കേരളത്തിൽ മാത്രമല്ല, ജാർഖണ്ഡിൽ ലേഡി ടാർസന്റെ കണ്ണുവെട്ടിച്ചും കടത്തി കൂറ്റൻ മരങ്ങൾ!

Jamuna Tudu’s fight against the forest mafia
SHARE

കേരളത്തിൽ മരം മുറി കത്തിക്കയറുമ്പോൾ ജാർഖണ്ഡിലും കോവിഡ് മറവിൽ കോടികളുടെ മരം കൊള്ള. വനം സുരക്ഷയ്ക്കായി  പരിസ്ഥിതി പ്രവർത്തക ജമുന ടുഡു രൂപീകരിച്ച വന സുരക്ഷാ സമിതിയുടെ സംരംക്ഷണത്തിലുള്ള 400 കൂറ്റൻ മരങ്ങൾ വനം കൊള്ളക്കാർ  മുറിച്ചു കടത്തി, കോവിഡ് കാലത്ത് വനസംരക്ഷണ സമിതി പ്രവർത്തനം നിലച്ച സമയത്താണ് മരങ്ങൾ കൂട്ടത്തോടെ മോഷ്ടിക്കപ്പെട്ടത്. ഇൗസ്റ്റ് സിങ്ബുവം ജില്ലയിലെ ചകുലിയ ബ്ലോക്കിലെ സൺ സുനിയ വനത്തിൽ നിന്നാണ് 400ലേറെ കുറ്റൻ മരങ്ങൾ വെട്ടി കടത്തിയത്. 

കോവിഡ് കാരണം വന സംരക്ഷണ സമിതിയുടെ റോന്ത് ചുറ്റൽ രണ്ടുവർഷമായി നിർത്തി വച്ചിരിക്കുകയായിരുന്നു. സമിതി പ്രവർത്തകരിൽ പലർക്കും കോവിഡ് ബാധയുണ്ടായതിനെത്തുടർന്ന് വനത്തിലൂടെയുള്ള പതിവ് റോന്ത് ചുറ്റൽ മുടങ്ങി. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ മുന്നു മാസത്തോളം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ലോക്ഡൗണിന്റെ മറവിലാണ് ലേഡി ടാർസന്റെ ‘മനുഷ്യച്ചങ്ങലപ്പൂട്ട്’ അതിവിദഗ്ധമായി അറുത്ത് വ്യാപകമായ മരം കൊള്ള അരങ്ങേറിയത്. മരങ്ങൾ  വെട്ടിയതിനു പിന്നാലെ വനസംരക്ഷണ സേന നട്ടുവളർത്തിയ ആയിരക്കണക്കിന് തൈകളും നശിപ്പിച്ചു.

അമ്പും വില്ലുമായി അവർ ഇറങ്ങി

Jamuna Tudu’s fight against the forest mafia
ജമുന ടുഡു വന സുരക്ഷാ സമിതി അംഗങ്ങൾക്കൊപ്പം. ചിത്രം: യുട്യൂബ് ഇന്ത്യ

മരം മാഫിയയുമായുള്ള പോരാട്ടം തുടരുമെന്നും കൊള്ള അനുവദിക്കില്ലെന്നു ജമുന വ്യക്തമാക്കി. വനങ്ങൾ സംരക്ഷിക്കുയെന്ന ദൗത്യം തടയാൻ ആർക്കും കഴിയില്ല. പത്മശ്രീ അവാർഡ് ജേതാവ് വ്യക്തമാക്കി. മര സംരക്ഷണത്തിന്റെ പ്രാധാന്യം ആളുകൾ സാവധാനത്തിലും സ്ഥിരമായും മനസ്സിലാക്കുന്നുണ്ട്. ഞങ്ങൾ സംരക്ഷിക്കുന്ന മരങ്ങൾ ചിലർ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തു. കോവിഡിന്റെ മറവിൽ നടത്തിയ അതിക്രമം ഇനി അരങ്ങേറാൻ സമ്മതിക്കില്ല. അതിനാൽ വനത്തിലെ പട്രോളിങ് ശക്തമാക്കിയെന്നു ജമുന പറഞ്ഞു. അമ്പും വില്ലുമായി പോരാളികൾ ഇറങ്ങിക്കഴിഞ്ഞു, ഇനി തിരിഞ്ഞു നോട്ടമില്ല, മരം കൊള്ളയ്ക്കെതിരെയുള്ള ശബ്ദം കനത്തു. 

