ADVERTISEMENT

ദിവാകരന്റെ സ്വപ്നങ്ങളിൽ നിറയെ കണ്ടലിന്റെ പച്ചത്തുരുത്തുകളാണ്. തീരദേശത്ത് വേരുറപ്പിച്ചു നിൽക്കുന്ന കണ്ടലിന്റെ പച്ചപ്പിനായാണു വർഷങ്ങളായി നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി.ദിവാകരന്റെ പ്രവർത്തനങ്ങൾ. നീലേശ്വരത്തെ വീട്ടുവളപ്പിൽ എല്ലാ ജില്ലകളിലും തുരുത്തുകൾ തുടങ്ങാൻ ദിവാകരൻ ഒരുക്കിയിരിക്കുന്നത് ഏതാണ്ട് ഒരു ലക്ഷത്തോളം കണ്ടൽ തൈകളാണ്. ഗ്രോ ബാഗുകളിലും ടാങ്കുകളിലും അലങ്കാര ചട്ടികളിലും നിറഞ്ഞ പച്ചപ്പോടെ അവ ദിവാകരന്റെ വീട്ടുമുറ്റത്തു തളിർത്തു നിൽക്കുന്നു. എട്ടു വർഷത്തോളമായി ശുദ്ധജലത്തിൽ വളരുന്ന കണ്ടൽ ചെടിയും ദിവാകരന്റെ കൈവശമുണ്ട്. ഒന്നര ലക്ഷത്തോളം വൃക്ഷത്തൈകളും ഒരു ലക്ഷത്തോളം കണ്ടൽ തൈകളും ഇതിനകം പല സ്ഥലങ്ങളിലേക്കു നൽകിക്കഴിഞ്ഞു. കണ്ടൽ തുരുത്തുകൾ നാടെങ്ങും വളർത്താൻ മുന്നിട്ടിറങ്ങിയ ദിവാകരനെ പരിചയപ്പെടാം. 

 

∙ പരിസ്ഥിതി പ്രണയത്തിന്റെ 3 പതിറ്റാണ്ടുകൾ

mangrove

 

ചെത്തു തൊഴിലാളിയാണു ദിവാകരൻ. എന്നാൽ അറിയാത്ത കൃഷി ജോലികളില്ല. വിദ്യാഭ്യാസം 8–ാം ക്ലാസ് വരെ മാത്രം. എന്നാൽ അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞൻ. 2007ൽ കാർഷിക സർവകലാശാല നടത്തിയ കർഷക ശാസ്ത്ര കോൺഗ്രസിൽ കൃഷി രീതികളിലെ നൂതനമായ കണ്ടെത്തലുകൾക്ക് പുരസ്കാരം ലഭിച്ചു. അതോടെ ദിവാകരൻ നാടിന്റെ ‘കർഷക ശാസ്ത്രജ്ഞനായി’. നീരയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ 13 വർഷമായി കണ്ടൽ വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രചാരണം നടത്തുകയും തൈകൾ വളർത്തി നൽകുകയും ചെയ്യുന്നു.

വരുമാനത്തിന്റെ ഭൂരിപക്ഷവും കണ്ടൽ തൈകൾക്കായി ഇദ്ദേഹം ചെലവഴിക്കുന്നു. ജീവനം, ഗൃഹനം എന്നിങ്ങനെ രണ്ടു പരിസ്ഥിതി പദ്ധതികൾ ഇദ്ദേഹം നടപ്പാക്കുന്നു. 30 വയസായപ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോടു താൽപര്യം തോന്നിത്തുടങ്ങിയെന്ന് ദിവാകരൻ പറയുന്നു. നീലേശ്വരത്തെ വീട്ടിലാണ് ഇദ്ദേഹം. ഭാര്യയും 3 മക്കളും പേരക്കുട്ടികളും ദിവാകരന്റെ പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണ നൽകുന്നു. 

 

∙ ഒറ്റത്തവണ ഒരു ലക്ഷം തൈകൾ

 

ഇന്ന് രാജ്യാന്തര കണ്ടൽ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടത്താൻ പദ്ധതിയിട്ടിരുന്നു. കണ്ടൽ പച്ചത്തുരുത്ത് പദ്ധതി തിരുവന്തപുരത്തെ കോട്ടുകാൽ പഞ്ചായത്തിൽ ആരംഭിക്കാനായിരുന്നു പദ്ധതി. കോവിഡ് നിയന്ത്രണങ്ങൾ മൂലം മന്ത്രി പങ്കെടുക്കേണ്ട പരിപാടി മാറ്റിവച്ചു. നാഷനൽ സർവീസ് സ്കീമുമായി ബന്ധപ്പെട്ട് സഹകരിക്കാറുണ്ട്. ഇത്തവണ വളർത്തിയെടുത്ത ഒരു ലക്ഷം തൈകൾ എല്ലാ ജില്ലകളിലും വളർത്താൻ ഹരിത കേരള മിഷന്റെ സഹായമാണ് തേടിയിരുന്നത്. ഒരു വിത്ത് മുളപ്പിച്ച് ചെടിയാക്കാൻ ശരാശരി 5 രൂപയിലേറെ ചെലവുണ്ടെന്നു ദിവാകരൻ പറയുന്നു. ഇതുവരെ നൽകിയതിൽ ഭൂരിഭാഗവും സൗജന്യമായാണു നൽകിയത്. 

divakaran-mangrove

 

തീരം ഇടിയുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കണ്ടൽ വച്ചു പിടിപ്പിക്കുകയാണു വേണ്ടതെന്ന് ദിവാകരൻ പറയുന്നു. കടൽക്ഷോഭമോ മറ്റു പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ പ്രതിരോധിക്കാനും കണ്ടൽ സഹായകമാണ്. 2009ൽ തുടങ്ങിയതാണ് തൈ വളർത്തൽ. മൊഗ്രാൽ പുത്തൂർ മുതൽ തൃക്കരിപ്പൂർ വരെ കണ്ടൽ തൈകൾ വച്ചു പിടിപ്പിച്ചു. ആദ്യം തനിച്ചായിരുന്നു. പിന്നീട് സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ചു. 

 

∙ ഒരേക്കറിൽ കണ്ടൽ നഴ്സറി

 

നല്ല കണ്ടൽ, ഭ്രാന്തൻ കണ്ടൽ , എഴുത്താണിക്കണ്ടൽ, കുറ്റിക്കണ്ടൽ എന്നിങ്ങനെ നാലിനങ്ങളാണു വീട്ടിൽ ദിവാകരൻ വളർത്തുന്നത്. ഇതിനായി പുഴയോരത്തെ ഒരേക്കർ സ്ഥലം നഴ്സറിയാക്കി മാറ്റി. വിത്തു ശേഖരിച്ചെടുത്ത് മുളപ്പിക്കുകയാണു ചെയ്യുന്നത്. ഒന്നരമീറ്ററോളം വശങ്ങൾ വരു വിധം കല്ലു കെട്ടി ടാങ്കുണ്ടാക്കി അതിൽ ചകിരിച്ചോറും മണലും നിറയ്ക്കും. വയലിലെ രീതിയിൽ മണ്ണിനെ മാറ്റിയെടുക്കും. ഒരടിയോളം കുഴിയെടുത്ത് താഴെ ഷീറ്റ് വിരിച്ചാണ് മണ്ണു നിറയ്ക്കുക. അപ്പോൾ തൈകൾ വളരുമ്പോൾ വേരുകൾ ഇളകാതെ എടുക്കാൻ സാധിക്കും. ഗ്രോബാഗിലും വളർത്താം. എല്ലാ സ്ഥലത്തും എല്ലാ കണ്ടലും വളരില്ല. അതിനാലാണു 4 ഇനങ്ങൾ വളർത്തുന്നത്. ഓരോ മേഖലയിലെയും മണ്ണിനനുസരിച്ച് ഇനം തീരുമാനിക്കും. 

 

തുടക്കത്തിൽ നിലത്തു വീണ വിത്തുകളാണു ശേഖരിച്ചിരുന്നത്. മിക്ക കണ്ടലുകളും വിവിപാരസ് വിഭാഗത്തിൽ പെടുന്നു. പ്രസവിക്കുന്ന സസ്യങ്ങളായി ഇവയെ കണക്കാക്കുന്നു. മുളപ്പോടു കൂടിയാണു വിത്തുകൾ വരുന്നത്. ഒരു ചെടിയിൽ ഒരു സമയം ഇരുന്നൂറിലേറെ വിത്തുകളുണ്ടാകും. വേലിയേറ്റ സമയത്ത് പലപ്പോഴും ഭൂരിഭാഗം വിത്തുകളും ഒഴുകിപ്പോകും. ചുരുക്കം വിത്തുകൾ മാത്രമാണ് വളരുക. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണു വിത്തു ശേഖരണം. 

 

എല്ലാ ജില്ലയിലും പച്ചത്തുരുത്ത് ഉണ്ടാക്കുക എന്നതാണു ലക്ഷ്യം. മുൻപ് കാസർകോട് കിനാനൂർ കരിന്തളം പഞ്ചായത്തിന് 15,000 കണ്ടൽ തൈകൾ നൽകിയിരുന്നു. ഹരിത കേരളം മിഷനുമായി സഹകരിച്ചാണ് ഇനി പച്ചത്തുരുത്ത് നടപ്പാക്കുക. ജീവനം പദ്ധതിയിൽ കോഴിക്കോട് മുതലിങ്ങോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനകം നട്ടു പിടിപ്പിച്ചത് 3 ലക്ഷം തൈകളാണ്. സംരക്ഷിക്കുമെന്നുറപ്പു നൽകുന്നവർക്ക് മാത്രമാണു തൈകൾ നൽകുന്നത് – പി.വി.ദിവാകരൻ

English Summary: Mangroves Forest PV Divakaran Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com