ADVERTISEMENT

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ട് രാജേഷ് നന്ദിയങ്കോടിന്റെ തുണിസഞ്ചിയിൽ. അതുകൊണ്ട്, മഴക്കാലമെത്തുമ്പോൾ മറ്റു പണികളെല്ലാം തൽക്കാലം മാറ്റിവച്ച് രാജേഷ് മരവിത്തുകളും തൈകളുമായി ഊരുചുറ്റാനിറങ്ങും. ഈ സഞ്ചാരത്തിനൊരു പേരുണ്ട്: ‘വിത്ത് യാത്ര’. പാകമായ വാക്കുകളുടെ വിത്തിറക്കി കവിതയിൽ വിളവു കൊയ്യുന്നവനാണു പാലക്കാട് കൂറ്റനാട് സ്വദേശിയായ രാജേഷ് നന്ദിയങ്കോട്. കറന്റ് പേടി, മമ്പണി എന്നീ കവിതാ സമാഹാരങ്ങളിലൂടെയും തോന്നിയപോലൊരു പുസ്തകം എന്ന നോവലിലൂടെയും വായനക്കാർക്കിടയിൽ പരിചിതൻ. 

 

Writer and Environmentalist Rajesh Nanthiyankode walks with cloth bag full of seeds

സാമൂഹികമാധ്യമങ്ങളിൽ എഴുതുന്ന ഓർമക്കുറിപ്പുകളും പ്രസിദ്ധം. മരപ്പണിയാണ് ഉപജീവന മാർഗം. സുഖമായി ഇരുന്നു വായിക്കാൻ  രാജേഷ് ഡിസൈൻ ചെയ്ത സ്പെഷൽ ഈസി  ചെയർ പല എഴുത്തുകാരുടെയും വായനക്കാരുടെയും വീട്ടിലുണ്ട്. ഇരുന്നവരുടെ അനുഭവങ്ങൾ പറഞ്ഞു പരന്ന് കൂടുതൽ കസേര ഓർഡറുകൾ ഇപ്പോഴും എത്തുന്നു. പണിയില്ലാത്ത സമയത്ത് എഴുത്ത്. കവിത, നോവൽ, സിനിമ സ്ക്രിപ്റ്റ്.

 

ഇതിനിടയിൽ എത്തുന്ന മഴക്കാലങ്ങളിലെല്ലാം ഉളിയും തൂലികയും അടച്ചുവച്ച് വിത്ത് യാത്ര തുടങ്ങും. ആറു വർഷമായി കുഴികുത്തിയും തൈ നട്ടുമുള്ള ഈ ഹരിത സഞ്ചാരം. പലാക്കാട് ജില്ലയിലെ വിവിധയിടങ്ങളിലാണു പ്രധാനമായി വിത്തുകളും തൈകളും നടുന്നത്. ചിലപ്പോഴതു സമീപ ജില്ലകളിലേക്കും നീളും. പൊതു ഇടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വയലോരം... ഒഴിഞ്ഞയിടങ്ങളിലെല്ലാം കുടചൂടിക്കുത്തിയിരുന്ന് രാജേഷ് തൈ നടും. സ്വകാര്യ പറമ്പുകളിൽ, ഉടമകളുടെ അനുവാദത്തോടെ വിത്തിടും. കശുമാവ്, മാവ്, പുളി, കരിമ്പന, അശോകം...  ഇതിനകം ആയിരക്കണക്കിനു വിത്തുകളും തൈകളും നട്ടിട്ടുണ്ട്. ഭൂരിഭാഗവും വന്മരങ്ങളായി കായും തണലുമേകുന്നു.

രണ്ടു വർഷമായി കരിമ്പന വിത്തുകളാണു കൂടുതലും നടുന്നത്. പാലക്കാടിന്റെ കൊടിയടയാളമായി തലയുയർത്തിനിന്നിരുന്ന പനകൾ വികസനത്തിന്റെ പേരിൽ കൂട്ടത്തോടെ വെട്ടിമാറ്റുകയാണ്. ഇതിൽ നൊന്ത കവി വേനൽക്കാലത്ത് പനവിത്തുകൾ ധാരാളം ശേഖരിക്കും. വയലോരങ്ങളിലാണു കരിമ്പന കൂടുതൽ നടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ‘വിത്തു യാത്രയ്ക്കു’ ക്ഷണം കിട്ടാറുണ്ട്. വിത്തു നടും മുമ്പ് രാജേഷ് സ്വന്തം ചില കവിതകൾ ചൊല്ലും.  അപ്പോൾ, കുട്ടികൾക്കു ചുറ്റും ആസ്വാദനത്തിന്റെ ചെറു തണൽ പരക്കും; പിന്നെ മണ്ണിൽ  ചില്ലനീട്ടിപ്പടരാനിരിക്കുന്ന മാമരത്തിന്റെ വലിയ തണലും.

English Summary: Writer and Environmentalist Rajesh Nanthiyankode walks with cloth bag full of seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com