തടി മാഫിയയോട് പോരാടുന്ന ലേഡി ടാർസൻ എന്നറിയപ്പെടുന്ന ജമുന വനസംരക്ഷണ സമിതിയുടെ ചിറകുകൾ ജാർഖണ്ഡിലുട നീളം വ്യാപിപ്പിക്കുകയാണ്. വെസ്റ്റ് സിങ്ബുവം ജില്ലയ്ക്ക് പിന്നാലെ സെറൈകല- കർസവാൻ ജില്ലയിലേക്ക് നീങ്ങുകയാണ് പത്മശ്രീ ജേതാവ്. കോവിഡ് ‍ഞങ്ങളെ തടഞ്ഞു. ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. യാത്രാ നിയന്ത്രണങ്ങൾ നീക്കി. ഇനി വനം മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരും ജമുന വ്യക്തമാക്കി. കഴിഞ്ഞ വർഷം ദുംക, ഗിരിദിഹ്, ഗോദ, പാകൂർ എന്നീ ജില്ലകളിൽ വനസംരക്ഷണ സമിതികൾ രൂപീകരിച്ചിരുന്നു. സമിതിയിൽ മൂവായിരത്തോളം വനിതാ അംഗങ്ങളുമുണ്ട്.

ജീവവായുവിനായി, ജീവനായ് ...

Jamuna Tudu’s fight against the forest mafia
ജമുന ടുഡു. ചിത്രം: ഐക്യരാഷ്ട്രസംഘടന/ഇന്ത്യ

റാഞ്ചിയിൽ നിന്ന് ഇരുനൂറു കിലോമീറ്റർ അകലെയുള്ള മുതൂർഖാമിൽ ജമുന അറിയാതെ ഒരില പോലും വീഴില്ല മരങ്ങളെന്നുവച്ചാൽ ജമുന ടുഡുവെന്ന ഗ്രാമീണ യുവതിക്ക് ജീവനാണ്, ജീവവായുവാണ്. വിറക് ശേഖരിക്കാനായി വനത്തിൽ പതിവായി പോയിരുന്ന ജമുനയെ മരങ്ങൾ വല്ലാതങ്ങ് ആകർഷിച്ചു. താങ്ങും തണലുമേകുന്ന മരങ്ങളോട് മനുഷ്യർ കാണിക്കുന്ന ക്രൂരത പരിഷ്കാരങ്ങൾ പേരിനുപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നാട്ടിൻപുറത്തുകാരിയെ വല്ലാതെ വേദനിപ്പിച്ചു. വനത്തിന്റെ മറവിൽ ചൂഷകവേഷവുമായി പലരും എത്തിയതോടെ മടിച്ചുനിന്നിട്ടു കാര്യമില്ലെന്നറിഞ്ഞ് ചെറുത്തു നിൽപിന്റെ പുതിയ പോർമുഖം തുറക്കുകയായിരുന്നു.

കോടാലിക്ക് മുന്നിൽ നെഞ്ചുറപ്പോടെ

ഗ്രാമത്തോട് ചേർന്നുള്ള 50 ഏക്കർ വനം മാഫിയ വെട്ടിനിരത്താൻ തുടങ്ങിയതോടെ ജമുനയ്ക്ക് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. വെട്ടിനിരത്താൻ മഴുവുമായെത്തിവരുടെ മുന്നിലേക്ക് ചെറുത്തുനിൽപ്പിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദവുമായി രണ്ടു പതിറ്റാണ്ടു മുമ്പ് ജമുന ഇറങ്ങുമ്പോൾ കൂട്ടിനായുണ്ടായിരുന്നത് അഞ്ചു സ്ത്രീകൾ മാത്രം. 1998ൽ വന സുരക്ഷാ സമിതി രൂപീകരിച്ച് മരങ്ങൾക്ക് രക്ഷാകവചമൊരുക്കാനിറങ്ങിയ ജമുനയ്ക്കു മുന്നിൽ പ്രതിസന്ധികളേറെയായിരുന്നു. മരങ്ങളുടെ ചുവട്ടിൽ കോടാലിവയ്ക്കാനെത്തിയവരെ ആട്ടിപ്പായിച്ചും രാഖി കെട്ടിയും പ്രതിജ്ഞയെടുത്തും മക്കളെപ്പോലെ മരങ്ങളെ സംരക്ഷിച്ചുതുടങ്ങിയ ജമുനയും വനസുരക്ഷാ സമിതിയും ഗ്രാമവാസികളുടെ മനസ്സിലേക്ക് സാവധാനം തണൽ വിരിച്ച് കയറി.

മരങ്ങളെ ചേർത്തുപിടിച്ചു; വരും തലമുറയ്ക്കായി

Jamuna Tudu’s fight against the forest mafia

വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആദിവാസിയായ ജമുന ശബ്ദിക്കുന്നത് വരും തലമുറയ്ക്കുവേണ്ടിയാണ്. വന നശീകരണം മനുഷ്യരാശിക്ക് വരുത്തുന്ന വിപത്തുകളെക്കുറിച്ച് ഏറെ ബോധവതിയായ അവർ, മരങ്ങൾ ഇല്ലാതായാൽ മനുഷ്യരുടെ സ്വൈരജീവിതത്തിന് അറുതിയാവുമെന്നും ഗ്രാമത്തിൽ നിന്നു പലായനം ചെയ്യേണ്ടിവരുമെന്നും ഉദാഹരണ സഹിതം ഗ്രാമവാസികളെ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ വിസമ്മതവുമായി മുഖംതിരിച്ചുനിന്ന പലരും ചുവടുമാറ്റാൻ തുടങ്ങി.

സ്ത്രീകളെ കൂടെക്കൂട്ടി, മദ്യപരെ പായിച്ചു

ജമുനയ്ക്കും കൂട്ടാളികൾക്കും എതിർപ്പുകൾ നേരിടേണ്ടിവന്നത് വീട്ടിൽ നിന്നും സ്വന്തക്കാരിൽ നിന്നും. വീട്ടിലെ പുരുഷന്മാർക്ക് മദ്യപിക്കാൻ പണം കണ്ടെത്താനുള്ള എളുപ്പ മാർഗമായിരുന്നു മരംവെട്ടൽ. മദ്യപാനത്തിനെതിരെ സ്ത്രീകളെ സംഘടിപ്പിച്ച് ജമുന വ്യാജവാറ്റുകാരെയും മദ്യപരെയും ഗ്രാമത്തിനു പുറത്തേക്ക് പായിച്ചതോടെയാണു കാര്യങ്ങൾ നേരായ വഴിക്കായത്. മരംവെട്ടിനെതിരെയും മദ്യപാനത്തിനെതിരെയും സേനാംഗങ്ങളുടെ നിരന്തരമായ പ്രയത്നങ്ങൾ പതുക്കെ പതുക്കെ ഫലംകണ്ടുതുടങ്ങിയത് സ്ത്രീകൂട്ടായ്മയ്ക്ക് ആവേശവും ആത്മവിശ്വാസവും പകർന്നു. പത്തു വർഷത്തോളം നീണ്ട ബോധവൽക്കരണത്തിന്റെ പ്രതിഫലനമായി കൂടുതൽ സ്ത്രീകളെയും പുരുഷന്മാരെയും വനസുരക്ഷാ സേനയിലേക്ക് ചേർത്ത് ജമുനയും കൂട്ടാളികളും പോരാട്ടത്തിന്റെ വേരുകൾ ആഴത്തിലേക്ക് പടർത്തി.

