ഉലകം ചുറ്റിയത് 2 തവണ, മാമത്ത് സഞ്ചരിച്ചത് ആര്‍ട്ടിക്കില്‍ നിന്ന് അലാസ്ക വരെ; രഹസ്യം ഒളിപ്പിച്ച് കൊമ്പുകൾ!

An Ancient Woolly Mammoth Trekked So Far, It Could Have Circled The Globe Twice
SHARE

അവസാന ഹിമയുഗത്തിന്‍റെ അന്തിമഘട്ടത്തിലാണ് മാമത്തുകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ വംശവര്‍ദ്ധനവും മാമത്തുകളുടെ ഇഷ്ട തട്ടകമായ സൈബീരിയയിലെ പുല്‍മേടുകളുടെ നാശവുമെല്ലാം മാമത്തുകളുടെ വംശനാശത്തിന് കാരണമായെന്നാണു കരുതുന്നത്. സൈബീരിയയിലെ പുല്‍മേടുകള്‍ നിലനിര്‍ത്തുന്നതില്‍ മാമത്തുകള്‍ വഹിച്ച പങ്കും വളരെ വലുതാണ്. അതുകൊണ്ട് തന്നെയാണ് ഈ പുല്‍മേടുകള്‍ക്ക് മനുഷ്യര്‍ ഏല്‍പ്പിച്ച ആഘാതം പരിഹരിക്കാന്‍ മാമത്തുകളെ തിരികെ കൊണ്ടുവരാനാകുമോയെന്ന ശ്രമം ഇന്നും ഗവേഷകര്‍ നടത്തുന്നത്.

ഏതാണ്ട് നാലായിരത്തോളം വര്‍ഷം മുന്‍പാണ് മാമത്തുകളുടെ വംശം എന്നന്നേക്കുമായി ഭൂമിയില്‍ നിന്ന് ഇല്ലാതാകുന്നത്. അതേസമയം മഞ്ഞ് മൂടിയ സൈബീരിയന്‍ മേഖലകളില്‍ ഇന്നും ഈ ജീവികളുടെ ശരീരങ്ങള്‍ കേടു കൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ മാമത്തുകളുടെ ഡിഎന്‍എ പോലും ഈ ജീവികളെ വീണ്ടും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ തക്ക വിധത്തില്‍ ഗവേഷകര്‍ക്ക് ലഭ്യമായിട്ടുമുണ്ട്. ഡിഎന്‍എ മാത്രമല്ല ഈ ജീവികളുടെ നിഗൂഢമായ പല ജീവിത ശൈലികളും വിശദമായ പഠനത്തിലൂടെ ഇപ്പോള്‍ ഗവേഷകര്‍ മനസ്സിലാക്കി വരികയാണ്. 

മാമത്തുകളുടെ ജാതകം ഒളിപ്പിച്ച കൊമ്പുകള്‍

മാമത്തുകളുടെ ഓരോ സൂക്ഷ്മമായ വിശദാംശങ്ങളും അവയുടെ കൊമ്പുകളില്‍ ശേഖരിച്ച് വച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ട്ടിക് മേഖലയിലെ ഇവയുടെ സഞ്ചാരം മുതല്‍ അവയുടെ ഭക്ഷണ ശീലങ്ങളും അവയുടെ വിവിധ അവസ്ഥകളുമെല്ലാം ഈ കൊമ്പിന്റെ പഠനത്തിലൂടെ മനസ്സിലാക്കാനാകുമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ആര്‍ട്ടിക്കില്‍ നിന്ന് അലാസ്ക വരെ സഞ്ചരിച്ച മാമത്തിന്‍റെ ചരിത്രം ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. അന്ന് റഷ്യന്‍ അമേരിക്കന്‍ അതിര്‍ത്തികളെ ബന്ധിപ്പിച്ച ബരിന്‍ജിയ എന്ന മഞ്ഞു നിറഞ്ഞ മേഖലയിലൂടെയാണ് ഈ മാമത്ത് കടല്‍കടന്നത്. 

പ്രേറ്റോസീന്‍ എന്ന കാലഘട്ടത്തില്‍ ഏതാണ്ട് 17000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൈബീരിയന്‍ മേഖലയിലെ പുല്‍മേടുകളിലൂടെ വിഹരിച്ച് ഈ മാമത്ത് ദീര്‍ഘയാത്ര നടത്തിയത്. രണ്ട് തവണ ഈ രീതിയില്‍ യൂറോപ്പിന്‍റെ മുകളിലൂടെ ആര്‍ട്ടിക്കിന്‍റെ പടിഞ്ഞാറെ അറ്റം മുതല്‍ റഷ്യന്‍, അമേരിക്കന്‍ അതിര്‍ത്തി കടന്ന് അലാസ്ക വരെ ഈ മാമത്ത് സഞ്ചരിച്ചു എന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് തവണ ഭൂമിയെ ചുറ്റിയ മാമത്ത് എന്നാണ് ഈ മാമത്തിനെ ഗവേഷകര്‍ വിശേഷിപ്പിച്ചതും. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകാന്‍ തുടങ്ങിയ സമയത്താണ് ഈ മാമത്ത് തന്‍റെ സഞ്ചാരം നടത്തിയത്.

ഉലകം ചുറ്റിയ മാമത്ത്

An Ancient Woolly Mammoth Trekked So Far, It Could Have Circled The Globe Twice

ഈ മാമത്തിന്‍റെ 1.7 മീറ്റര്‍ നീളമുള്ള കൊമ്പില്‍ നിന്നാണ് സഞ്ചാര ചരിത്രം ഗവേഷകര്‍ വായിച്ചെടുത്തത്. മാമത്തുകളുടെ ജനനം മുതല്‍ മരണം വരെയുള്ള വിവരങ്ങള്‍ അവയുടെ കൊമ്പിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മരങ്ങളുടെ ചരിത്രം പഠിക്കാന്‍ ഉപയോഗിക്കുന്ന അവയ്ക്കുള്ളിലെ വളയങ്ങള്‍ക്ക് സമാനമായാണ് മാമത്തുകളുടെ കൊമ്പുകളിലും അവയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 28 വര്‍ഷം മാത്രം ജീവിച്ചിരുന്ന ഈ മാമത്ത് രണ്ട് വട്ടമാണ് ഈ രീതിയില്‍ ഭൂമിയിലെ വലം വച്ചത്. ഈ മാമത്തിനൊപ്പം ഒരു പക്ഷേ മറ്റ് മാമത്തുകളുടെ ഉള്‍പ്പെട്ടിരിക്കാമെന്നും കൂട്ടാമായിട്ടാകും ഇവ സഞ്ചരിച്ചതെന്നും ഗവേഷകര്‍ സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താനുള്ള തെളിവുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചിട്ടില്ല. 

ഇത്തരത്തില്‍ ഒരു ജീവിവര്‍ഗത്തിന്‍റെ ചരിത്രം പ്രകൃതി ഏതെങ്കിലും ഒരു ശരീര ഭാഗത്തില്‍ ഒളിപ്പിച്ചു വയ്ക്കുന്നത് അത്യപൂര്‍വ സംഭവമാണെന്ന് പാലിയന്‍റോളജിസ്റ്റായ മാത്യൂ വൂളര്‍ വിശദീകരിക്കുന്നു. മാത്യൂ വൂളറിന്‍റെയും മറ്റൊരു ഗവേഷകനായ ഡ്രക്കന്‍മില്ലറിന്‍റെയും നേതൃത്വത്തില്‍ മൂന്നരലക്ഷത്തോളം സ്ട്രോണ്‍ടിയം ഐസോടോപ്പുകളാണ് ഈ മാമത്തിന്‍റെ കൊമ്പുകളില്‍ നിന്ന് പഠനത്തിനായി ശേഖരിച്ചത്. മാമത്തുകളുടെ കൊമ്പുകള്‍ പിളര്‍ത്തിയാണ് ഈ ഐസോടോപ്പുകള്‍ ശേഖരിച്ചതും പഠനത്തിന് വിധേമാക്കിയതും. സ്ട്രോണ്‍ടിയം ഐസോടോപ്പുകളും, ഇവയുടെ തന്നെ കൊമ്പുകളില്‍ നിന്ന് ശേഖരിച്ച ഓക്സിജന്‍ ഐസോടോപ്പുകളും തമ്മില്‍ താരതമ്യ പഠനം നടത്തിയാണ് ഈ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുന്നത്.

മാമത്തിന്‍റെ കൊമ്പിന്‍റെ ഏറ്റവും അഗ്രഭാഗത്തുള്ള 10 സെന്‍റിമീറ്റർ ജീവിയുടെ ആദ്യ രണ്ട് വയസ്സ് വരെയുള്ള കഥ പറയുന്നു. ഇതില്‍ കാര്യമായ സഞ്ചാരം നടന്നതായി കാണുന്നില്ല. തെളിവുകള്‍ പ്രകാരം അലാസ്കയിലെ യകൂന്‍ നദീമേഖലയിലാണ് ഈ മാമത്ത് കുട്ടിക്കാലം ചെലവിട്ടത്. പിന്നിടുള്ള 70 സെന്‍റിമീറ്റര്‍ ഭാഗത്ത് നിന്ന് മാമത്തിന്‍റെ 16 വയസ്സ് വരെയുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഈ കാലഘട്ടത്തില്‍ കൊമ്പിലെ ഐസോടോപ്പുകളില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉള്ളതിനാൽ ഈ പ്രായത്തില്‍ മാമത്ത് വിവിധ ഇടങ്ങളില്‍ സഞ്ചരിച്ചുവെന്ന് വ്യക്തമാണ്. അലാസ്ക മുതല്‍ യൂറോപ്പ് വരെയും, തിരിച്ചും ഈ മാമത്ത് നടത്തിയ സഞ്ചാരങ്ങള്‍ ഈ സമയത്തായിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

അലാസ്കയിലെ തന്നെ ഒരു ചെറിയ പ്രദേശത്താണ് മാമത്ത് അവസാന സമയം ചിലവഴിച്ചത്. ഇവിടെ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ പട്ടിണി മൂലമാണ് ഈ  മാമത്തിന് ജീവൻ നഷ്ടമായതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. 17000 വര്‍ഷങ്ങളാണ് ഗവേഷകര്‍ കണ്ടെത്തും വരെ ഈ മാമത്തിന്‍റെ അവശിഷ്ടങ്ങള്‍ കാര്യമായ കേടുപാടുകളില്ലാതെ മഞ്ഞില്‍ പുതഞ്ഞ് കിടന്നത്. 

EEnglish Summary: An Ancient Woolly Mammoth Trekked So Far, It Could Have Circled The Globe Twice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA