സമൂഹമാധ്യമങ്ങളെ പുലിക്ക് പിന്നാലെ ഓടിച്ച മലയാളി ഫൊട്ടോഗ്രഫര്‍; ചിത്രത്തിനു പിന്നിൽ?

Can you spot the leopard cub hiding in this viral pic?
Image Credit: Mohan Thomas/Twitter
SHARE

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ സമൂഹമാധ്യമ ഉപയോക്താക്കള്‍ ഒരു പുലിക്കുട്ടിയെ തിരയുകയാണ്. പ്രത്യകിച്ചും ട്വിറ്ററില്‍, ഒരു പുലിക്കുട്ടിയുടെ തല കണ്ടെത്താനുള്ള വെല്ലുവിളിയാണ് മുന്‍ കേന്ദ്രമന്ത്രി മുതല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങൾക്ക് പുറത്ത് അമേരിക്കയിലെയും ജപ്പാനിലെയും മറ്റും ഓണ്‍ലൈന്‍ മാധ്യങ്ങളും, ഇന്ത്യയിലെ മാധ്യമങ്ങളും ഈ പുലിക്കുട്ടിയെ ഏറ്റെട്ടുത്തിട്ടുണ്ട്. ഇങ്ങനെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെ പുലിയുടെ പിന്നാലെ പായാന്‍ വിട്ടത് കോട്ടയം സ്വദേശിയായ ഒരു ഫൊട്ടോഗ്രഫറാണ്, മോഹന്‍ തോമസ്.

കമ്മീഷണര്‍ സിനിമയിലെ മോഹന്‍ തോമസിന്‍റെ തട്ടകം ‍‍ഡൽഹിയാണെങ്കില്‍, ഫൊട്ടോഗ്രഫര്‍ മോഹൻ തോമസിന്‍റേത് ബെംഗളൂരുവാണ്. ബെംഗളൂരുവില്‍ നിർമാണ കമ്പനി നടത്തുന്ന സിവില്‍ എഞ്ചിനീയറായ മോഹന്‍ തോമസിന്‍റെ ജീവശ്വാസം പക്ഷെ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫിയാണ്. 22 വര്‍ഷം മുന്‍പ് ഇഷ്ടം തോന്നി തുടങ്ങിയ ഫൊട്ടോഗ്രഫി ഇപ്പോള്‍ ലഹരിയായി മാറിയെന്ന് മോഹന്‍ തോമസ് പറയുന്നു. ഇതിനകം അന്‍റാര്‍ട്ടിക് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത് വന്യജീവികളുടെ ഫൊട്ടോ പകർത്തിയിട്ടുണ്ട്. വന്യജീവികളുടെ പറുദീസയായ ആഫ്രിക്കയില്‍ നാല് തവണ പോയി വന്നു. ഈ യാത്രകളൊക്ക വീണ്ടും തന്നെ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫിയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തതെന്നും മോഹന്‍ തോമസ് മനോരമ ഓൺലൈനോട് പറയുന്നു. 

പുലിക്കുട്ടിയുടെ ചിത്രത്തിന് പിന്നില്‍

photographer-mohan-thomas-interview
Image Credit: Mohan Thomas/Facebook

ഏതാണ്ട് 8 വര്‍ഷം മുന്‍പെടുത്ത ഒരു പുലിക്കുട്ടിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് കണ്ട് ആഹ്ളാദിക്കുകയാണ് മോഹന്‍ തോമസ്. മകനുമൊത്തുള്ള കർണാടക കബനി യാത്രയ്ക്കിടെയാണ് ഈ ചിത്രം പിറന്നത്. വനത്തിലൂടെയുള്ള യാത്രയില്‍ കൂടെ വന്ന ഗൈഡാണ് ജീപ്പ് നിര്‍ത്തി മരത്തിന് മുകളിലുള്ള പുലിയെ ചൂണ്ടിക്കാട്ടിയത്. ക്യാമറയെടുത്ത് ചിത്രങ്ങള്‍ പകര്‍ത്തി. വൈകാതെ പുലിയുടെ ഒപ്പമുള്ള കുട്ടിയും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് ഇപ്പോള്‍ തരംഗമായി മാറിയ ചിത്രത്തിന്‍റെ പിറവി.

മരക്കൊമ്പില്‍ അലസമായി കിടക്കുന്ന ഒരു പുലിയെ ആണ് ഈ ചിത്രത്തില്‍ കാണാനാകുക. എന്നാല്‍ ഒന്നു കൂടി നോക്കിയാല്‍ പുലിയുടെ തലയുടെ ഭാഗത്തായി മറ്റൊരു വാല്‍ കൂടി താഴോട്ട് തൂങ്ങിക്കിടക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഈ വാലിന്‍റെ ഉടമയെ ചിത്രത്തില്‍ പെട്ടെന്ന് കാണില്ല. അതു കൊണ്ട് തന്നെ ഈ വാലിന്‍റെ ഉടമായായ പുലി മരത്തിന്‍റെ മറവിലാകും എന്ന് ആളുകള്‍ ധരിക്കുകയും ചെയ്യും. ഇത് തന്നെയാണ് ഫൊട്ടോയിലെ സസ്പെന്‍സും. യഥാർഥത്തില്‍ ഈ പുലിക്കുട്ടിയുടെ തല മരക്കൊമ്പുകൾക്കിടയിലൂടെ നമുക്ക് കാണാനാകും. പുലിക്കുട്ടിയുട മുഖത്തെ തവിട്ട് നിറവും മരത്തിന്‍റെ നിറവും, ഒപ്പം ഈ ഭാഗത്തെ നിഴലും കൂടിയാകുമ്പോള്‍ ഇത് തിരിച്ചറിയല്‍ ഇത്തിരി പ്രയാസമാണെന്നു മാത്രം.