ജീവനോടെ തീകൊളുത്താൻ വന്നിട്ടും പതറാതെ

Jamuna Tudu’s fight against the forest mafia
ജമുന ടുഡു രാഷ്ട്രപതിയിൽനിന്ന് പത്മശ്രീ സ്വീകരിക്കുന്നു

വനം സംരക്ഷിക്കാനിറങ്ങിയ ഗ്രാമവാസികൾക്കെതിരെ തുടർച്ചയായി അക്രമം നടത്തിയാണു മാഫിയാ സംഘങ്ങൾ തിരിച്ചടിച്ചത്. സേനാംഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും വീടുകൾക്കും കൃഷിയിടങ്ങൾക്കും തീയിടാനും തുടങ്ങിയതോടെ പലരും ഭയന്നു പിന്മാറാനും ഗ്രാമം വിട്ട് രക്ഷപ്പെടാനും തയാറായി. അക്രമം അതിരുകടന്നപ്പോൾ ചെറുത്തുനിൽക്കാനാവാതെ തളർന്നവരെ ജമുന ചേർത്ത് പിടിച്ച് കൂടെ നിർത്തി വനം മാഫിയയുടെ തന്ത്രങ്ങൾ ഓരോന്നായി പൊളിച്ചു. ഒടുവിൽ ജമുനയെയും ഭർത്താവ് മാൻസിങ്ങിനെയും ജീവനോടെ ചുട്ടുകൊല്ലാൻ വരെ ശ്രമമുണ്ടായി. രണ്ടുതവണ ജീവൻ നഷ്ടപ്പെടുമെന്നുവരെയുള്ള അവസ്ഥയിൽ നിന്ന് അതിശക്തമായി തിരിച്ചുവന്ന അവർക്ക് ഓരോ ആപൽഘട്ടവും പകർന്നുനൽകിയ ആത്മവിശ്വാസം വനസുരക്ഷാ സേനയ്ക്ക് കരുത്തായി.

റോന്ത് ചുറ്റാൻ നായ്ക്കളും

കാട്ടിൽ താമസിക്കുന്നവർക്ക് എല്ലാം മരമാണ്. പല രീതിയിലും കാടിനെ ഉപയോഗപ്പെടുത്തേണ്ടിവരും. മരങ്ങളോടുള്ള സമീപനം നീതിപൂർവകമായിരിക്കണമെന്നു പറയുന്ന ജമുന, സ്വാഭാവികമായി വീഴുന്ന മരങ്ങളും തടികളും മാത്രം ഉപയോഗിക്കേണ്ട ആവശ്യമേ മനുഷ്യനുള്ളൂവെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഗ്രാമവാസികൾക്ക് കാട്ടിക്കൊടുത്തു. വന സുരക്ഷാ സേനയുടെ മുപ്പത് അംഗങ്ങൾ വീതമുള്ള 500 സംഘങ്ങൾ ഇപ്പോൾ ജാർഖണ്ഡിലുണ്ട്.  ദിവസവും മൂന്നു ഷിഫ്റ്റിലായി വന സംരക്ഷണത്തിനായി റോന്തുചുറ്റും. രാവിലെയും ഉച്ചകഴിഞ്ഞും രാത്രിയിലും അമ്പും വില്ലും വടിയുമായി കാടു കാക്കാനിറങ്ങുന്ന സംഘത്തിനൊപ്പം പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുമുണ്ട്. ഇവരുടെ നോട്ടം എത്താതിരുന്ന കോവിഡ് കാലത്ത് കൂട്ടത്തോടെ  മരം മുറിച്ചു കടത്തിയതോടെ വന സേനയ്ക്ക് ഇനി ഉറമില്ലാ നാളുകളാണ്.

English Summary: Jamuna Tudu’s fight against the forest mafia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA