ADVERTISEMENT

ഇടുക്കിയിൽ നാട്ടാനപ്പെരുമ കുറവാണെങ്കിലും കാട്ടാനക്കഥകൾക്ക് കുറവില്ല. ഉപദ്രവകാരികളും സാധുക്കളുമായ ഒട്ടേറെ കാട്ടാനകളുണ്ട് ഇടുക്കിയില്‍. മൂന്നാറിലെ ആനപ്രേമികളുടെ പ്രിയങ്കരനായ കാട്ടുകൊമ്പന്‍ പടയപ്പയുടെ കഥയറിയാം ഈ ലോക ആന ദിനത്തില്‍.

പടയപ്പ എന്ന പേര് കേട്ടാൽ രജനികാന്തിന്റെ സിനിമയെക്കാൾ ആനപ്രേമികളുടെ മനസ്സിൽ ഓടി എത്തുന്നത് മൂന്നാറിലെ ഈ കൊമ്പനായിരിക്കും. തലയാർ മുതൽ ദേവികുളം വരെയുള്ള കാടും മേടും മേഞ്ഞ് നടക്കുന്ന പടയപ്പക്ക് വയസ്സ് 55 ആയെങ്കിലും കുസൃതിയില്‍ ഇന്നും കുട്ടിയാണിവന്‍. ആരെയും ഉപദ്രവിക്കില്ല. വിശന്നാല്‍ പഴക്കടയിലെത്തി വേണ്ടുന്നത്രയും കഴിച്ച് മടങ്ങുന്നതാണ് രീതി. അതിന് രാത്രിയോ പകലോ വ്യത്യാസമില്ല. തലയെടുപ്പാണ് ഇവനെ പടയപ്പയാക്കിയത്.

മൂന്നാർ മേഖലയിൽ ഇടയ്ക്കിടെ നാട് ചുറ്റാൻ ഇറങ്ങുന്ന ഇവന്റെ തലയെടുപ്പും ഗാംഭീര്യവും മറ്റു കാട്ടാനകളിൽ നിന്നു വേറിട്ട് നിർത്തുന്നു.പ്രദേശവാസികളുടേയും ആന പ്രേമികളുടെയും ഇഷ്ടക്കാരനായ പടയപ്പ പക്ഷേ ഇടയ്ക്കൊക്കെ ഇവരെ ആശങ്കയിലാഴ്ത്തി മുങ്ങും.ചിലപ്പോൾ 6 മാസം വരെ നീണ്ടു നിൽക്കും, ആ ഒളിച്ചോട്ടം. പിന്നെ ഒന്നും അറിയാത്തവനെ പോലെ തിരിച്ച് എത്തും.കഴിഞ്ഞ 6 മാസത്തിലധികമായി മൂന്നാർ മേഖലയിൽ നിറ സാന്നിധ്യം ആയ ഇവന് അടുത്തയിടെ മദപ്പാട് ശ്രദ്ധയിൽ പെട്ടിരുന്നു. പടയപ്പ വാർധക്യ സഹജമായ അവശതകൾ നേരിടാൻ തുടങ്ങിയതായി ഇവനെ സ്ഥിരമായി നിരീക്ഷിക്കുന്നവർ പറയുന്നു.സമൂഹ മാധ്യമങ്ങളിലും ഏറെ ജനപ്രിയനാണ് പടയപ്പ.

2001 ൽ മറയൂരിൽ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അന്നത്തെ മുഖ്യമന്ത്രി എ. കെ. ആന്റണിയെ വഴിയിൽ തടഞ്ഞിട്ടുണ്ട് പടയപ്പ. പുൽമേടുകളിൽ കന്നുകാലികൾക്കൊപ്പം മേയാൻ കൂടുന്നതുമുതല്‍ ഫുട്ബോള്‍ മൈതാനത്തെത്തി കാട്ടുന്ന കുറുമ്പുകളുമാണ് പടയപ്പയെ ഇവിടുത്തുകാര്‍ക്ക് ജനപ്രിയനാക്കിയത്. മൂന്നാർ നഗരത്തിലും സമീപ ജനവാസ മേഖലകളിലും സ്ഥിര സാന്നിധ്യമായ പടയപ്പയെ വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്.

മൂന്നാർ മാതൃക

Meet Padayappa, Munnar's Jumbo Resident Who Has Proven That Humans & Animals Can Exist In Peace

ഇവിടെ കാട്ടാനകളും നാട്ടുകാരും ഭായി ഭായി. ഇവിടുത്തെ ജനങ്ങൾക്ക് കാട്ടാനകളുമായി  ഇണങ്ങിയും ഇടപഴകിയും ശീലമായി. നാട്ടിലിറങ്ങുന്ന ആനകളെ അവയുടെ വഴിക്ക് വിടുന്നു. ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്നതിനാൽ ഇവിടുത്തെ കാട്ടാനകളുമായി അകലം പാലിച്ചാണെങ്കിലും അടുപ്പം സൂക്ഷിക്കുന്നവരാണ് നാട്ടുകാർ. 55 വയസ്സുകാരനായ പടയപ്പ കാട്ടിൽ കഴിയുന്നതിലും കൂടുതൽ സമയം നാട്ടിലാണ്. ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല.നാട്ടുകാരുടെ ആരാധനാ പാത്രമാണ്.  

മറ്റൊരു താരം ഗണേശൻ എന്ന് വിളിപ്പേരുള്ള കൊമ്പൻ ആണ്. സൗമ്യ സ്വഭാവിയായ ഇവൻ ലോക്ഡൗൺ കാലം ചെലവിടുന്നത് മൂന്നാർ ടൗണിലും ചുറ്റുവട്ടത്തും ആണ്. കൂട്ടിന് ഒരു കുട്ടിക്കൊമ്പനും ഉണ്ട്. ആരേയും ഉപദ്രവിക്കാത്ത ഇവനും നാട്ടുകാരിൽ നിന്ന് അതേ ബഹുമാനം ലഭിക്കുന്നു.നല്ലതണ്ണി, സെവൻമല, പഴയമൂന്നാർ പ്രദേശങ്ങളിൽ വിലസുന്ന ചില്ലിക്കൊമ്പനും പൊതുവെ സൗമ്യനാണ്. മാട്ടുപ്പെട്ടിയിലെ ആനകളും ജന സൗഹൃദം കാത്ത് സൂക്ഷിക്കുന്നു.

എന്നാൽ ചിന്നക്കനാലിലെ ആനകൾ പൊതുവെ ആക്രമണ സ്വഭാവം കാണിക്കുന്നു. അവിടെ ആനകളുടെ വിഹാര പ്രദേശങ്ങൾ ആണ് ആദിവാസികൾക്ക് പതിച്ച് നൽകിയത്.  പരമ്പരാഗത വഴിത്താരകൾ തടസ്സപ്പെട്ടതാണ്  പ്രകോപനത്തിന് കാരണം.കാട്ടാനകളോട് മാന്യമായി പെരുമാറിയാൽ ആ മാന്യത അവ തിരിച്ച് തരും എന്നതിന് ഉത്തമ ഉദാഹരണമാണ് മൂന്നാർ കാടുകളിലെ കരി വീരന്മാർ.

English Summary: Meet Padayappa, Munnar's Jumbo Resident Who Has Proven That Humans & Animals Can Exist In Peace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com