ചിത്രം പകര്‍ത്തിയ സമയത്ത് തന്നെ ഈ പ്രത്യേകത തിരിച്ചറിഞ്ഞിരുന്നു. കബനിയിലെ വന്യജീവി വകുപ്പിന്‍റെ ഓഫീസില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. അവിടെയെത്തുന്ന സഞ്ചാരികള്‍ക്കുള്ള ഒരു പരീക്ഷ എന്ന നിലയില്‍ പുലിക്കുട്ടിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് ഈ ഫൊട്ടോ പ്രദർശിപ്പിച്ചിരിക്കുന്നത്. മിക്കവരും ആദ്യശ്രമത്തില്‍ പരാജയപ്പെടുകയാണ് പതിവ്.

ചിത്രം സമൂഹമാധ്യമങ്ങളിലേക്ക്

ഒരു കൗതുകത്തിന്‍റെ പുറത്താണ് ഇക്കഴിഞ്ഞ ജൂണ്‍ 25 ന് മോഹന്‍ തോമസ് ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പുലിക്കുട്ടിയുടെ തല കണ്ടുപിടിക്കാമോ എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. വൈകാതെ ഈ പോസ്റ്റ് പലരായി ഏറ്റെടുത്തു. മുന്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയായ ജയറാം രമേശും, വിവിധ ഐഎഫ്എസ് ഓഫീസര്‍മാരും, ഫൊട്ടോഗ്രാഫര്‍മാരുമെല്ലാം ഈ പോസ്റ്റ് പങ്കുവച്ചു. ഇന്‍റര്‍നെറ്റിലും ഈ പരീക്ഷണം വിജയിക്കുന്നതില്‍ പലരും പരാജയപ്പെട്ടു. രാജ്യാന്തര തലത്തിലും ഈ പുലിക്കുട്ടിയും ഫൊട്ടോഗ്രാഫറും ശ്രദ്ധ നേടി. യുഎസ് ടുഡേയും, ജാപ്പനീസ് ഡെയ്‌ലിയും ഉള്‍പ്പടെയുള്ളവര്‍ ഈ ചിത്രം പ്രസിധീകരിച്ച് സമാനമായ ചോദ്യമുന്നയിച്ചു.

photographer-mohan-thomas-interview1
Image Credit: Mohan Thomas/Facebook

ചിത്രം സൂം ചെയ്തും, സൂക്ഷ്മമായി നിരീക്ഷിച്ചും മറ്റുമാണ് മിക്കവരും ഇപ്പോള്‍ ഉത്തരം കണ്ടെത്തുന്നത്. ഫൊട്ടോഗ്രഫിനെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 8 വര്‍ഷം മുന്‍പെടുത്ത ഒരു ഫൊട്ടോ ട്വിറ്ററിൽ പങ്കുവച്ചപ്പോൾ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മോഹന്‍ തോമസ് പറയുന്നു. അതേസമയം തന്നെ ഫൊട്ടോഗ്രാഫിന് കിട്ടുന്ന ശ്രദ്ധയില്‍ സന്തോഷവാനുമാണ് മോഹന്‍ തോമസ്.

ഫൊട്ടോഗ്രാഫി കുടുംബം

ഫൊട്ടോഗ്രഫി ഒരു വിനോദമായി കണക്കാക്കിയാണ് മോഹന്‍ തോമസ് ഈ രംഗത്തേക്ക് വരുന്നത്. വൈകാതെ മോഹന്‍ തോമസിന്‍റെ പാത പിന്തുടര്‍ന്ന് രണ്ട് സഹോദരന്‍മാര്‍ കൂടി ഇതിലേക്ക് തിരിഞ്ഞു. ഇവരില്‍ തോമസ് വിജയന്‍ രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തിയുള്ള ഒരു ഫൊട്ടോഗ്രാഫറാണ് . നേച്ചർ മാഗസിന്‍റെ ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയിട്ടുണ്ട് തോമസ് വിജയന്‍. ഇവരെ കൂടാതെ ഇപ്പോള്‍ മകനും തന്‍റെ പാഷനായി ഫൊട്ടോഗ്രഫി തെരഞ്ഞെടുത്തതിലെ സന്തോഷം കൂടി മോഹന്‍ തോമസ് പങ്കുവയ്ക്കുന്നു. 

English Summary:  Interview with Wildlife Photographer Mohan Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA