്രാർത്ഥിക്കുമത്രെ. ഇങ്ങനെ വല്ല പ്രാർത്ഥനയും നൂറ്റാണ്ടുകൾക്ക് മുൻപ്  സൈപ്രസിലെ ആളുകൾ നടത്തിയോ എന്നാണ് ഈ ദൃശ്യങ്ങൾ കാണുമ്പോഴത്തെ സംശയം. 

 

ഇന്നത്തെ സൈപ്രസ് മാർജാര സംഖ്യാബലം കൊണ്ട് അത്രമേൽ പൊറുതിമുട്ടുകയാണ്. മെഡിറ്ററേനിയൻ ദ്വീപസമൂഹത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് സൈപ്രസ്. അവിടത്തെ നിരവധി സന്നദ്ധ പ്രവർത്തകരിൽ ഒരാളാണ്  ഡൈനോസ്. നേരം പുലർന്നാലുടൻ ഇദ്ദേഹം ട്രക്കുമായി  ഇറങ്ങും. വണ്ടി കാണുമ്പോഴെ പൂച്ച സംഘം ഒാടിയെത്തും. ഔദ്യോഗികകമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും സൈപ്രസിലെ ജനസംഖ്യയോളം വരും പൂച്ചകളുടെ അംഗസംഖ്യയും. ഒാരോ തെരുവിലും ആയിരക്കണക്കിന് പൂച്ചകളുണ്ട്. ഇവയെ തീറ്റിപ്പോറ്റാനാവാതെ വിഷമിക്കുകയാണ് സന്നദ്ധപ്രവർത്തകർ. 

 

സൈപ്രസിൽ പൂച്ച സംരക്ഷണത്തിനായി നിരവധി സമിതികൾ ഉണ്ട്. ഇവയുടെ വന്ധ്യകരണത്തിനായി മാത്രം ഒരു വർഷം 75000 യൂറോ വകയിരുത്തണം. പക്ഷേ അനിയന്ത്രിതമായി പെരുകുന്ന എണ്ണത്തിനു മുന്നിൽ ഈ തുക കടലിൽ കായം കലക്കും പോലെ വ്യർത്ഥമാണ്. പൂച്ചകളെ സംരക്ഷിക്കാനും ഭക്ഷണം നൽകി പരിപാലിക്കാനുമായി ഇവിടെ പലയിടത്തും സാങ്ച്വറികളുണ്ട്. എന്നാലും തെരുവിലലയുന്നവയെ നോക്കാൻ ഡൈനോസിനെപ്പോലുള്ളവർ തന്നെ രക്ഷ. 

 

പൂച്ചകളും സൈപ്രസുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്. AD 400 മാണ്ടിൽ  ഹെലൻ ഓഫ് കോൺസ്റ്റാന്റിനോപ്പിൾ (Helen of Constantinople) ആണ് ബോട്ടുകണക്കിന് പൂച്ചകളെ ഈ ദ്വീപിലേക്ക് കൊണ്ടുവന്നത്. വിഷപ്പാമ്പുകളെ കൊല്ലാനായിരുന്നുവത്രേ അന്ന് പൂച്ചകളെ പോറ്റി വളർത്തിയിരുന്നത്. കാലക്രമത്തിൽ മാർജാരബലം ഇത്രകണ്ട് പെരുകുമെന്ന് രാജാക്കൻമാർക്ക് തോന്നിക്കാണില്ല. രസകരമായ ഒന്നുകൂടി അറിഞ്ഞോളൂ. സൈപ്രസിലെ സെന്റ് നിക്കോളാസ് പള്ളിയിൽ രണ്ട് മണികളുണ്ടത്രേ. ഒന്ന് വിശ്വാസികളായ ജനങ്ങൾക്കായും മറ്റേത് പൂച്ചഭക്തർക്കായും.

 

English Summary: Despite ancient cat connections, Cyprus is swamped with strays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com